Top

ഫിഫ കനിയുമോ? പുറത്തുപോയെങ്കിലും ഇറ്റലി ഇപ്പോഴും ലോകകപ്പ് പ്രതീക്ഷയില്‍

ഇക്വഡോറിനെതിരായ ചിലിയുടെ പരാതിയിലാണ് അസൂറികളുടെ പ്രതീക്ഷ.

24 May 2022 7:13 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ഫിഫ കനിയുമോ? പുറത്തുപോയെങ്കിലും ഇറ്റലി ഇപ്പോഴും ലോകകപ്പ് പ്രതീക്ഷയില്‍
X

ഇത്തവണ ലോകകപ്പ് ഫുട്‌ബോള്‍ നേടാന്‍ സാധ്യതയുണ്ടായിരുന്ന ഇറ്റലി യോഗ്യത പോലും നേടാതെ പുറത്തു പോയത് ഞെട്ടലോടെയാണ് ഫുട്‌ബോള്‍ ലോകം കണ്ടുനിന്നത്. ഇത്തവണത്തെ യൂറോ കപ്പ് ജേതാക്കളായ ഇറ്റലി തുടര്‍ച്ചയായി രണ്ടാം തവണയാണ് ലോകകപ്പില്‍ ബൂട്ടുകെട്ടാനാകാത കാഴ്ച്ചക്കാരാകുന്നത്. നോര്‍ത്ത് മസിഡോണിയോട് അപ്രതീക്ഷിതമായി തോറ്റതാണ് നീലപ്പടയുടെ ലോകകപ്പ് സ്വപ്‌നങ്ങളെ തകര്‍ത്തത്.

എന്നാല്‍ റോബര്‍ട്ടോ മാഞ്ചീനിയും സംഘവും ഇപ്പോഴും ഖത്തര്‍ ലോകകപ്പില്‍ പ്രതീക്ഷ വെച്ചു പുലര്‍ത്തുന്നുവെന്നാണ് ഇറ്റലിയന്‍ അധികൃതര്‍ നല്‍കുന്ന സൂചന. ലാറ്റിനമേരിക്കന്‍ ടീമായ ഇക്വഡോറിനെതിരായ ചിലിയുടെ പരാതിയിലാണ് അസൂറികളുടെ പ്രതീക്ഷ.

ഇക്വഡോര്‍ താരമായ ബൈറോന്‍ കാസ്റ്റില്ലോക്കെതിരെയാണ് ചിലി ഫിഫക്ക് പരാതി നല്‍കിയിരിക്കുന്നത്. ബൈറോന്‍ കൊളമ്പിയക്കാരനാണെന്നാണ് ചിലിയുടെ ആരോപണം. ആരോപണം തെളിയിക്കുന്നതിന് നിരവധി രേഖകളും ചിലി ഹാജരാക്കിയിട്ടുണ്ട്. ഇക്വഡോറിനെ അയോഗ്യരാക്കിയശേഷം തങ്ങളെ ലോകകപ്പിന് പരിഗണിക്കണമെന്നാണ് ചിലിയുടെ അപേക്ഷ. ലാറ്റിനമേരിക്കയില്‍ നിന്ന് അഞ്ച് മത്സരങ്ങള്‍ മാത്രം വിജയിച്ച ചിലി 19 പോയിന്റുമായി ഏഴാം സ്ഥാനത്താണ്. ആദ്യ നാല് ടീമുകള്‍ക്കാണ് ലാറ്റിനമേരിക്കയില്‍ നിന്ന് നേരിട്ട് യോഗ്യത.

അതേസമയം ഇക്വഡോറിനെ അയോഗ്യരാക്കുകയാണെങ്കില്‍ രണ്ട് സാധ്യതയാണുള്ളതെന്ന് വിദഗ്ദര്‍ ചൂണ്ടിക്കാട്ടുന്നത്. ചിലിയുടെ ആരോപണങ്ങള്‍ തെളിയിക്കപ്പെട്ടാല്‍ ബൈറോന്‍ കളിച്ച മത്സരങ്ങളുടെ പോയിന്റ് ഇക്വഡോറില്‍ നിന്ന് എടുത്തുകളഞ്ഞ് അവരെ അയോഗ്യരാക്കും. അപ്പോള്‍ ലാറ്റിനമേരിക്കയില്‍ നിന്നുള്ള ചിലിയുള്‍പ്പെടെയുള്ള ടീമുകള്‍ക്ക് കൂടുതല്‍ പോയിന്റുകള്‍ ലഭിക്കും.

അതേസമയം ഇക്വഡോറിനെ അയോഗ്യരാക്കിയാല്‍ ഫിഫക്ക് ആ സ്ഥാനത്തേക്ക് മറ്റൊരു രാജ്യത്തിന് അവസരം കൊടുക്കാന്‍ കഴിയുമെന്നാണ് രണ്ടാമത്തെ സാധ്യത. അങ്ങനെയൊരു സാധ്യതക്കാണ് ഫിഫ മുന്‍ഗണന നല്‍കുന്നതെങ്കില്‍ ഇറ്റലിക്ക് ലോകകപ്പ് കളിക്കാനാകും. യോഗ്യത നേടാത്ത രാജ്യങ്ങളില്‍ ഏറ്റവും ഉയര്‍ന്ന റാങ്കിങ്ങാണ് രണ്ടാമത്തെ സാധ്യതയുടെ മാനദണ്ഡം.

ഫിഫയുടെ നിയമങ്ങള്‍ക്കകത്ത് നിന്ന് തങ്ങള്‍ക്കനുകൂലമായ തീരുമാനമുണ്ടാകുമെന്നാണ് അസൂറികളുടെയും ചിലിയുടേയും പ്രതീക്ഷ.

STORY HIGHLIGHTS : Can Italy still qualify for the World Cup?

Next Story