Top

'ഖത്തറില്‍ ഞാനുണ്ടാകും, അടുത്ത യൂറോയിലും കളിക്കണം'; ക്രിസ്റ്റിയാനോ റൊണാള്‍ഡോ

പോര്‍ച്ചുഗീസ് ഫുട്‌ബോള്‍ ഫെഡറേഷന്‍ സംഘടിപ്പിച്ച പുരസ്‌കാര വേദിയില്‍ വെച്ചാണ് സിആര്‍ സെവണിന്റെ പ്രതികരണം

21 Sep 2022 2:21 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ഖത്തറില്‍ ഞാനുണ്ടാകും, അടുത്ത യൂറോയിലും കളിക്കണം; ക്രിസ്റ്റിയാനോ റൊണാള്‍ഡോ
X

2024 യൂറോകപ്പിലും കളിക്കാന്‍ ആഗ്രഹമുണ്ടെന്ന് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. ഖത്തര്‍ ലോകകപ്പില്‍ താന്‍ ഉറപ്പായും ഉണ്ടാകുമെന്ന് 37കാരനായ സൂപ്പര്‍ സ്‌ട്രൈക്കര്‍ പറഞ്ഞു. ഈ ലോകകപ്പിന് ശേഷം പോര്‍ച്ചുഗീസ് നായകന്‍ വിരമിക്കുമെന്ന അഭ്യൂഹങ്ങള്‍ക്കാണ് ഇതോടെ വിരാമമായത്. 'എന്റെ യാത്ര അവസാനിച്ചിട്ടില്ല. എനിക്ക് ലോകകപ്പിന്റെയും യൂറോ കപ്പിന്റെയും ഭാഗമാകണം. ഞാന്‍ ഏറെ പ്രചോദിതനാണ് ഇപ്പോഴും,' പോര്‍ച്ചുഗീസ് ഫുട്‌ബോള്‍ ഫെഡറേഷന്‍ സംഘടിപ്പിച്ച പുരസ്‌കാര വേദിയില്‍ വെച്ചാണ് സിആര്‍ സെവണിന്റെ പ്രതികരണം.

മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ആദ്യ ഇലവനില്‍ റൊണാള്‍ഡോ ഇടം നേടുന്നത് കുറവാണ്. കരിയറില്‍ ആദ്യമായി യൂറോപ്പ ലീഗ് കളിക്കേണ്ടി വന്നതിന്റെ നീരസം റോണോ പരോക്ഷമായി പ്രകടിപ്പിക്കുന്നുമുണ്ട്. അഞ്ച് തവണ ബാലന്‍ഡിയോര്‍ ജേതാവായ താരം ഈ ലോകകപ്പിലൂടെ ശക്തമായ തിരിച്ചുവരവാണ് ലക്ഷ്യമിടുന്നത്. ഇതിനിടെ അന്താരാഷ്ട്ര ടീമില്‍ സ്ഥിരം സാന്നിധ്യമാകാന്‍ റോണോക്ക് സാധിക്കുമോയെന്ന ചോദ്യം ഉയര്‍ന്നിരുന്നു. ഇതിന് ഉദാഹരണമായി ആരാധകര്‍ ചൂണ്ടിക്കാട്ടുന്നത് ഈ വര്‍ഷം ജൂണില്‍ നടന്ന സ്‌പെയ്ന്‍ പോര്‍ച്ചുഗല്‍ മത്സത്തിലെ ആദ്യ ഇലവനാണ്. മത്സരത്തില്‍ പകരക്കാരനായാണ് റോണോ കളത്തിലിറങ്ങിയത്.

'അത് മത്സരത്തിനായുളള സാങ്കേതികവും തന്ത്രപരവുമായുളള നീക്കമായിരുന്നു. അതു തന്നെയാണ് മത്സരത്തിന് ഏറ്റവും അനുയോജ്യമെന്ന് എനിക്ക് തോന്നി. റൊണാള്‍ഡോയുടെ മികവുമായി ഇതിന് ബന്ധമില്ല,' പോര്‍ച്ചുഗീസ് പരിശീലകന്‍ സാന്റോസ് വ്യക്തമാക്കി.

സാന്റോസുമായി അടുത്ത് ബന്ധം പുലര്‍ത്തുന്ന റോണോ, ടീമില്‍ തഴയപ്പെടില്ലെന്ന പ്രതീക്ഷയിലാണ് ആരാധകര്‍. ക്രിസ്റ്റിയാനോയ്ക്ക് ജോവോ ഫിലിക്‌സ്, ആന്ദ്രേ സില്‍വ തുടങ്ങിയ സാധ്യതകളും സാന്റോസിന് മുന്നിലുണ്ട്. പോര്‍ച്ചുഗലിനായി 189 മത്സരങ്ങള്‍ കളിച്ച താരം 117 ഗോള്‍ നേടിയിട്ടുണ്ട്. ഖത്തറിലൂടെ തന്റെ പത്താം മേജര്‍ ടൂര്‍ണമെന്റാണ് റോണോ ലക്ഷ്യമിടുന്നത്. മാഞ്ചസ്റ്റര്‍ യുണൈറ്റഡില്‍ തുടരുന്ന താരം മറ്റ് ക്ലബ്ബുകളിലേക്ക് കൂടുമാറാന്‍ ശ്രമിച്ചിരുന്നു. എന്നാല്‍ അവസരം ലഭിക്കാത്തതിനെ തുടര്‍ന്ന് യുണൈറ്റഡില്‍ തന്നെ തുടരുകയായിരുന്നു. തിരിച്ചുവരവില്‍ യുണൈറ്റഡിനായി 36 മത്സരങ്ങളില്‍ ബൂട്ടണിഞ്ഞ താരം 18 ഗോളും സ്വന്തമാക്കി.

STORY HIGHLIGHTS: Cristiano Ronaldo wants To Play Till Euro 2024

Next Story