Top

ബാഴ്‌സയ്ക്കായി എല്ലാം ഉപേക്ഷിച്ചു റാഫിഞ്ഞ്യ; കൈവിടാതെ കറ്റാലന്‍ ക്ലബ്

ബാഴ്‌സ വാഗ്ദാനം ചെയ്ത തുകയെക്കാള്‍ കൂടുതല്‍ ഈ ക്ലബുകള്‍ വാഗ്ദാനം ചെയ്തിട്ടും റാഫിഞ്ഞ്യ അതിനു സമ്മതം മൂളിയിട്ടില്ല.

28 March 2022 10:01 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ബാഴ്‌സയ്ക്കായി എല്ലാം ഉപേക്ഷിച്ചു റാഫിഞ്ഞ്യ; കൈവിടാതെ കറ്റാലന്‍ ക്ലബ്
X

സ്പാനിഷ് ലാ ലിഗയിലെ സൂപ്പര്‍ ടീമായ ബാഴ്‌സലോണയില്‍ കളിക്കാന്‍ വമ്പന്‍ ഓഫറുകള്‍ എല്ലാം വേണ്ടെന്നുവച്ച് ലീഡ്‌സ് യുണൈറ്റഡിന്റെ ബ്രസീലിയന്‍ യുവതാരം റാഫിഞ്ഞ്യ. ലീഡ്‌സുമായി ഈ വര്‍ഷം കരാര്‍ അവസാനിക്കുന്ന റാഫിഞ്ഞ്യയെ ഫ്രഞ്ച് താരം ഒസ്മാനെ ഡെംപ്‌ലെയ്ക്കു പകരം ടീമില്‍ എത്തിക്കാനാണ് ബാഴ്‌സയുടെ ശ്രമം.

അഞ്ചു വര്‍ഷത്തെ കരാര്‍ താരത്തിന് ഓഫര്‍ ചെയ്യാന്‍ കറ്റാലന്‍ ക്ലബ് തയാറാണെന്നാണ് സ്പാനിഷ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. 25-കാരനായ താരത്തിന്റെ ഏജന്റും പോര്‍ചുഗല്‍ മുന്‍ സൂപ്പര്‍ താരവുമായ ഡെക്കോയുമായി ഇതു സംബന്ധിച്ച് ബാഴ്‌സ ചര്‍ച്ചകള്‍ ആരംഭിച്ചതായാണ് വിവരം. ഡെക്കോ ബാഴ്‌സയ്ക്കായി കളിച്ചിട്ടുള്ള താരമാണ്. അതുകൊണ്ടു തന്നെ കറ്റാലന്‍ ക്ലബിന്റെ കൂടി താല്‍പര്യങ്ങള്‍ മുന്‍നിര്‍ത്തിയാണ് ഡെക്കോ റാഫിഞ്ഞ്യയയുമായി കാര്യങ്ങള്‍ സംസാരിക്കുന്നത്.

അതേസമയം റാഫിഞ്ഞ്യയ്ക്കു വേണ്ടി ലിവര്‍പൂള്‍, ബയേണ്‍ മ്യൂണിക്ക്, എന്നീ വമ്പന്‍ ക്ലബുകള്‍ രംഗത്തുണ്ട്. ബാഴ്‌സ വാഗ്ദാനം ചെയ്ത തുകയെക്കാള്‍ കൂടുതല്‍ ഈ ക്ലബുകള്‍ വാഗ്ദാനം ചെയ്തിട്ടും റാഫിഞ്ഞ്യ അതിനു സമ്മതം മൂളിയിട്ടില്ല.

റാഫിഞ്ഞ്യയ്ക്കായി കൂടുതല്‍ തുക മുടക്കാനും ബാഴ്‌സ തയാറാണ്. എന്നാല്‍ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ തരംതാഴ്ത്തല്‍ ഭീഷണി നേരിടുന്ന ലീഡ്‌സിന്റെ സീസണ്‍ അവസാനത്തെ പ്രകടനം കൂടി വിലയിരുത്തിയാകും ബാഴ്‌സയുടെ നീക്കം. കാരണം ലീഡ്‌സ് തരംതാഴ്ത്തപ്പെട്ടാല്‍ റാഫഞ്ഞ്യയെ കുറഞ്ഞ തുകയ്ക്കു സ്വന്തമാക്കാന്‍ ബാഴ്‌സയ്ക്കാകും. ഇതിനു പുറമേ യുവ പ്രതിരോധതാരമായ ഓസ്‌കാര്‍ മിന്‍ഗുയെസയെ കൂടി നല്‍കി റാഫിഞ്ഞ്യയെ സ്വന്തമാക്കാനും ബാഴ്‌സ ശ്രമിക്കുന്നുണ്ട്.




Next Story