പുതിയ ഫിഫാ റാങ്കിങ് പ്രഖ്യാപിച്ചു; ലോകകപ്പ് നറുക്കെടുപ്പില്‍ ബ്രസീലും അര്‍ജന്റീനയും ഒരേ പോട്ടില്‍
ആതിഥേയരായ ഖത്തറും ഫിഫാ റാങ്കിങ്ങിലെ ആദ്യ ഏഴു സ്ഥാനക്കാരുമാണ് ആദ്യ പോട്ടില്‍ ഇടംപിടിക്കുക. എട്ടു ടീമുകളെ ഉള്‍പ്പെടുത്തി നാലു പോട്ടുകളാണുള്ളത്.
31 March 2022 11:48 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

ഈ വര്‍ഷാവസാനം ഖത്തറില്‍ നടക്കുന്ന ലോകകപ്പ് ഫുട്ബോള്‍ മാമാങ്കത്തിനു പന്തുരുളും മുമ്പേ ഭാഗ്യപരീക്ഷണത്തിന്റെ കളിയായ ഗ്രൂപ്പ് റൗണ്ട് നറുക്കെടുപ്പിന് നാളെ ഖത്തര്‍ വേദിയാകും. ഇതിനു മുന്നോടിയായി ഇന്ന് പുതുക്കിയ ഫിഫാ റാങ്കിങ് പ്രഖ്യാപിച്ചു. പുതിയ റാങ്കിങ്ങില്‍ ബ്രസീലാണ് ഒന്നാം സ്ഥാനത്ത്.
ബെല്‍ജിയം രണ്ടാം സ്ഥാനത്തും ഫ്രാന്‍സ് മൂന്നാമതും എത്തിയപ്പോള്‍ അര്‍ജന്റീനയും ഇംഗ്ലണ്ടുമാണ് യഥാക്രമം നാലും അഞ്ചും സ്ഥാനങ്ങളില്‍. ഇറ്റലി, സ്പെയിന്, പോര്‍ച്ചുഗല്‍, മെക്സിക്കോ, ഹോളണ്ട് എന്നിവരാണ് ആറു മുതല്‍ പത്തു വരെയുള്ള റാങ്കിങ്ങില്‍ ഇടംപിടിച്ചത്.
ഇതോടെ നാളെ ഖത്തറില്‍ നടക്കുന്ന ലോകകപ്പ് ഗ്രൂപ്പ് നറുക്കെടുപ്പില്‍ ബ്രസീലും അര്‍ജന്റീനയും ഒരേ പോട്ടിലെത്തി. ആതിഥേയരായ ഖത്തറും ഫിഫാ റാങ്കിങ്ങിലെ ആദ്യ ഏഴു സ്ഥാനക്കാരുമാണ് ആദ്യ പോട്ടില്‍ ഇടംപിടിക്കുക. എട്ടു ടീമുകളെ ഉള്‍പ്പെടുത്തി നാലു പോട്ടുകളാണുള്ളത്.
എട്ടാം റാങ്ക് മുതല്‍ 15-ാം റാങ്ക് വരെയുള്ള ടീമുകള്‍ പോട്ട് രണ്ടിലും, 16 മുതല്‍ 23 വരെയുള്ള ടീമുകള്‍ പോട്ട് മൂന്നിലും ഇടംപിടിക്കും. നാലാം പോട്ടില്‍ 24-ാം റാങ്ക് മുതല്‍ 28-ാം റാങ്കുകര് വരെയും പ്ലേ ഓഫ് വഴിയുള്ള മൂന്നു ടീമുകളുമാകും ഉണ്ടാകുക. ഓരോ പോട്ടിലെയും നറുക്കെടുപ്പ് പൂര്‍ത്തിയാക്കിയ ശേഷമാകും അടുത്തതിലേക്കു നീങ്ങുക.
തുല്യ ശക്തികള്‍ ഗ്രൂപ്പ് ഘട്ടത്തില്‍ തന്നെ ഏറ്റുമുട്ടുന്നത് ഒഴിവാക്കാനാണ് ഈ രീതി. കൂടാതെ യൂറോപ്പ് ഒഴികെ മറ്റൊരു കോണ്‍ഫെഡറേഷനിലെയും ഒന്നിലേറെ ടീമുകള്‍ ഒരേ ഗ്രൂപ്പില്‍ വരുന്നതും ഒഴിവാക്കാനാകും. അതേസമയം യൂറോപ്പില്‍ നിന്ന് 13 ടീമുകള്‍ യോഗ്യത നേടി എത്തുമെന്നതിനാല്‍ ലോകകപ്പ് ഗ്രൂപ്പ് ഘട്ടത്തില്‍ അഞ്ചു ഗ്രൂപ്പുകളില്‍ രണ്ട് യൂറോപ്യന്‍ ടീം വീതം ഉണ്ടാകും.