'അഞ്ച് ഗോളുകള്‍ക്കെങ്കിലും ജയിക്കാമായിരുന്നു, പക്ഷെ തോറ്റു'; തയ്യാറെടുത്തത് പോലെ കളിക്കാനായില്ലെന്ന് ഡി മരിയ
'സൗദി അറേബ്യ അങ്ങനെ കളിക്കുമെന്ന് അറിയാമായിരുന്നു. അതിനനുസരിച്ച് ഞങ്ങള്‍ തയ്യാറെടുത്തിരുന്നു. പക്ഷെ അത് പ്രാവര്‍ത്തികമാക്കാന്‍ സാധിച്ചില്ല'
22 Nov 2022 8:24 PM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

ദോഹ: ലോകകപ്പില്‍ സൗദി അറേബ്യയോട് തോല്‍വി ഏറ്റുവാങ്ങേണ്ടി വന്നതില്‍ പ്രതികരണവുമായി അര്‍ജന്റീനിയന്‍ താരം എയ്ഞ്ചല്‍ ഡി മരിയ. വളരെ എളുപ്പത്തില്‍ ജയിക്കാവുന്ന മത്സരമാണ് തോറ്റുപോയതെന്ന് ഡി മരിയ പറഞ്ഞു.
'എതിരില്ലാത്ത അഞ്ച് ഗോളുകള്‍ക്കെങ്കിലും ഞങ്ങള്‍ക്ക് ജയിക്കാമായിരുന്നു. പക്ഷെ തോറ്റു, അത്രേയുള്ളൂ..സൗദി അറേബ്യ അങ്ങനെ കളിക്കുമെന്ന് അറിയാമായിരുന്നു. അതിനനുസരിച്ച് ഞങ്ങള്‍ തയ്യാറെടുത്തിരുന്നു. പക്ഷെ അത് പ്രാവര്‍ത്തികമാക്കാന്‍ സാധിച്ചില്ല. ഗോളിനായുള്ള നീക്കങ്ങള്‍ നേരത്തെ ആരംഭിച്ചതാണ് ഓഫ്സൈഡില്‍ അവസാനിച്ചത്', ഡി മരിയ പറഞ്ഞു.
മത്സരത്തിന് ശേഷം അര്‍ജന്റീന നായകന് ലയണല്‍ മെസ്സിയും പ്രതികരണവുമായി രംഗത്തുവന്നിരുന്നു. വിശ്വാസം കൈവിടരുതെന്നും ടീമിനെ പിന്തുണയ്ക്കുന്ന ആരാധകരെ നിരാശരാക്കുകയില്ലെന്നുമായിരുന്നു സൂപ്പര്‍ താരത്തിന്റെ പ്രതികരണം.
ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കായിരുന്നു അര്‍ജന്റീനയുടെ പരാജയം. പരേദസിനെ അബ്ദുള്‍ ഹമീദ് വീഴ്ത്തിയതിന് പത്താം മിനുട്ടില്‍ ലഭിച്ച പെനാല്‍റ്റിയിലൂടെ മെസ്സിയാണ് ആദ്യ ഗോളിട്ടത്. ഞെട്ടിക്കുന്ന രണ്ടാം പകുതിയാണ് അര്‍ജന്റീനയെ കാത്തിരുന്നത്. സൗദി സ്ട്രൈക്കര്‍ സലേ അല്‍ഷെഹ്റി 48-ാം മിനുറ്റില്‍ സമനില പിടിച്ചു. വീണ്ടും ലീഡ് എടുക്കാനുള്ള അര്‍ജന്റീനയുടെ ശ്രമങ്ങള്‍ക്കിടെ 53-ാം മിനുറ്റില്‍ സലേം അല്‍ദസ്വാരി അടുത്ത ഗോളിട്ടു.
എക്സ്ട്രാ ടൈമില്‍ ലഭിച്ച എട്ട് മിനുറ്റുകളും അര്‍ജന്റീനയ്ക്ക് മുതലാക്കാനായില്ല. 36 കളി നീണ്ട് അപരാജിത അര്‍ജന്റീനയുടെ കുതിപ്പിന് ഇതോടെ വിരാമമായി. സൗദിയേക്കാള്‍ കരുത്തരായ പോളണ്ടിനേയും മെക്സിക്കോയേയുമാണ് മെസ്സിയും സംഘവും ഇനി നേരിടേണ്ടത്.
Story highlights: Angel Di Maria's reaction on Argentina loss against Saudi Arabia in world cup 2022