Top

ഇറ്റലിയെ കൂളായി തോൽപിച്ച് മെസ്സിയും സംഘവും; വെംബ്ലിയിൽ യൂറോപ്യൻ ഫുട്ബോളിന് ലാറ്റിനമേരിക്കൻ താക്കീത്

1 Jun 2022 8:53 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ഇറ്റലിയെ കൂളായി തോൽപിച്ച് മെസ്സിയും സംഘവും; വെംബ്ലിയിൽ യൂറോപ്യൻ ഫുട്ബോളിന് ലാറ്റിനമേരിക്കൻ താക്കീത്
X

ഇറ്റലിയുടെ പ്രസിങ്ങ് ഗെയിമിന് പാസിങ്ങ് ഗെയിം കൊണ്ട് മറുപടി കൊടുത്ത അർജന്റീന വൻകരകൾ തമ്മിലുള്ള പോരാട്ടത്തിൽ ഏകപക്ഷീയമായ മൂന്ന് ഗോളിന് വിജയിച്ചു. ലൗട്ടാരോ മാർട്ടിനസ് (28), എയ്ഞ്ചൽ ഡി മരിയ (45 + 1 ), ഡിബാല (90+4) എന്നിവരാണ് അർജന്റീനക്കായി വല ചലിപ്പിച്ചത്. ഒരു ഗോൾ അടിക്കുകയും ഒരു ഗോളിന് വഴിവെക്കുകയും ചെയ്ത മാർട്ടിനസും , രണ്ട് ഗോളിന് വഴിയൊരുക്കിയ ലയണൽ മെസിയുമാണ് അസൂറികളെ തകർത്തത്. കോപ്പാ അമേരിക്കാ ചാമ്പ്യന്മാരും യൂറോ കപ്പ് ജേതാക്കളും തമ്മിൽ ഒരിടവേളക്ക് ശേഷം നടന്ന മൽസരത്തിൽ ലാറ്റിനമേരിക്കയുടെ മേധാവിത്തമാണ് കണ്ടത്.

മെസ്സിക്കും ഡി മരിയക്കും മാർട്ടിനസ്സിനു മൊപ്പം ഡി പോളും റോഡ്രിഗസും ഉൾപ്പെടുന്ന നിരയെ ആണ് സ്കലോനി ഇറ്റലിക്കെതിരെ കളത്തിലിറക്കിയത്. എന്നാൽ 4-3-3 എന്ന ഫോർമേഷനിലായിരുന്നു മാഞ്ചിനി ഇറ്റാലിയൻ ടീമിനെ വിന്യസിച്ചത്. മധ്യനിരയിൽ ജോർജിനോയും മുന്നേറ്റ നിരയിൽ ആന്ദ്രേ ബെലോട്ടിയും . മധ്യ നിരയിൽ കിയേസയെ പോലൊരു താരത്തിന്റെ അഭാവം ഇറ്റാലിയൻ ടീമിന്റെ പ്രകടനത്തെ ബാധിച്ചു.

വെംബ്ലിയിൽ നടന്ന മത്സരത്തിന്റെ തുടക്കം മുതൽ അർജന്റീനയുടെ നീക്കങ്ങളിൽ ഒത്തൊരുമയും ആത്മവിശ്വാസവും പ്രകടമായിരുന്നു. യൂറോ കപ്പിന്റെ തുടർച്ചയായിട്ട് ആക്രമണ ഫുഡ്ബോളാണ് ഇറ്റലി പുറത്തെടുത്തത്. എന്നാൽ പന്ത് കൈവശം വെച്ച് പാസിങ്ങ് ഗെയിo കളിച്ചാണ് മെസിയും സംഘവും മുന്നേറിയത്.

