
റോം: ഫ്രഞ്ച് ദേശീയ ടീമിലംഗമായ പോൾ പോഗ്ബ ഉത്തേജ മരുന്ന് പരിശോധനയിൽ പിടിയിൽ. 2018ൽ ലോകകപ്പ് കിരീടം നേടിയ ഫ്രാൻസ് ടീമിൽ അംഗമായിരുന്നു പോഗ്ബ. ആഗസ്റ്റ് 20ന് യുവൻ്റസും യുഡജീസിനും തമ്മിൽ നടന്ന മത്സരത്തിലാണ് പോഗ്ബ ഉത്തേജക മരുന്ന് ഉപയോഗിച്ചതെന്ന് ഇറ്റാലിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
ഈ മത്സരത്തിൽ പോഗ്ബ കളിച്ചിരുന്നില്ല. ടീമിൽ താരത്തെ ഉൾപ്പെടുത്തിയ ശേഷം പിൻവലിച്ചു. ഉയർന്ന അളവിൽ ടെസ്‌റ്റോസ്‌റ്റെറോൺ അടങ്ങിയ ഉത്തേജക മരുന്ന് ഉപയോഗിച്ചതായി കണ്ടെത്തിയതിനെ തുടർന്നാണ് പോഗ്ബയെ മത്സരത്തിൽ നിന്ന് മാറ്റിയത്. മത്സരത്തിൽ യുവന്റസ് 3-0ത്തിന് വിജയിച്ചിരുന്നു. മരുന്ന് പരിശോധനയിൽ പരാജയപ്പെട്ടതോടെ പോഗ്ബയ്ക്ക് താൽക്കാലിക വിലക്ക് ഏർപ്പെടുത്തിയിരിക്കുകയാണ്. ശനിയാഴ്ച ലാസിയോയ്ക്കെതിരെയ മത്സരത്തിൽ പോഗ്ബയ്ക്ക് കളിക്കാൻ കഴിയില്ല.
വിലക്ക് നേരിടുന്ന സമയത്ത് നടക്കുന്ന അന്വേഷണത്തിൽ മനഃപൂർവ്വം താരം മരുന്ന് ഉപയോഗിച്ചതായി കണ്ടെത്തിയാൽ താരത്തിനുള്ള വിലക്ക് കാലാവധി ഉയരും. രണ്ട് മുതൽ നാല് വർഷം വരെ താരത്തിന് വിലക്ക് ഏർപ്പെടുത്തിയേക്കാം. 30കാരനായ പോഗ്ബ മാഞ്ചസ്റ്റർ യുണൈറ്റഡിലാണ് കരിയർ ആരംഭിച്ചത്. യുവന്റസിനൊപ്പം നാല് തവണ സിരി എ കിരീടം നേടിയിട്ടുണ്ട്.