
ബൊളീവിയ: ബൊളീവിയയ്ക്കെതിരായ മത്സരത്തിന് ശേഷം സൂപ്പർ താരം ലയണൽ മെസ്സി അർജന്റീനയിലേക്ക് പോകില്ലെന്ന് റിപ്പോർട്ടുകൾ. ബൊളീവിയയ്ക്കെതിരായ മത്സരത്തിലും മെസി കളിച്ചിരുന്നില്ല. തുടർച്ചയായ മത്സരങ്ങളെ തുടർന്നാണ് അർജൻ്റൈൻ കോച്ച് മെസിക്ക് വിശ്രമം അനുവദിച്ചത്. ബൊളീവിയയിൽ നിന്നും മെസ്സി ഫ്ലോറിഡയിലേക്കാണ് പോകുക. അർജന്റീനൻ മാധ്യമമായ ടി വൈ സി സ്പോർട്സാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
സെപ്റ്റംബർ 17 ഞായറാഴ്ചയാണ് ഇന്റർ മയാമിയുടെ അടുത്ത എംഎൽഎസ് മത്സരം. മേജർ ലീഗിൽ ആറാം സ്ഥാനത്ത് നിൽക്കുന്ന അത്‌ലാന്റ യുണൈറ്റഡാണ് എതിരാളികൾ. അമേരിക്കയിൽ എത്തുമെങ്കിലും മെസ്സി ഈ മത്സരത്തിൽ കളിക്കുമോ എന്ന കാര്യം വ്യക്തമല്ല. മേജർ ലീഗ് സോക്കറിൽ ഇന്റർ മയാമി 14-ാം സ്ഥാനത്ത് തുടരുകയാണ്. അവശേഷിക്കുന്ന എട്ട് മത്സരങ്ങളിൽ നിന്ന് ആദ്യ ഒൻപത് സ്ഥാനത്ത് എത്തിയാൽ മാത്രമെ മയാമിക്ക് അടുത്ത റൗണ്ടിലേക്ക് എത്താൻ കഴിയു.
ലോകകപ്പ് യോഗ്യതാ മത്സരത്തിൽ ഇനി ഒക്ടോബർ 13നും 18നുമാണ് അർജന്റീനയ്ക്ക് മത്സരങ്ങളുള്ളത്. ഒക്ടോബർ 13ന് അർജന്റീന പരാഗ്വയെ നേരിടും. 18ന് നടക്കുന്ന മത്സരത്തിൽ പെറുവാണ് ലോകചാമ്പ്യന്മാരുടെ എതിരാളികൾ.