കൊവിഡ് 19: ഏറ്റവും കൂടുതൽ ഓടിയ അഞ്ചു വ്യാജവാർത്തകൾ

2021നെ സ്വാഗതം ചെയ്യാനുള്ള സമയം അടുത്തു വരികയാണ്. 2020 എങ്ങനെയായിരുന്നു എന്നൊരു ചോദ്യം ഇനി പ്രത്യേകം ചോദിക്കേണ്ട കാര്യമില്ല. കൊവിഡും തന്മൂലമുണ്ടായ മരണങ്ങളും,അത് സൃഷ്‌ടിച്ച ഭീതിയും ഇപ്പോഴും നമ്മളിൽ പലരുടെയും മനസ്സിൽ കണ്ടേക്കും.

കൊവിഡ് 19 പൊട്ടിപ്പുറപ്പെടുമ്പോൾ അസുഖത്തെ എങ്ങനെ നേരിടണമെന്നൊരു പകപ്പ് ആരോഗ്യ വിദഗ്ധർക്കുമുണ്ടായിരുന്നു. എന്നാൽ പിന്നീട് രോഗബാധയെയും, വൈറസിനെയും പറ്റി കൃത്യമായി മനസ്സിലാക്കുകയും ഒട്ടും വൈകാതെ അത് ജനങ്ങളിലേക്ക് എത്തിക്കുകയും ആയിരുന്നു ആരോഗ്യമേഖല. ഈ കാലത്തിനിടയിൽ അജ്ഞത കൊണ്ടും അല്പജ്ഞാനം കൊണ്ടുമൊക്കെ തെറ്റായ വിവരങ്ങൾ വ്യാപകമായും വേഗതയിലും ജനങ്ങൾക്കിടയിൽ സമൂഹ മാധ്യമങ്ങളിലൂടെയും മറ്റും വ്യാപിച്ചിരുന്നു. അത്തരത്തിൽ 2020ൽ ഏറ്റവും കൂടുതൽ പ്രചരിപ്പിക്കപ്പെട്ട ചില ‘കൊറോണ വ്യാജ വാർത്തകൾ’ ഏതെല്ലാമെന്ന് നോക്കാം.

ഓഗസ്റ്റ് പതിനഞ്ചിന് പ്രധാനമന്ത്രി കൊറോണ വാക്സിൻ ഇന്ത്യയിൽ പുറത്തിറക്കും

പ്രധാനമന്ത്രി നരേന്ദ്ര മോദി ഓഗസ്റ്റ് 15ന് ദില്ലിയിലെ ചെങ്കോട്ടയിൽ നിന്നുള്ള സ്വാതന്ത്ര്യദിന പ്രസംഗത്തിൽ കൊറോണ വൈറസിനെതിരായുള്ള വാക്സിൻ പ്രഖ്യാപിക്കുമെന്നുള്ള വ്യാജവാർത്തയാണ് ഇതിലാദ്യം. റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ ഓഗസ്റ്റ് 11ന് അവരുടെ കൊവിഡ് പ്രതിരോധ വാക്സിനായ ‘സ്പുട്നിക് v ‘ന്റെ വികസന പുരോഗതി പ്രഖ്യാപിച്ചതോടെയാണ് ഇന്ത്യൻ പ്രധാനമന്ത്രിയുമായി ബന്ധപ്പെടുത്തിയും ഇത്തരം അഭ്യൂഹങ്ങൾ പ്രചരിച്ചത്. നൂറു ശതമാനവും വാസ്തവവിരുദ്ധമായ ഒരു വാർത്തയായിരുന്നു അതെന്ന് തെളിയാൻ അധികം കാത്തിരിക്കേണ്ടി വന്നില്ല എന്നുള്ളതാണ് ഏകആശ്വാസം.