28- മിനിറ്റിൽ ഇടതു വിങ്ങിലൂടെ മെസി നടത്തിയ മുന്നേറ്റമാണ് ഗോളിന് വഴി തുറന്നത്. പെനാൾട്ടി ബോക്സിലേക്ക് മെസ്സി നീട്ടി നൽകിയ പാസിൽ ലൗട്ടാരോ മാർട്ടിനസിന് കാൽ വെക്കേണ്ടതേ വേണ്ടി വന്നുള്ളു. അർജന്റീന ഒരു ഗോളിന് മുന്നിൽ. പിന്നാലെ ഗോൾ തിരിച്ചടിക്കാനുള്ള ഇറ്റലിയുടെ ഇടം വലം നോക്കാതെയുള്ള മുന്നേറ്റങ്ങൾ. പന്ത് കിട്ടിയപ്പോഴെല്ലാം ഇറ്റാലിയൻ പ്രതിരോധമുൾപ്പെടെ അർജന്റീനയുടെ പകുതിയിലേക്ക് ഇരച്ചു കയറി. ഒഴിഞ്ഞു കിടന്ന ഇറ്റാലിയൻ പകുതിയിലൂടെ രണ്ടാം ഗോൾ കണ്ടെത്താനുള്ള അർജന്റീനയുടെ ശ്രമങ്ങൾ പലതും ഫൗളിൽ കലാശിച്ചു. മെസിയെ ഫൗൾ ചെയ്തതിന് ബെനൂച്ചിക്ക് മഞ്ഞ കാർഡ് കിട്ടി.

ആദ്യ പകുതി അവസാനിക്കാൻ മിനിറ്റുകൾ മാത്രം ബാക്കി നിൽക്കേ അപ്രതീക്ഷിതമായി കിട്ടിയ പന്തുമായി ഇറ്റാലിയൻ പകുതിയിലേക്ക് ലൗട്ടാരോ മാർട്ടിനസിന്റെ മുന്നേറ്റത്തിനൊടുവിൽ അർജന്റീനയുടെ രണ്ടാം ഗോൾ. ഗോളി ഡൊന്നരുമ്മ മാത്രം മുന്നിൽ നിൽക്കെ മാർട്ടിനസ്, വലതു വശത്തു കൂടി കയറി വന്ന എയ്ഞ്ചൽ ഡി മരിയയുടെ മുന്നിലേക്ക് നീട്ടി നൽകി. ഇടതു കാലു കൊണ്ട് ഡി മരിയയുടെ ക്ലാസ്സ് ഫിനിഷ് . ആദ്യ പകുതിയിൽ ലാറ്റിനമേരിക്കൻ ടീം രണ്ട് ഗോളിന് മുന്നിൽ.

രണ്ടാം പകുതിയിൽ ഇറ്റലി സർവ്വ സന്നാഹങ്ങളുമായി പൊരുതിയെങ്കിലും അർജന്റീനയുടെ പന്ത് ഗോൾ വര കടന്നില്ല. പ്രതിരോധത്തിലേക്ക് പോകാതെ അവസരം കിട്ടിയപ്പോഴെല്ലാം മുന്നേറ്റം നടത്തി അർജന്റീനയും ഇറ്റലിയെ വിറപ്പിച്ചു കൊണ്ടിരുന്നു. രണ്ട് ഗോളിന് മുന്നിലായിരുന്നെങ്കിലും മെസ്സിയുടെ ഗോളിനായി ആരാധകർ ആർത്തു വിളിച്ചു. ഇഞ്ചുറി ടൈമിൽ പന്തുമായി ഒറ്റക്ക് മുന്നേറിയ മെസ്സി ഗോൾ നേടിയെന്ന് ഏവരും ഉറപ്പിക്കുകയും ചെയ്തു. എന്നാൽ ഇറ്റാലിയൻ പ്രതിരോധം മെസ്സിയുടെ മുന്നേറ്റം പെനാൾട്ടി ബോക്സിന് പുറത്ത് തടഞ്ഞുവെങ്കിലും പന്ത് കിട്ടിയത് ഡി ബാലയുടെ കാലുകളിൽ . 90 മിനിറ്റിൽ പകരക്കാരനായി ഇറങ്ങിയ ഡിബാല തന്റെ ഫിനിഷിങ്ങ് മികവ് ഒരിക്കൽ കൂടി തെളിയിച്ച് ഇറ്റലിയുടെ വല കുലുക്കി.

STORY HIGHLIGHTS: Argentina wins in finalissima championship

Next Story

Popular Stories