Top

ഫട്ടോര്‍ഡയില്‍ ഇന്നു മലയാളിപ്പോര്; സൂപ്പര്‍ ലീഗില്‍ ആദ്യ ജയം തേടി ബ്ലാസ്‌റ്റേഴ്‌സ്

ആദ്യ മത്സരത്തിലെ കനത്ത തോല്‍വിക്കു പുറമേ സൂപ്പര്‍ താരം കെ.പി. രാഹുലിനു പരുക്കേറ്റതിന്റെയും നിരാശയിലാണ് ബ്ലാസ്‌റ്റേഴ്‌സ് ഇന്നിറങ്ങുക.

25 Nov 2021 11:05 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ഫട്ടോര്‍ഡയില്‍ ഇന്നു മലയാളിപ്പോര്; സൂപ്പര്‍ ലീഗില്‍ ആദ്യ ജയം തേടി ബ്ലാസ്‌റ്റേഴ്‌സ്
X

ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ഇന്നു ഫട്ടോര്‍ഡയില്‍ 'മലയാളി' ടീമുകളുടെ പോരാട്ടം. ഉദ്ഘാടന മത്സരത്തിലെ തോല്‍വിക്കു ശേഷം ആദ്യ ജയം തേടി കേരളത്തിന്റെ സ്വന്തം കേരളാ ബ്ലാസ്‌റ്റേഴ്‌സ് ഇറങ്ങുമ്പോള്‍ എതിരാളികളായി എത്തുന്നത് മലയാളി താരങ്ങളാല്‍ സമ്പന്നരായ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ്.

ഇരുടീമുകളും തങ്ങളുടെ ആദ്യ മത്സരത്തില്‍ രണ്ടിനെതിരേ നാലു ഗോള്‍ എന്ന മാര്‍ജിനില്‍ തോറ്റിരുന്നു. ബ്ലാസ്‌റ്റേഴ്‌സ് ഉദ്ഘാടന മത്സരത്തില്‍ എ.ടി.കെ. മോഹന്‍ ബഗാനോടാണ് തോല്‍വി സമ്മതിച്ചതെങ്കില്‍ ബംഗളുരു എഫ്.സിയാണ് നോര്‍ത്ത് ഈസ്റ്റിനെ കെട്ടുകെട്ടിച്ചത്.

ആദ്യ മത്സരത്തിലെ കനത്ത തോല്‍വിക്കു പുറമേ സൂപ്പര്‍ താരം കെ.പി. രാഹുലിനു പരുക്കേറ്റതിന്റെയും നിരാശയിലാണ് ബ്ലാസ്‌റ്റേഴ്‌സ് ഇന്നിറങ്ങുക. പരുക്ക് ഗുരുതരമാണെന്നതിനാല്‍ ചുരുങ്ങിയത് ഒരു മാസത്തേക്ക് ബ്ലാസ്‌റ്റേഴ്‌സിന് രാഹുലിന്റെ സേവനം ലഭ്യമാകില്ല.

രാഹുല്‍ ഒഴികെ ടീമിലെ മറ്റെല്ലാ താരങ്ങളും ഇന്നത്തെ മത്സരത്തിന് തയാറായിക്കഴിഞ്ഞെന്ന് കോച്ച് കിബു വികുന പറഞ്ഞു. മത്സരത്തില്‍ ഇന്നും രണ്ടു വിദേശതാരങ്ങളെ ആക്രമണ ചുമതലയേല്‍പ്പിച്ചു 4-4-2 ഫോര്‍മേഷനില്‍ ആകും ബ്ലാസ്റ്റേഴ്സ് ഇറങ്ങുക. അര്‍ജന്റീന താരം യോര്‍ഗെ പെരയ്‌രയും സ്പാനിഷ് താരം അല്‍വാരോ വാസ്‌ക്വസും തന്നെ ആക്രമണം നയിക്കും.

മധ്യനിരയില്‍ മലയാളി താരം സഹല്‍ അബ്ദുള്‍ സമദിനൊപ്പം യുവതാരം ജീക്‌സണ്‍ സിങ് യുറഗ്വായ് താരം അഡ്രിയന്‍ ലുണയും ഇറങ്ങും. രാഹുലിനു പകരം കെ. പ്രശാന്ത് ആദ്യ ഇലവനില്‍ എത്തിയേക്കും. ഭൂട്ടാന്‍ താരം ചെഞ്ചോ മുന്നേറ്റത്തില്‍ പകരക്കാരനാകും. അവശേഷിക്കുന്ന വിദേശക്വാട്ടയില്‍ പ്രതിരോധനിരക്കാരന്‍ മാര്‍ക്കോ ലെസ്‌കോവിച്ച് തന്നെ തുടരും. ജെസല്‍ കാര്‍നെയ്റോയാണ് ടീമിനെ നയിക്കുന്നത്.

മറുവശത്ത് നോര്‍ത്ത് ഈസ്റ്റ് ടീമിലെ ആറു മലയാളി താരങ്ങളില്‍ വി.പി. സുഹൈര്‍, ജസ്റ്റിന്‍ ജോര്‍ജ്, മഷൂര്‍ ഷെരീഫ് എന്നിവര്‍ക്ക് കഴിഞ്ഞ മത്സരത്തില്‍ അവസരം ലഭിച്ചിരുന്നു. ഇവര്‍ ഇന്നും ആദ്യ ഇലവനില്‍ തുടരും. ഇരുടീമുകളുടെയും നേര്‍ക്കുനേര്‍ ചരിത്രം പരിശോധിച്ചാല്‍ ബ്ലാസ്‌റ്റേഴ്‌സിന് നേരിയ മുന്‍തൂക്കമുണ്ട്.

ഇതുവരെ 14 മത്സരങ്ങളിലാണ് ഇവര്‍ ഏറ്റുമുട്ടിയത്. അതില്‍ അഞ്ചെണ്ണം ബ്ലാസ്‌റ്റേഴ്‌സ് ജയിച്ചപ്പോള്‍ നാലെണ്ണം നോര്‍ത്ത് ഈസ്റ്റ് സ്വന്തമാക്കി. അഞചു മത്സരങ്ങള്‍ സമനിലയില്‍ കലാശിച്ചു. ബ്ലാസ്‌റ്റേഴസ് 14 ഗോളുകള്‍ നേടിയപ്പോള്‍ 11 തവണ നോര്‍ത്ത് ഈസ്റ്റ വലകുലുക്കി. കഴിഞ്ഞ സീസണിലെ രണ്ടു മത്സരങ്ങളില്‍ നിന്ന് സമനിലയില്‍ പിരിഞ്ഞപ്പോള്‍ രണ്ടാം മത്സരത്തില്‍ രണ്ടു ഗോളുകള്‍ക്ക് നോര്‍ത്ത് ഈസ്റ്റ് ബ്ലാസ്‌റ്റേഴ്‌സിനെ തോല്‍പിച്ചിരുന്നു.

Next Story

Popular Stories