കൊവിഡ് 19 വായുവിലൂടെ പകരുന്ന രോഗം

കൊവിഡ് 19 മഹാമാരി പൊട്ടിപ്പുറപ്പെട്ട ആദ്യ കാലയളവിൽ, കൃത്യമായ വിവരങ്ങളുടെ അഭാവം മൂലം ഇത് വായുവിലൂടെ പകരുന്ന രോഗമാണെന്ന് ജനം അനുമാനിച്ചിരുന്നു. ലോകാരോഗ്യ സംഘടനയും ഡോക്ടർമാരും ആളുകളോട് മാസ്ക് ധരിക്കാൻ ആവശ്യപ്പെട്ടിരുന്നത് ഈ അനുമാനത്തെ അടിസ്ഥാനമാക്കി ആണെന്നാണ് അവർ കരുതിയത്. എന്നാൽ ഈ അനുമാനം ശരിയല്ലെന്ന് തുടർഗവേഷണങ്ങൾ തെളിയിച്ചു.

കൊവിഡ് 19 ഒരു ഡ്രോപ്‌ലെറ്റ് സംക്രമണ രീതിയിലൂടെയാണ് പകരുക. അതായത് വൈറസ് പടരുന്നത് രോഗം ബാധിച്ച ഒരാളുടെ ശരീരത്തിൽ നിന്ന് പുറത്തുവരുന്ന തുള്ളികളിലൂടെയോ അല്ലെങ്കിൽ ശരീര ദ്രവങ്ങളിലൂടെയോ ആണെന്നർത്ഥം. വളരെ വേഗം തന്നെ ഈ വെളിപ്പെട്ടു.

ഇന്ത്യയിൽ ലോക്ക്ഡൌൺ വീണ്ടും ചുമത്തപ്പെടും

നവംബർ 5 മുതൽ ബ്രിട്ടനിൽ രണ്ടാമത്തെ ലോക്ക്ഡൗൺ ആരംഭിക്കുമെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ പ്രഖ്യാപിച്ചിരുന്നു. ഫ്രഞ്ച് സർക്കാറും സമാനമായ സമയത്തു ഫ്രാൻസിൽ രണ്ടാമത്തെ ലോക്ക്ഡൗൺ ഏർപ്പെടുത്തി.

ആ സമയത്തു ഇന്ത്യയിൽ കൊറോണയുടെ രണ്ടാംതരംഗം ആരംഭിക്കുകയായിരുന്നു. രാജ്യത്ത് കൊറോണബാധ വർദ്ധിച്ചു കൊണ്ടിരിക്കുകയാണെന്ന് എയിംസ് ഡയറക്ടർ രൺദീപ് ഗുലേറിയ സൂചിപ്പിച്ചിരുന്നു. അശ്രദ്ധയും വായുമലിനീകരണവും വർദ്ധിക്കുന്ന ഈ സാഹചര്യത്തെ ശ്രദ്ധയോടെ കൈകാര്യം ചെയ്യണമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകിയിരുന്നു. ഇതേ തുടർന്നാണ് ഇന്ത്യയിലും വീണ്ടും ലോക്ക്ഡൌൺ ചുമത്തപ്പെടും എന്നുള്ള വാർത്തകൾക്കു ജീവൻ വെച്ചത്.

കിം ജോംഗ് ഉന്നിന്റെ മരണം

നോർത്ത് കൊറിയയുടെ പരമാധികാരിയായ കിം ജോംഗ് ഉൻ മരണപ്പെട്ടു എന്ന വാർത്ത വാസ്തവമാണോ അല്ലയോ എന്ന് തിരിച്ചറിയാൻ ജനം അത്യാവശ്യം പ്രയാസപ്പെട്ടു എന്നുവേണം മനസ്സിലാക്കാൻ. കാരണം മൂന്നു ഘട്ടമായാണ് അദ്ദേഹത്തിന്റെ മരണവാർത്ത രൂപപ്പെട്ടു വന്നത്.

