Top

ഫ്ലാറ്റിൽ നിന്ന് വീണ് ജോലിക്കാരി മരിച്ച സംഭവം: വീട്ടുടമ പെണ്‍കുട്ടിയെ ചട്ടുകം വെച്ച് പൊള്ളിച്ച കേസിലെ മുൻപ്രതി; വിവരങ്ങൾ പുറത്തുവിട്ട് വനിതാ കമ്മീഷൻ

14 വയസ്സുള്ള കുട്ടിയെ കൊണ്ട് ഇംതിയാസും ഭാര്യയും ജോലി ചെയ്യിച്ചുവെന്നതാണ് ആരോപണം. പിന്നീട് ജോലി ചെയ്യുന്നില്ല എന്ന് പറഞ്ഞു അതിക്രൂരമായി ദേഹോപദ്രവം ഏൽപ്പിക്കുകയും ചട്ടുകം കൊണ്ട് പൊള്ളിക്കുകയും ചെയ്തിട്ടുണ്ട് എന്നാണ് പരാതി.

14 Dec 2020 6:24 AM GMT

ഫ്ലാറ്റിൽ നിന്ന് വീണ് ജോലിക്കാരി മരിച്ച സംഭവം: വീട്ടുടമ പെണ്‍കുട്ടിയെ ചട്ടുകം വെച്ച് പൊള്ളിച്ച കേസിലെ മുൻപ്രതി; വിവരങ്ങൾ പുറത്തുവിട്ട് വനിതാ കമ്മീഷൻ
X

കൊച്ചി: വീട്ടുജോലിക്കാരി ഫ്ലാറ്റിൽ നിന്ന് വീണ് പരുക്കേൽക്കുകയും തുടർന്ന് മരിക്കുകയും ചെയ്ത സംഭവത്തിലെ അഭിഭാഷകനായ ഫ്ലാറ്റുടമ ഇംതിയാസ് അഹമ്മദ്ദ് മുൻപും സമാനകേസുകളിൽ പ്രതി. ഇയാൾ വീട്ടുജോലിക്കായി 14 വയസ്സുള്ള ഒരു കുട്ടിയെ നിർത്തിയിരുന്നതായും അതിക്രൂരമായ പീഡനം ഏൽപ്പിച്ചിരുന്നുവെന്നും തെളിയിക്കുന്ന വിവരങ്ങളാണ് ഇപ്പോൾ വെളിപ്പെട്ടിരിക്കുന്നത്.

വനിതാ കമ്മീഷൻ അധ്യക്ഷയായ എം സി ജോസഫൈനാണ് അഭിഭാഷകനായ ഇംതിയാസിന്റെ പഴയതും സമാനമായതുമായ കേസിന്‍റെ വിവരങ്ങൾ പുറത്തുവിട്ടത്. തേനി സ്വദേശിയായ 14 വയസ്സുള്ള കുട്ടിയെ കൊണ്ട് ഇംതിയാസും ഭാര്യയും ജോലി ചെയ്യിച്ചുവെന്നതാണ് ആരോപണം. പിന്നീട് ജോലി ചെയ്യുന്നില്ല എന്ന് പറഞ്ഞു അതിക്രൂരമായി ദേഹോപദ്രവം ഏൽപ്പിക്കുകയും ചട്ടുകം കൊണ്ട് പൊള്ളിക്കുകയും ചെയ്തിട്ടുണ്ട് എന്നാണ് പരാതി.

ഈ കേസാണ് പിന്നീട് കുട്ടിയുടെ അമ്മയുമായി ഒത്തുതീർപ്പായതെന്നാണ് ഇപ്പോൾ വനിതാ കമ്മീഷൻ ആരോപിക്കുന്നത്. ദുർബലമായ വകുപ്പുകൾ ചേർത്താണ് അന്ന് ആ കേസ് പൊലീസ് രജിസ്റ്റർ ചെയ്തിരുന്നത്. കൂടാതെ കുട്ടിയുടെ മാതാവ് പരാതിയില്ല എന്നറിയിച്ചതിനെ തുടർന്ന് കേസ് തള്ളിപ്പോവുകയായിരുന്നു.

അതുകൊണ്ടു തന്നെ ഇപ്പോഴുണ്ടായിരിക്കുന്ന ഈ കേസിൽ ദുരൂഹതയുണ്ടെന്നും കൂടുതൽ അന്വേഷണം വേണമെന്നും എം സി ജോസഫൈൻ ആവശ്യപ്പെട്ടിരിക്കുകയാണ്. എറണാകുളം സെൻട്രൽ സിഐയോട് വനിതാ കമ്മീഷൻ റിപ്പോർട്ട് തേടിയിട്ടുമുണ്ട്. ഇതേ അഭിഭാഷകനെതിരെ 2010-ൽ രജിസ്റ്റർ ചെയ്ത പഴയ കേസിലും വനിതാ കമ്മീഷൻ പുനരന്വേഷണം ആവശ്യപ്പെട്ടിട്ടുണ്ട്.

