പള്ളിക്കുള്ളിൽ സ്ത്രീകൾക്കായി ജിംനേഷ്യം; ദിവസത്തിൽ രണ്ട് സെഷൻ,പരിശീലക,ആരോഗ്യ ഉപദേഷ്ടാവ് പിന്നെ ഒരു ഡോക്ടറും

ഹൈദരാബാദ് : സ്ത്രീകൾക്കായി പള്ളിക്കുള്ളിൽ ജിം ഒരുക്കി ഹൈദരാബാദിലെ മസ്‌ജിദ്‌ എ മുസ്‌തഫ മുസ്‌ലിം പള്ളി. അടുത്തുള്ള ചേരികളിൽ താമസിക്കുന്ന സ്ത്രീകളുടെ ആരോഗ്യാവസ്ഥ മെച്ചപ്പെടുത്തുക എന്ന ഉദ്ദേശത്തോടെയാണ് രാജേന്ദ്രനഗറിലെ പള്ളിയിൽ ജിം ഒരുക്കിയിരിക്കുന്നത്. പള്ളിയിൽ ജിംനേഷ്യം ഉൾപ്പെടുന്ന ഒരു വെൽനസ് സെന്ററാണ് സ്ഥാപിച്ചിട്ടുള്ളത്.

സംസ്ഥാനത്ത് ഇതാദ്യമായാണ് സ്ത്രീകൾക്കു വേണ്ടി ഒരു ജിമ്മും ഒരു വിദഗ്‌ധ പരിശീലകയെയും ഒരു പള്ളി നൽകിയിരിക്കുന്നത്. ചേരി പ്രദേശങ്ങളിൽ താമസിക്കുന്ന സ്ത്രീകളിൽ പകർച്ചവ്യാധികൾ വരുന്നത് കുറക്കുക എന്നതാണ് ഈ വെൽനസ് സെന്ററിന്റെ ലക്ഷ്യം.

ദിവസത്തിൽ രണ്ട് സെഷനുകൾ വീതമാണ് ജിമ്മിൽ ഇപ്പോൾ ഒരുക്കിയിരിക്കുന്നത്. സ്ത്രീകളെ വ്യായാമങ്ങൾ പരിശീലിപ്പിക്കുന്നതിനായി ഒരു പ്രൊഫഷണൽ വനിതാ പരിശീലക ആരോഗ്യ ഉപദേഷ്ടാക്കൾ കൂടാതെ ഒരു ഡോക്ടറും നിയമിക്കപെട്ടിട്ടുണ്ട്.

ചേരികളിൽ നടത്തിയ സർവേയിൽ 52 ശതമാനം സ്ത്രീകൾക്ക് ‘കാർഡിയോമെറ്റബോളിക് സിൻഡ്രോം’ ഉണ്ടെന്ന് വെളിപ്പെട്ടതിനെ തുടർന്നാണ് ജിം സ്ഥാപിക്കപ്പെട്ടത്. സാംക്രമികേതര രോഗങ്ങൾ‌ പിടിപെടാൻ സാധ്യത കൂടുതലുള്ള സ്ത്രീകളെയും അമിതവണ്ണമുള്ളവരെയും അനാരോഗ്യകരമായ അവസ്ഥയുള്ളവരെയും ആണ് സർവ്വേ വഴി തിരിച്ചറിയാൻ സാധിച്ചത്.

ഇത്തരം ആരോഗ്യാവസ്ഥകൾ മൂലമുണ്ടാകുന്ന അപകട സാധ്യതയെ പറ്റി സൂചിപ്പിക്കാനും ഭക്ഷണക്രമം വ്യായാമം എന്നിവയെ പറ്റി കൗൺസിലിംഗ് നൽകാനും വൃക്ക കരൾ കണ്ണ് സംബന്ധിയായ പ്രശ്നങ്ങൾ പരിശോധിക്കാനും ആയാണ് മോസ്‌കിലെ ക്ലിനിക്-കം-ജിം പ്രധാനമായും ലക്ഷ്യം വെക്കുന്നത്.

യുഎസ് ആസ്ഥാനമായി പ്രവർത്തിക്കുന്ന എൻ‌ജി‌ഒയായ ‘സീഡ് ‘ ആണ് മസ്‌ജിദ്‌ എ മുസ്‌തഫയിലെ ജിമ്മിന് ധനസഹായം നൽകുന്നത്. വെൽനസ് സെന്ററിന്റെ നടത്തിപ്പിൽ പള്ളി കമ്മിറ്റിയുമായി സഹകരിക്കുന്നത് ‘ഹെൽപ്പിംഗ് ഹാൻഡ് ഫൗണ്ടേഷൻ’ എന്നഎൻ‌ജി‌ഒ ആണ്.

Latest News