നാലു പതിറ്റാണ്ടിനു ശേഷം ഓള്‍ഡ്ട്രാഫോര്‍ഡ് കീഴടക്കി വോള്‍വ്സ്; നാണംകെട്ട് ക്രിസ്റ്റ്യാനോയും സംഘവും
എതിരില്ലാത്ത ഒരു ഗോളിനാണ് വോള്‍വ്സ് യുണൈറ്റഡിനെ തോല്‍പ്പിച്ചത്.
4 Jan 2022 6:00 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ കഷ്ടകാലം തുടരുകയാണ്. ഇന്നലെ സ്വന്തം തട്ടകത്തില്‍ 40 വര്‍ഷത്തിനു ശേഷം ആദ്യമായി വോള്വ്സിനോടു തോറ്റ് അവര്‍ നാണക്കേടിന്റെ പടുകുഴിയിലേക്കു വീണു. എതിരില്ലാത്ത ഒരു ഗോളിനാണ് വോള്‍വ്സ് യുണൈറ്റഡിനെ തോല്‍പ്പിച്ചത്.
മത്സരത്തില്‍ യുണൈറ്റഡ് ദയനീയമായാണ് തുടങ്ങിയത്. ആദ്യ പകുതി മുതലേ വോള്‍വ്സ് ആധിപത്യം സ്ഥാപിച്ചിരുന്നു. നിരവധി അവസരങ്ങള്‍ അവര്‍ ആദ്യ പകുതിയില്‍ സൃഷ്ടിച്ചെങ്കിലും ഫിനിഷിങ്ങിലെ പോരായ്മകളും യുണൈറ്റഡ് ഗോള്‍കീപ്പര്‍ ഡേവിഡ് ഡിഗിയയുടെ മികച്ച സേവുകളും തിരിച്ചടിയായി. റുബെന്‍ നെവസിന്റെ ഒരു വോളി ഉള്‍പ്പെടെ രണ്ട് മികച്ച സേവുകള്‍ ഡിഹിയ ആദ്യ പകുതിയില്‍ നടത്തി.
രണ്ടാം പകുതിയില്‍ ബ്രൂണോ ഫെര്‍ണാണ്ടസിനെ റാള്‍ഫ് റാങ്നിക്ക് കളത്തില്‍ എത്തിച്ചതോടെയാണ് യുണൈറ്റഡിന് അല്പമെങ്കിലും ജീവന് വച്ചത്. ബ്രൂണോയുടെ ഒരു ഷോട്ട് പോസ്റ്റില്‍ തട്ടി മടങ്ങി. പിന്നാലെ റൊണാള്‍ഡോ ഹെഡ് ചെയ്ത് ഗോള്‍ നേടി എങ്കിലും ലൈന്‍ റഫറി ഓഫ് സൈഡ് വിളിച്ചു. മറുവശത്ത് 75-ാം മിനുട്ടില്‍ സൈസിന്റെ ഫ്രീകിക്കും പോസ്റ്റില്‍ തട്ടി മടങ്ങി.
മത്സരത്തിന്റെ 82-ാം മിനിറ്റിലാണ് വോള്‍വ്സിന്റെ വിജയഗോള്‍ പിറന്നത്. പെനാല്‍റ്റി ബോക്സിന്റെ എഡ്ജില്‍ നിന്നുള്ള മൗട്ടീനോയുടെ ഷോട്ട് ആണ് വോള്‍വ്സിന് ലീഡ് നല്‍കിയത്. ഈ ഗോളിന് മറുപടി നല്കാന് യുണൈറ്റഡിനായില്ല. വോള്‍വ്സിനെ ഒന്ന് ഭയപ്പെടുത്താന്‍ പോലും ആവാതെ യുണൈറ്റഡ് പരാജയം സമ്മതിച്ചു. വസാന നിമിഷത്തിലെ ബ്രൂണോ ഫ്രീകിക്ക് ജോ സാ തടഞ്ഞതോടെ യുണൈറ്റഡ് പരാജയം പൂര്‍ത്തിയായി.
തോല്‍വിയോടെ യുണൈറ്റഡിന്റെ ചാമ്പ്യന്‍സ് ലീഗ് പ്രതീക്ഷകള്‍ക്കും തിരിച്ചടിയേറ്റു. 31 പോയിന്റുമായി ഏഴാം സ്ഥാനത്താണ് മാഞ്ചസ്റ്റര്‍ ഉള്ളത്. വോള്‍വ്സ് യുണൈറ്റഡിന് തൊട്ടു പിറകില്‍ എട്ടാം സ്ഥാനത്ത് ഉണ്ട്.