pravasi

അന്നം മുട്ടാതിരിക്കാന്‍ പ്രവാസികള്‍; കൊവിഡ് സാഹചര്യം മുതലെടുത്ത് വിമാന കമ്പനികള്‍ കൊള്ളലാഭം കൊയ്യുന്നു

മനാമ: കേരളത്തിലും ഇന്ത്യയിലുമുള്ള പതിനായിരങ്ങള്‍ കൊവിഡ് സാഹചര്യം കാരണം പ്രവാസ ലോകത്തേക്ക് മടങ്ങാന്‍ കഴിയാതെ ബുദ്ധിമുട്ടുകയാണ്. പുതിയ സാഹചര്യത്തില്‍ വിമാന ടിക്കറ്റുകള്‍ക്ക് വമ്പന്‍ നിരക്ക് പ്രാബല്യത്തില്‍ വന്നതോടെയാണ് പലരുടെയും യാത്ര മുടങ്ങുന്നത്. ഇന്നലെ ബഹ്‌റൈനിലേക്ക് 70,000 രൂപയ്ക്ക് മുകളിലാണ് പലരും ടിക്കറ്റ് ബുക്ക് ചെയ്തിരിക്കുന്നത്. വിമാന ടിക്കറ്റ് നിരക്കിലെ വര്‍ദ്ധനവ് താങ്ങാനാവാത്തവര്‍ക്ക് ജോലി നഷ്ടപ്പെടുമെന്ന് സാഹചര്യമാണ്.

സൗദി അറേബ്യയിലേക്ക് ബഹ്‌റൈന്‍ വഴിയാണ് മിക്കവരും ഇപ്പോള്‍ പോകുന്നത്. കിംഗ് ഫഹദ് കോസ് വേയിലൂടെ സൗദിയിലേക്ക് ബഹ്‌റൈനില്‍ നിന്ന് എളുപ്പം സഞ്ചരിക്കാം. എന്നാല്‍ ഇന്ത്യയില്‍ നിന്നും ബഹ്‌റൈനില്‍(മനാമ) എത്തിപ്പെടുക അത്ര എളുപ്പമല്ല. ഏജന്‍സികള്‍ വഴി ടിക്കറ്റെടുക്കുന്നവര്‍ കമ്മീഷന്‍ ഫീസ് ഉള്‍പ്പെടെ നല്‍കിയാണ് ടിക്കറ്റ് ലഭ്യമാക്കുന്നത്. ആയിരക്കണക്കിന് പേര്‍ സൗദിയിലെ ജോലി സ്ഥലത്ത് എത്താനുള്ള ശ്രമങ്ങള്‍ തുടരുന്നതിനിടെയാണ് ഇരുട്ടടിയായി ടിക്കറ്റ് നിരക്കുയരുന്നത്.

കൂടിയ നിരക്ക് നല്‍കാന്‍ പലരും തയ്യാറാണെങ്കിലും വിമാനത്തില്‍ സീറ്റില്ലാത്തതിനാല്‍ യാത്ര പ്രതിസന്ധിയിലാണ്. സാധാരണക്കാരായ തൊഴിലാളികളാണ് ഏറ്റവും ബുദ്ധിമുട്ടിലായിരിക്കുന്നത്. നിരക്ക് കുറയുകയും കൃത്യമായ വിമാന സര്‍വീസുകള്‍ പുനരാരംഭിക്കുകയും ചെയ്യാതെ സാധാരണക്കാര്‍ക്ക് ജോലി സ്ഥലത്തേക്ക് തിരികെയെത്താനാവില്ല.

കോഴിക്കോട്, കൊച്ചി, തിരുവനന്തപുരം വിമാനത്താവളങ്ങള്‍ വഴി നേരത്തേ 15,000 രൂപയായിരുന്നു ബഹ്‌റൈനിലേക്കുള്ള ശരാശരി ടിക്കറ്റ് നിരക്ക്. വിമാന സര്‍വീസുകളുടെ എണ്ണം കുറയുകയും നിയന്ത്രണം നിലവില്‍ വരികയും ചെയ്തതോടെ നിരക്ക് 30,000ത്തിലേക്ക് എത്തച്ചേര്‍ന്നു. രണ്ടാഴ്ച മുന്‍പു ദുബായ് വഴി ബഹ്‌റൈനിലേക്കു പോയവര്‍ 32,000 രൂപയാണ് ടിക്കറ്റ് നിരക്ക്. 50,000രൂപയാണ് യുഎഇ വഴിയുള്ള വിമാന ടിക്കറ്റ് നിരക്ക്.

Covid 19 updates

Latest News