ഫ്ലാറ്റുടമയായ ഹൈക്കോടതി അഭിഭാഷകൻ ഇംതിയാസും കുടുംബവും നിലവിൽ ഒളിവിലെന്നാണ് പൊലീസ് സൂചിപ്പിക്കുന്നത്. പലപ്പോഴായി പൊലീസ് ഇയാളെ അന്വേഷിച്ചു ഫ്ലാറ്റിൽ എത്തിയിരുന്നു എങ്കിലും ആൾ സ്ഥലത്തില്ല എന്ന മറുപടിയാണ് കിട്ടുന്നത്. ഫോണിൽ ബന്ധപ്പെടാനും സാധിക്കുന്നില്ല എന്ന് പൊലീസ് സൂചിപ്പിക്കുന്നു. ഒരുപക്ഷേ ഇയാൾ മുൻ‌കൂർ ജാമ്യത്തിനായി ശ്രമിക്കുകയാകാമെന്നും സൂചനയുണ്ട്.

ഇംതിയാസ് അഹമ്മദ്ദിന്റെ ഉടമസ്ഥതയിലുള്ള ആറാം നിലയിലെ ഫ്ലാറ്റിൽ നിന്നാണ് സേലം സ്വദേശി ശ്രീനിവാസന്റെ ഭാര്യ കുമാരിക്ക് വീണ് പരുക്ക് പറ്റുന്നത്. കഴിഞ്ഞ ഏഴു ദിവസമായി ഗുരുതരാവസ്ഥയിൽ ആയിരുന്നതിനാല്‍ ഇവരുടെ മൊഴിയെടുക്കാന്‍ കഴിഞ്ഞിരുന്നില്ല. ഇന്നു പുലര്‍ച്ചയോടെ ആരോഗ്യനില വഷളാകുകയും മരണം സംഭവിക്കുകയുമായിരുന്നു.

ദുരൂഹമായ ഈ അപകടത്തിന് കാരണം ഫ്‌ലാറ്റ് ഉടമയാണെന്ന് കുമാരിയുടെ ഭര്‍ത്താവ് ശ്രീനിവാസന്‍ മൊഴി നൽകിയിട്ടുള്ളത്. കുമാരി വീട്ടുടമസ്ഥനിൽ നിന്നും 10000 രൂപ അഡ്വാന്‍സ് വാങ്ങിയിരുന്നു. അടിയന്തര ആവശ്യത്തിന് വീട്ടില്‍ പോകാന്‍ അനുവാദം ചോദിച്ചപ്പോള്‍ അഡ്വാന്‍സ് തിരിച്ച് നല്‍കാതെ പോകാന്‍ പറ്റില്ലെന്ന് പറഞ്ഞ് ഇവരെ പൂട്ടിയിട്ടെന്നാണ് പരാതിക്കാരന്‍ മൊഴി നല്‍കിയത്. എന്നാല്‍ തങ്ങള്‍ക്ക് ഒന്നും പറയാനില്ലന്ന നിലപാടാണ് കുമാരിയുടെ ഭര്‍ത്താവ് ശ്രീനിവാസനും അടുത്ത ബന്ധുക്കളും ഇപ്പോള്‍ സ്വീകരിക്കുന്നത്.

എന്നാല്‍ ആദ്യഘട്ട ചോദ്യം ചെയ്യലില്‍ കുമാരിയെ തടഞ്ഞുവച്ചിട്ടില്ലെന്നാണ് ഇംത്യാസും ഭാര്യയും മൊഴി നല്‍കിയിരുന്നതെന്ന് പൊലീസ് പറഞ്ഞു. ഈ സാഹചര്യത്തില്‍ ഫ്‌ലാറ്റ് ഉടമയെ വീണ്ടും ചോദ്യം ചെയ്യാനാണ് പൊലീസിന്റെ തീരുമാനം. നിലവില്‍ ജാമ്യം ലഭിക്കാവുന്ന കുറ്റങ്ങള്‍ ചുമത്തിയാണ് പൊലീസ് കേസെടുത്തിട്ടുള്ളത്. എഫ്‌ഐആറില്‍ പ്രതി ആരെന്ന് രേഖപ്പെടുത്തിയിട്ടുമില്ല.

Next Story

Popular Stories