ഖത്തര്‍ ലോകകപ്പിന്റെ ഔദ്യോഗിക സ്പോണ്‍സറായി 'ബൈജൂസ്'
രാജ്യാന്തര തലത്തില്‍ ഫിഫ ലോകകപ്പിന്റെ സ്പോണ്‍സറാകുന്ന ആദ്യ എഡ്ടെക് ബ്രാന്‍ഡാണ് ബൈജൂസ്
24 March 2022 1:45 PM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

രാജ്യാന്തര ക്രിക്കറ്റിനു പുറമേ രാജ്യാന്തര ഫുട്ബോള്‍ വേദിയിലും മലയാളി സാന്നിദ്ധ്യമാകാന്‍ ബൈജു രവീന്ദ്രന്റെ ലേണിങ് ആപ്ലിക്കേഷനായ 'ബൈജൂസ്'. ഖത്തറില്‍ ഈ വര്‍ഷം നവംബറില്‍ നടക്കുന്ന ഫിഫ ലോകകപ്പിന്റെ ഔദ്യോഗിക സ്പോണ്‍സര്‍മാരായ ബൈജൂസ് ആപ്പിനെ പ്രഖ്യപിച്ചു. ഇന്ത്യയില്‍ നിന്ന് ഈ നേട്ടം കൈവരിക്കുന്ന ആദ്യ കമ്പനിയാണ് ബൈജൂസ്.
കൂടാതെ രാജ്യാന്തര തലത്തില്‍ ഫിഫ ലോകകപ്പിന്റെ സ്പോണ്‍സറാകുന്ന ആദ്യ എഡ്ടെക് ബ്രാന്‍ഡെന്ന നേട്ടവും ബൈജൂസിനു സ്വന്തമായി. കായികരംഗത്ത് ഇതാദ്യ ചുവടുവയ്പല്ല ബൈജൂസിന്റേത്. നിലവില്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ സ്പോണ്‍സര്‍ഷിപ്പ് അവകാശം ബൈജൂസിനാണ്. കഴിഞ്ഞ ദിവസം സമാപിച്ച ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ (ഐഎസ്എല്‍) കേരള ബ്ലാസ്റ്റേഴ്സ് ടീമിന്റെ ഔദ്യോഗിക സ്പോണ്‍സറും ബൈജൂസായിരുന്നു.
ബംഗളൂരു കോര്‍പ്പറേറ്റ് ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ബൈജൂസിന് 21 രാജ്യങ്ങളില്‍ ഓഫീസുകളുണ്ട്. 120 രാജ്യങ്ങളില്‍ ബൈജൂസ് പാഠ്യ പദ്ധതികള്‍ നിലവില്‍ ലഭ്യമാണ്. പഠനത്തില്‍ ജിജ്ഞാസ ഉണര്‍ത്താനും സ്വയം പഠിതാക്കളെ സൃഷ്ടിക്കാനും മികച്ച പഠന ഫലങ്ങളുമാണ് ബൈജൂസ് ലക്ഷ്യമിടുന്നത്.
പഠനാനുഭവങ്ങളിലെ അത്യാധുനിക പുതുമകള്‍ക്കൊപ്പം ഡിജിറ്റല്‍, ഫിസിക്കല്‍ ലേണിംഗിന്റെ അതുല്യമായ മിശ്രിതത്തിലൂടെ വിദ്യാര്‍ത്ഥികള്‍ പഠിക്കുകയും അധ്യാപകര്‍ പഠിപ്പിക്കുകയും ചെയ്യുന്ന പതിവ് രീതിയാണ് ബൈജൂസ് മാറ്റിയെഴുതിയത്. 2025ഓടെ സ്വന്തം രാജ്യത്ത് മാത്രം ഇത്തരം 10 ദശലക്ഷം വിദ്യാര്‍ത്ഥികളെ മികച്ച വിദ്യാഭ്യാസത്തിലൂടെ സമൂഹത്തിന്റെ മുഖ്യധാരയിലെത്തിക്കാനും ബൈജൂസ് ലക്ഷ്യമിടുന്നു.