Top

ഗോളും അസിസ്റ്റും റെഡും വാങ്ങി ആല്‍വ്‌സ്; അത്‌ലറ്റിക്കോ കണ്ടു പുതിയ ബാഴ്‌സയെ

ജയത്തോടെ ബാഴ്സലോണ 38 പോയിന്റുമായി നാലാം സ്ഥാനത്തെത്തി. അത്ലറ്റിക്കോ മാഡ്രിഡ് ടോപ് 4ൽ നിന്ന് പുറത്തായി.

7 Feb 2022 7:36 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ഗോളും അസിസ്റ്റും റെഡും വാങ്ങി ആല്‍വ്‌സ്; അത്‌ലറ്റിക്കോ കണ്ടു പുതിയ ബാഴ്‌സയെ
X

സ്പാനിഷ് ലാ ലിഗയില്‍ ഗംഭീര തിരിച്ചുവരുമായി ബാഴ്‌സലോണ. ഇന്നലെ നടന്ന മത്സരത്തില്‍ അത്‌ലറ്റിക്കോ മാഡ്രിഡിനെതിരേ തകര്‍പ്പന്‍ ജയം നേടിയ പോയിന്റ് പട്ടികയില്‍ ആദ്യ നാലില്‍ എത്താന്‍ ബാഴ്‌സയ്ക്കായി. സ്വന്തം തട്ടകത്തില്‍ രണ്ടിനെതിരേ നാലു ഗോളുകള്‍ക്കായിരുന്നു അവരുടെ ജയം.

ജോര്‍ഡി ആല്‍ബ, ഗാവി, റോബര്‍ട്ടോ അരാഹോ, ഡാനി ആല്‍വ്‌സ് എന്നിവരാണ് ബാഴ്‌സയ്ക്കായി സ്‌കോര്‍ ചെയ്തത്. യാന്നിക് കരാസ്‌കോ, ലൂയിസ് സുവാരസ് എന്നിവരാണ് അത്‌ലറ്റിക്കോയ്ക്കായി ഗോളുകള്‍ നേടിയത്. ഗോള്‍ നേടിയതിനു പിന്നാലെ 71-ാം മിനിറ്റില്‍ ആല്‍വ്‌സ് ചുവപ്പ് കാര്‍ഡ് കണ്ടു പുറത്തുപോയതോടെ അവസാന 20 മിനിറ്റുകള്‍ ബാഴ്‌സ 10 പേരുമായാണ് മത്സരം പൂര്‍ത്തിയാക്കിയത്.

രണ്ടു വര്‍ഷത്തിനു ശേഷമാണ് ബാഴ്‌സ ലാ ലിഗയില്‍ അത്‌ലറ്റിക്കോ മാഡ്രഡിനെതിരേ ഒരു ജയം നേടുന്നത്. പുതിയ കോച്ച് ചാവി ഹെര്‍ണാണ്ടസിനു കീഴില്‍ അടിമുടി മാറിയ ബാഴ്‌സയെയാണ് ഇന്നലെ നൗക്യാമ്പില്‍ കണ്ടത്. മത്സരത്തിന്റെ തുടക്കത്തില്‍ എട്ടാം മിനിറ്റില്‍ത്തന്നെ കരാസ്‌കോയിലൂടെ അത്‌ലറ്റിക്കോ ലീഡ് നേടിയെങ്കില്‍ പതറാതെ പൊരുതിയ ബാഴ്‌സ വിജയം പിടിച്ചെടുക്കുകയായിരുന്നു.

10-ാം മിനിറ്റില്‍ത്തന്നെ അവര്‍ സമനിലഗോള്‍ കണ്ടെത്തി. ആല്‍വ്‌സിന്റെ പാസില്‍ നിന്നു തകര്‍പ്പനൊരു ഇടങ്കാലന്‍ വോളിയിലൂടെ ജോര്‍ഡി ആല്‍ബയാണ് സ്‌കോര്‍ ചെയ്തത്. പിന്നീട് ബാഴ്‌സയുടെ ഗംഭീര പ്രകടനത്തിനാണ് കാണികള്‍ സാക്ഷ്യം വഹിച്ചത്.

11 മിനിറ്റിനകം അവര്‍ ലീഡും നേടി. 21-ാം മിനിറ്റില്‍ പുതിയ സൈനിങ് ആയ അഡാമ ട്രയോറയുടെ പാസില്‍ നിന്നു ഗാവിയാണ് അവരുടെ രണ്ടാം ഗോള്‍ നേടിയത്. ഇടവേളയ്ക്കു തൊട്ടുമുമ്പ് ലീഡ് വര്‍ധിപ്പിച്ചു ബാഴ്‌സ വിജയവും ഏറെക്കുറേ ഉറപ്പിച്ചു. ഫെറാന്‍ ടോറസിന്റെ പാസില്‍ നിന്ന് അരാഹോയാണ് സ്‌കോര്‍ ചെയ്തത്.

3-1 എന്ന സ്‌കോറില്‍ ഇടവേളയ്ക്കു പിരിഞ്ഞ ശേഷം രണ്ടാം പകുതിയുടെ തുടക്കത്തില്‍ത്തന്നെ അവര്‍ നാലാം ഗോളും കണ്ടെത്തി പട്ടിക പൂര്‍ത്തിയാക്കി. ആല്‍വ്‌സിന്റെ വകയായിരുന്നു നാലാം ഗോള്‍. ബാഴ്‌സയില്‍ തിരിച്ചെത്തിയ ശേഷം ബ്രസീല്‍ താരത്തിന്റെ ആദ്യ ഗോള്‍ കൂടിയായിരുന്നു ഇത്.

ഇതോടെ കളി മുഴുവനായി വരുതിയിലാക്കിയ ബാഴ്‌സയ്‌ക്കെതിരേ 58-ാം മിനിറ്റില്‍ ബാഴ്‌സ മുന്‍ താരം സുവാരസിലൂടെ അത്‌ലറ്റിക്കോ ഒരു ഗോള്‍ മടക്കി. പിന്നാലെ 71-ാം മിനിറ്റില്‍ രണ്ടാം മഞ്ഞക്കാര്‍ഡ് കണ്ട് ആല്‍വ്‌സ് പുറത്തുപോയതോടെ 10 പേരായി ചുരുങ്ങിയെങ്കിലും പതറാതെ പിടിച്ചു നിന്ന ബാഴ്‌സ അര്‍ഹിച്ച ജയം സ്വന്തമാക്കുകയായിരുന്നു.

Next Story