കാക്കിക്കുള്ളിലെ 'കാർലോസ്'; പൊലീസ് ഉദ്യോഗസ്ഥന്റെ ഇടവേളയിലെ പന്തുതട്ടൽ വെെറൽ
തിരക്കേറിയ ജോലി സാഹചര്യങ്ങൾക്കിടയിലെ ചില അസുലഭ നിമിഷങ്ങൾ എന്ന കുറിപ്പോടെ വീഡിയോ എത്തിയത്
13 May 2022 10:12 PM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

തിരുവനന്തപുരം: വെടിയുണ്ട പോലുള്ള ഷോട്ടുകളിലൂടെ ലോകം ശ്രദ്ധിച്ച കായിക താരമാണ് ബ്രസീലിയൻ മുൻ ഫുട്ബോളർ റോബർട്ടോ കാർലോസ്. കാക്കിക്കുള്ളിലും അത്തരത്തിലുള്ള കായികതാരങ്ങളുണ്ടെന്ന് വീണ്ടും അടിവരയിടുകയാണ് വെെറലായ വീഡിയോ. കേരള പൊലീസിന്റെ ഔദ്യോഗിക പേജിലാണ് തിരക്കേറിയ ജോലി സാഹചര്യങ്ങൾക്കിടയിലെ ചില അസുലഭ നിമിഷങ്ങൾ എന്ന കുറിപ്പോടെ വീഡിയോ എത്തിയത്. പന്തുതട്ടുന്ന ഉദ്യോഗസ്ഥന്റെ മുഖം വ്യക്തമാകുകയോ, പേര് പോസ്റ്റിൽ പരാമർശിക്കുകയോ ചെയ്യുന്നില്ല. എന്നാൽ താഴെയെത്തിയ കമന്റുകളിൽ വിഴിഞ്ഞം സ്റ്റേഷൻ ഹൗസ് ഓഫീസർ പ്രജീഷ് ശശിയാണിതെന്ന് പരാമർശമുണ്ടെങ്കിലും സ്ഥിരീകരണമില്ല.
യൂണിഫോമിലെത്തിയ പൊലീസ് ഉദ്യോഗസ്ഥൻ വളരെ അകലെ നിന്നും പന്തടിച്ച് വലയിലെത്തിക്കുന്നതാണ് വീഡിയോ. പന്ത് ഗോൾക്കീപ്പറെയും മറികടന്ന് പോകുന്നതും വീഡിയോയിൽ കാണാം. മലയാള ചലചിത്രം സുഡാനി ഫ്രം നെെജീരിയയിൽ പന്തുകളിയുടെ ഭാഗത്ത് വരുന്ന കുറാ.. എന്ന ഗാനമാണ് വീഡിയോയുടെ പശ്ചാത്തലത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. വീഡിയോക്ക് നല്ല രീതിയിലുള്ള പ്രതികരണങ്ങളും വരുന്നുണ്ട്.
പൊലീസ് ഉദ്യോഗസ്ഥന്റെ കഴിവിനെ പ്രശംസിച്ചുള്ള കമന്റുകളാണ് ഏറെയും. കാ ക്കിക്ക് സല്യൂട്ട് എന്നാണ് ചില കാണികൾ കുറിച്ചത്. ജോലി സമയത്ത് കളിച്ചു നടക്കുകയാണ് എന്ന് കേരള പൊലീസിന്റെ പേജിന് പതിവുപോലെയുള്ള തമാശ കലർന്ന പ്രതികരണങ്ങളുമെത്തുന്നുണ്ട്.
എന്നാൽ സമാനമായ രീതിയിൽ യൂണിഫോമിട്ട് ക്രിക്കറ്റ് കളിയുടെ ഭാഗമായതിന് നടപടി നേരിടേണ്ടിവന്ന മുൻ അനുഭവങ്ങൾ ഓർമിപ്പിച്ചുകൊണ്ടുള്ള കമന്റുകളും വരുന്നുണ്ട്.
Story Highlights: Roberto Carlos in Kerala Police; The football kick by a police officer got viral