ആദ്യം അദ്ദേഹത്തിന്റെ മുത്തച്ഛനും, ഉത്തര കൊറിയയുടെ സ്ഥാപകനുമായ കിം ഇൽ-സങ്ങിന്റെ ജന്മദിനത്തോട് അനുബന്ധിച്ചുണ്ടായ പ്രത്യേക ആഘോഷത്തിൽ അദ്ദേഹം സന്നിഹിതനായിരുന്നില്ല എന്നതാണ്. രണ്ടാമതായി കിം ജോംഗ് ഉൻ ഹൃദയസംബന്ധിയായ എന്തോ ഒരു പ്രക്രിയയ്ക്ക് വിധേയനായിരുന്നുവെന്നും സുഖം പ്രാപിക്കുകയാണെന്നും ഉള്ള ഉറവിടം വെളിപ്പെടാത്ത മറ്റൊരു വാർത്തയാണ്.

ഇതേ തുടർന്ന് ലോകമാധ്യമങ്ങളിൽ പലതും തന്നെ കിം ജോങിന്റെ ആരോഗ്യ സംബന്ധിയായ ആ റിപ്പോർട്ടിന്റെ കൂടുതൽ ആധികാരികതക്കായി രഹസ്യാന്വേഷണ വിഭാഗങ്ങളെ ഉപയോഗിക്കുക ആയിരുന്നു. ഇവയുടെയെല്ലാം കൂട്ടായ പ്രവർത്തനമാണ് പിന്നീട് കിം ‘ഗുരുതരമായ രോഗത്തിനടിമ’ അല്ലെങ്കിൽ ‘മരിച്ചു’ എന്നുള്ള വാർത്തകളായി പരിണമിച്ചത്.

കൊറോണ പകരുന്നത് വവ്വാലുകൾ,പാമ്പുകൾ എന്നിവ വഴി

കൊവിഡ് 19 പൊട്ടിപുറപ്പെടുമ്പോൾ ഈ വൈറസുകളുടെ വാഹകർ വവ്വാലുകളും പാമ്പുകളുമാണെന്ന അഭ്യൂഹങ്ങളും കൂടെ പൊട്ടിപുറപ്പെട്ടിരുന്നു. എന്നാൽ സസ്തനികളെയും പക്ഷികളെയും ഒഴികെയുള്ള ജീവികളെ കൊറോണ വൈറസ് ബാധിക്കുമെന്നതിന് തെളിവില്ലെന്നാണ് ശാസ്ത്രപക്ഷം അഭിപ്രായപ്പെട്ടത് .

അതായത് വവ്വാലുകൾ SARS-CoV-2 ന്റെ സ്വാഭാവിക വാഹകരാണെങ്കിലും, വവ്വാലുകളിൽ നിന്ന് മനുഷ്യരിലേക്ക് ഈ വൈറസ് പകരാൻ ഒരു മധ്യവർത്തിയുടെ ആവശ്യമുണ്ട്. കൂടാതെ രോഗവാഹകരുടെ പട്ടികയിൽ പാമ്പ് ഒരു കാരണവശാലും ഉൾപ്പെടുന്നില്ല എന്നും ശാസ്ത്രലോകം ഉറപ്പ് നൽകി.

പരിഭ്രാന്തിയുടെ ഭാഗമായാണെങ്കിലും അല്ലെങ്കിലും ഇത്തരം വാർത്തകൾ പ്രചരിപ്പിക്കുന്ന രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യ, അമേരിക്ക, ചൈന, സ്പെയിൻ മുതലായ രാജ്യങ്ങളാണ് മുൻപന്തിയിലെന്ന് വാർത്ത മാധ്യമങ്ങൾ ചൂണ്ടികാണിക്കുന്നു. കൊവിഡുമായി ബന്ധപ്പെട്ട തെറ്റായ വിവരങ്ങൾ, കിംവദന്തികൾ, ഗൂഡാലോചന സിദ്ധാന്തങ്ങൾ എന്നിവ 25 ഭാഷകളിലായി 87 രാജ്യങ്ങളിലെങ്കിലും പ്രചരിക്കുന്നുണ്ടെന്നാണ് പഠനങ്ങൾ പറയുന്നത്.

Latest News