Top

റൊണാള്‍ഡോയെ മതി; കാമറൂണ്‍ സൂപ്പര്‍ താരത്തെ അല്‍ നസര്‍ ഒഴിവാക്കിയതായി റിപ്പോര്‍ട്ട്

ലോകകപ്പില്‍ ബ്രസീലിനെതിരെ കാമറൂണിന്റെ വിജയഗോള്‍ നേടിയതോടെയാണ് വിന്‍സെന്റ് അബൂബക്കര്‍ ആഗോളതലത്തില്‍ ശ്രദ്ധേയനാകുന്നത്.

9 Jan 2023 2:40 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

റൊണാള്‍ഡോയെ മതി; കാമറൂണ്‍ സൂപ്പര്‍ താരത്തെ അല്‍ നസര്‍ ഒഴിവാക്കിയതായി റിപ്പോര്‍ട്ട്
X

റിയാദ്: പോര്‍ച്ചുഗീസ് സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ വരവിനു പിന്നാലെ കാമറൂണ്‍ താരം വിന്‍സെന്റ് അബൂബക്കറിനെ സൗദി ക്ലബ്ബ് അല്‍ നസര്‍ ടീമില്‍ നിന്ന് ഒഴിവാക്കിയതായി റിപ്പോര്‍ട്ടുകള്‍. റൊണാള്‍ഡോയെ ടീമിലുള്‍പ്പെടുത്താന്‍ വേണ്ടി താരത്തിന്റെ കരാര്‍ അവസാനിപ്പിച്ചുവെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ പരസ്പര ധാരണയോടെ താരം ക്ലബ്ബ് വിട്ടതാണെന്നും ചില മാധ്യമ റിപ്പോര്‍ട്ടുകള്‍ പറയുന്നു. അതേസമയം സൗദി ക്ലബ്ബ് ഈ വിഷയത്തില്‍ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.

സൗദി ലീഗ് നിയമപ്രകാരം ഒരു ക്ലബ്ബിന് എട്ട് വിദേശ താരങ്ങളെ വരെ രജിസ്റ്റര്‍ ചെയ്യാം. റൊണാള്‍ഡോയെ ടീമില്‍ ഉള്‍പ്പെടുത്തണമെങ്കില്‍ ക്ലബ്ബിന് അവരുടെ നിലവിലുള്ള വിദേശ കളിക്കാരില്‍ ഒരാളെ വിട്ടയയ്‌ക്കേണ്ടി വരും. ലോകകപ്പില്‍ മികച്ച പ്രകടനം നടത്തിയ കാമറൂണ്‍ താരത്തെ സ്വീകരിക്കുന്നതിനായി മാഞ്ചസ്റ്റര്‍ യുണൈറ്റഡ് അടക്കമുള്ള വമ്പന്‍ ക്ലബ്ബുകള്‍ രംഗത്തുണ്ട്. നിലവില്‍ ഫ്രീ ഏജന്റായ അബൂബക്കറിനെ എളുപ്പത്തില്‍ മറ്റു ക്ലബ്ബുകള്‍ക്ക് വാങ്ങാന്‍ സാധിക്കും.

കരാര്‍ അവസാനിക്കാന്‍ ഒരു വര്‍ഷം ബാക്കി നില്‍ക്കെയാണ് അബൂബക്കര്‍ അല്‍ നസര്‍ വിടുന്നത്. 2021 ജൂണ്‍ എട്ടിനാണ് മൂന്ന് വര്‍ഷത്തെ കരാറില്‍ താരം അല്‍ നസറിലെത്തുന്നത്. ലോകകപ്പില്‍ ബ്രസീലിനെതിരെ കാമറൂണിന്റെ വിജയഗോള്‍ നേടിയതോടെയാണ് വിന്‍സെന്റ് അബൂബക്കര്‍ ആഗോളതലത്തില്‍ ശ്രദ്ധേയനാകുന്നത്. 1998ന് ശേഷം ഒറ്റ ഗ്രൂപ്പ് ഘട്ട മത്സരങ്ങളില്‍ പോലും പരാജയപ്പെട്ടിട്ടില്ലെന്ന ബ്രസീലിന്റെ റെക്കോര്‍ഡ് അബൂബക്കര്‍ തകര്‍ത്തിരുന്നു. മത്സരത്തില്‍ വിജയഗോള്‍ നേടിയതിന് പിന്നാലെ ജഴ്‌സി അഴിച്ച് ആഘോഷിച്ചതിന് റെഡ് കാര്‍ഡ് കണ്ട് താരം പുറത്താവുകയും ചെയ്തിരുന്നു.

STORY HIGHLIGHTS: Al Nassr terminate Vincent Aboubakar's contract to register Cristiano Ronaldo, Reports

Next Story