Top

യുറുഗ്വയെ 'പഞ്ഞിക്കിട്ട്' മെസിയും പിള്ളേരും; ബ്രസീലിന് കൊളംബിയന്‍ ഷോക്ക്

അഞ്ച് പ്രതിരോധ ഭടന്മാരെ കളത്തിലിറക്കിയ ഓസ്‌കാര്‍ ടബേരസ് സമനിലയിലേക്ക് കാര്യങ്ങളെത്തിക്കാന്‍ പതിനെട്ടടവും പുറത്തെടുത്തു.

11 Oct 2021 4:19 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

യുറുഗ്വയെ പഞ്ഞിക്കിട്ട് മെസിയും പിള്ളേരും; ബ്രസീലിന് കൊളംബിയന്‍ ഷോക്ക്
X

ലോകകപ്പ് യോഗ്യത റൗണ്ടില്‍ യുറുഗ്വായിക്കെതിരെ തകര്‍പ്പന്‍ വിജയവുമായി അര്‍ജന്റീന. എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്കാണ് ലയണല്‍ മെസിയും കൂട്ടുകാരും വിജയം പിടിച്ചെടുത്തത്. പരാജയമറിയാതെ 24 മത്സരം പിന്നിട്ട അര്‍ജന്റീനയ്ക്ക് ഇപ്പോള്‍ 22 പോയിന്റാണുള്ളത്. മറ്റൊരു മത്സരത്തില്‍ തോല്‍വിയറിയാതെ മുന്നേറിയ ബ്രസീലിനെ കൊളംബിയ സമനിലയില്‍ തളച്ചു.

കരുത്തരായ യുറുഗ്വായ് അര്‍ജന്റീനയെ തളച്ചിടാന്‍ അവസാന അടവുമായിട്ടാണ് ഇറങ്ങിയത്. അഞ്ച് പ്രതിരോധ ഭടന്മാരെ കളത്തിലിറക്കിയ ഓസ്‌കാര്‍ ടബേരസ് സമനിലയിലേക്ക് കാര്യങ്ങളെത്തിക്കാന്‍ പതിനെട്ടടവും പുറത്തെടുത്തു. എന്നാല്‍ 38 മിനിറ്റില്‍ ഫുട്‌ബോള്‍ ദൈവം ലിയോണല്‍ മെസിയുടെ ബൂട്ടുകള്‍ കുതിരപ്പൂട്ട് ഭേദിച്ചു. അപ്രതീക്ഷിതമെന്ന് തോന്നിച്ച ലിയോയുടെ ഗോള്‍. അര്‍ജന്‍ീനയുടെ കുപ്പായത്തില്‍ ലിയോ നേടുന്ന 80-ാമത്തെ ഗോളായിരുന്നു ഇത്. ലാറ്റിനമേരിക്കന്‍ ഫുട്‌ബോള്‍ ചരിത്രത്തില്‍ മറ്റൊരാളും ഇത്രയും രാജ്യന്തര ഗോളുകള്‍ നേടിയിട്ടില്ല.

ഒന്നാം പകുതി അവസാനിക്കാന്‍ ഒരു മിനിറ്റ് മാത്രം ബാക്കിയുള്ളപ്പോള്‍ റോഡ്രിഗോ ഡിപോള്‍ വീണ്ടും യുറുഗ്വായ് വലകുലുക്കി. രണ്ടാം പകുതിയില്‍ ലോതാരോ മാര്‍ട്ടിനസ് പട്ടിക പൂര്‍ത്തിയാക്കി. കഴിഞ്ഞ 24 മത്സരങ്ങളില്‍ ഒരു തോല്‍വി പോലുമറിയാതെയാണ് അര്‍ജന്റീന മുന്നേറുന്നത്. അതേസമയം അപരാജിതരായി മുന്നേറിയ ബ്രസീലിനെ കൊളംബിയ സമനിലയില്‍ തളച്ചു. ബ്രസീലിയന്‍ മുന്നേറ്റങ്ങള്‍ ഫലപ്രദമായി പ്രതിരോധിച്ച കൊളംബിയ ഗോള്‍ രഹിത സമനില പിടിച്ചെടുക്കുകയായിരുന്നു.

ലോകകപ്പ് യോഗ്യത ഗ്രൂപ്പ് പട്ടികയില്‍ ബ്രസീലാണ് ഒന്നാം സ്ഥാനത്ത്. പത്തില്‍ ഒമ്പത് മത്സരങ്ങളിലും വിജയം നേടാന്‍ ബ്രസീലിനായി. രണ്ടാം സ്ഥാനത്തുള്ള അര്‍ജന്റീനയ്ക്ക് പത്തില്‍ ആറ് വിജയങ്ങള്‍ മാത്രമാണുള്ളത്.

Next Story

Popular Stories