Top

ചാവിയുടെ അപ്രതീക്ഷിത നീക്കം; ലെവന്‍ഡോവ്‌സ്‌കി ബാഴ്‌സയിലേക്ക്, കരാര്‍ ധാരണയായി

2023 വരെയാണ് ബയേണുമായി താരത്തിനു കരാറുള്ളത്. എന്നാല്‍ വേതന തര്‍ക്കത്തെത്തുടര്‍ന്ന് കരാര്‍ പുതുക്കാന്‍ ലെവഡോവ്‌സ്‌കി തയാറായിട്ടില്ല.

27 March 2022 12:48 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ചാവിയുടെ അപ്രതീക്ഷിത നീക്കം; ലെവന്‍ഡോവ്‌സ്‌കി ബാഴ്‌സയിലേക്ക്, കരാര്‍ ധാരണയായി
X

ഫുട്‌ബോള്‍ ലോകത്തെ ഞെട്ടിച്ച് അപ്രതീക്ഷിത നീക്കത്തിലൂടെ ബയേണ്‍ മ്യൂണിക്കിന്റെ പോളിഷ് സൂപ്പര്‍ താരം റോബര്‍ട്ടോ ലെവന്‍ഡോവ്‌സ്‌കിയെ സ്വന്തമാക്കാനൊരുങ്ങി സ്പാനിഷ് ഫുട്‌ബോള്‍ ക്ലബ് ബാഴ്‌സലോണ. മുന്‍ ഇതിഹാസ താരവും നിലവിലെ പരിശീലകനുമായ ചാവി ഹെര്‍ണാണ്ടസിന്റെ പ്രത്യേക താല്‍പര്യപ്രകാരം ടീം മാനേജ്‌മെന്റ് നടത്തിയ നീക്കത്തിനൊടുവില്‍ താരവുമായി കരാര്‍ സംബന്ധിച്ച് ധാരണയായതായി സ്പാനിഷ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

രണ്ടാഴ്ച മുമ്പ് വരെ ലെവന്‍ഡോവ്‌സ്‌കി ബാഴ്‌സയുടെ റഡാറില്‍ ഉണ്ടായിരുന്നില്ല. മറ്റൊരു ജര്‍മന്‍ ക്ലബ് ബൊറൂസിയ ഡോര്‍ട്ട്മുണ്ടിന്റെ നോര്‍വീജിയന്‍ താരം എര്‍ലിങ് ഹാലണ്ടിനു പിന്നാലെയായിരുന്നു അവര്‍. എന്നാല്‍ ബയേണുമായി ലെവന്‍ഡോവ്‌സ്‌കി കരാര്‍ പുതുക്കുന്നില്ല എന്ന റിപ്പോര്‍ട്ടുകള്‍ വന്നതിനു പിന്നാലെ താരത്തിനായി ശ്രമിക്കാന്‍ ചാവി ആവശ്യപ്പെടുകയായിരുന്നു.

ഹാലന്‍ഡിനെ സ്വന്തമാക്കാന്‍ ബാഴ്‌സയ്ക്കു വന്‍ തുക മുടക്കേണ്ടി വരുമാായിരുന്നു. ക്ലബ് സാമ്പത്തിക പ്രതിസന്ധിയില്‍പ്പെട്ടുഴലുന്ന സാഹചര്യത്തില്‍ ബാഴ്‌സയ്ക്ക് കാര്യമായ ബാധ്യതയുണ്ടാകാതെ സ്വന്തമാക്കാനാകുന്ന താരമാണ് ലെവന്‍ഡോവ്‌സ്‌കി. 2023 വരെയാണ് ബയേണുമായി താരത്തിനു കരാറുള്ളത്. എന്നാല്‍ വേതന തര്‍ക്കത്തെത്തുടര്‍ന്ന് കരാര്‍ പുതുക്കാന്‍ ലെവഡോവ്‌സ്‌കി തയാറായിട്ടില്ല.

അടുത്ത സീസണു ശേഷം ഫ്രീ ഏജന്റാവുമെന്നിരിക്കെ ഈ സമ്മറില്‍ തന്നെ താരത്തെ വില്‍ക്കാന്‍ ബയേണ്‍ മ്യൂണിക്കും തയ്യാറാകും എന്ന കാര്യത്തില്‍ സംശയമില്ല. റിപ്പോര്‍ട്ടുകള്‍ പ്രകാരം അമ്പതു മുതല്‍ അറുപതു മില്യണ്‍ യൂറോ വരെ ലെവന്‍ഡോസ്‌കിക്കു വേണ്ടി മുടക്കാന്‍ ബാഴ്സലോണ തയാറാണ്. ഈ തുക ലെവന്‍ഡോവ്‌സ്‌കിയ്ക്കും സമ്മതമായെന്നും തുടര്‍ന്നാണ് കാരര്‍ സംബന്ധിച്ച് ധാരണയായതെന്നുമാണ് സ്പാനിഷ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

Next Story