Top

സമാധാന ചര്‍ച്ചകള്‍ക്ക് മുന്‍കൈയെടുത്തു; ചെല്‍സി ടീമുടമയെ റഷ്യ വിഷബാധയേല്‍പ്പിച്ചു

കണ്ണുകള്‍ ചുവന്നു തടിക്കുകയും മുഖത്തെയും കൈയിലേയും തൊലി അടര്‍ന്നു പോരുകയും ചെയ്തതോടെയാണ് രാസപ്രവര്‍ത്തനം നടന്നുവെന്നും വിഷബാധയേറ്റുവെന്നും മനസിലായത്.

29 March 2022 12:17 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

സമാധാന ചര്‍ച്ചകള്‍ക്ക് മുന്‍കൈയെടുത്തു; ചെല്‍സി ടീമുടമയെ റഷ്യ വിഷബാധയേല്‍പ്പിച്ചു
X

റഷ്യ-യുക്രെയ്ന്‍ സംഘര്‍ഷങ്ങള്‍ക്ക് അയവുവരുത്താന്‍ സമാധാന ചര്‍ച്ചകള്‍ക്കു മുന്‍കൈയെടുത്ത റഷ്യന്‍ ബിസിനസ് പ്രമുഖനും ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ഫുട്‌ബോള്‍ ടീം ചെല്‍സിയുടെ ഉടമയുമായ റോമന്‍ അബ്രമോവിച്ചിനെ വിഷബാധയേല്‍പ്പിച്ചു കൊലപ്പെടുത്താന്‍ ശ്രമമെന്ന് ആരോപണം.

സമാധാന ചര്‍ച്ചകള്‍ മുടക്കാന്‍ റഷ്യന്‍ രഹസ്യാന്വേഷണ വിഭാഗമാണ് അബ്രമോവിച്ചിനെ അപായപ്പെടുത്താന്‍ ശ്രമിച്ചതെന്ന് അമേരിക്കന്‍ മാധ്യമമായ വാള്‍സ്ട്രീറ്റ് ജേര്‍ണല്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. മാര്‍ച്ച് മൂന്നിനായിരുന്നു അബ്രമോവിച്ചിന്റെയും മറ്റു ചില സമാധാനകാംക്ഷികളുടെയും നേതൃത്വത്തില്‍ സമാധാന ചര്‍ച്ചകള്‍ നടന്നത്.

ചര്‍ച്ചയ്ക്കിടെ രാസായുധങ്ങള്‍ വഴിയാണ് അബ്രമോവിച്ചിന് വിഷബാധയേറ്റതെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. രാത്രി 10 മണി വരെ നീണ്ട ചര്‍ച്ചകള്‍ക്കു ശേഷം അബ്രമോവിച്ചും ചര്‍ച്ചയില്‍ പങ്കെടുത്ത മറ്റു രണ്ടുപേരും തങ്ങളുടെ ഹോട്ടല്‍ മുറികളിലേക്കു മടങ്ങിയിരുന്നു.

പിന്നീട് രാത്രിയോടെ കണ്ണുകള്‍ ചുവന്നു തടിക്കുകയും മുഖത്തെയും കൈയിലേയും തൊലി അടര്‍ന്നു പോരുകയും ചെയ്തതോടെയാണ് രാസപ്രവര്‍ത്തനം നടന്നുവെന്നും വിഷബാധയേറ്റുവെന്നും മനസിലായത്. ഉടന്‍ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതിനേത്തുടര്‍ന്നാണ് അദ്ദേഹത്തിന്റെ ജീവന്‍ രക്ഷിക്കാനായതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിന്റെ അടുത്ത അനുയായിയായാണ് അബ്രമോവിച്ച് അറിയപ്പെട്ടിരുന്നത്. റഷ്യ യുദ്ധം ആരംഭിച്ചതിനു പിന്നാലെ അബ്രമോവിച്ചിനു നേരെ ബ്രിട്ടന്‍ അടക്കമുള്ള രാജ്യങ്ങള്‍ പല നടപടികളും സ്വീകരിച്ചിരുന്നു. സ്വത്തുക്കളും ബാങ്ക് അക്കൗണ്ടുകളും മരവിപ്പിക്കുകയും ചെയ്തിരുന്നു. ഇതോടെ റഷ്യന്‍ അധിനിവേശത്തെ തള്ളിപ്പറയേണ്ടി വന്നതാണ് അബ്രമോവിച്ച് പൊടുന്നനെ റഷ്യന്‍ സര്‍ക്കാരിന്റെ കണ്ണിലെ കരടാകാന്‍ കാരണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

Next Story