Top

കോടതി ഉദ്യോഗസ്ഥരുടെ ജോലി തടസ്സപ്പെടുത്തി; ഉദ്യോഗസ്ഥരുടെ കണ്‍മുന്നില്‍ വെച്ച് വെന്തുമരിച്ച രാജനെതിരെ പൊലീസ് സ്വമേധയാ കേസെടുത്തു

പൊലീസുകാര്‍ക്കെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ട് രാജന്റെ രണ്ടുമക്കളും പരാതി നല്‍കിയിട്ടുണ്ട്.

30 Dec 2020 12:50 AM GMT

കോടതി ഉദ്യോഗസ്ഥരുടെ ജോലി തടസ്സപ്പെടുത്തി; ഉദ്യോഗസ്ഥരുടെ കണ്‍മുന്നില്‍ വെച്ച് വെന്തുമരിച്ച രാജനെതിരെ പൊലീസ് സ്വമേധയാ കേസെടുത്തു
X

നെയ്യാറ്റിന്‍കരയില്‍ ജപ്തി നടപടിയ്ക്കിടെ ആത്മഹത്യചെയ്ത രാജനെതിരെ പൊലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിരുന്നതായി റിപ്പോര്‍ട്ട്. കോടതി ഉദ്യോഗസ്ഥരുടെ ജോലി തടസ്സപ്പെടുത്തി, ആത്മഹത്യശ്രമം നടത്തി എന്നിവ ചൂണ്ടിക്കാട്ടിയാണ് രാജനെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. അഭിഭാഷക കമ്മീഷന്റെ മൊഴിയില്‍ പൊലീസ് സ്വമേധയാ കേസെടുക്കുകയായിരുന്നു. അതേസമയം രാജന്റേയും ഭാര്യയുടേയും മരണത്തില്‍ പൊലീസിന്റെ ഭാഗത്തുനിന്നും വീഴ്ച്ചയുണ്ടായോ എന്ന് കണ്ടെത്തുന്നതിന് അന്വേഷണം ആരംഭിച്ചു കഴിഞ്ഞിട്ടുണ്ട്.

പൊലീസുകാര്‍ക്കെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ട് രാജന്റെ രണ്ടുമക്കളും പരാതി നല്‍കിയിട്ടുണ്ട്. വിഷയത്തില്‍ പൊലീസ് കാണിച്ച അമിതാവേശം സംശയമുളവാക്കുന്നതാണെന്ന് മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി രാജന്റെ വീട് സന്ദര്‍സിച്ചശേഷം പറഞ്ഞിരുന്നു.

രാജന്റേയും അമ്പിളിയുടേയും മരണത്തില്‍ നടപടി ആവശ്യപ്പെട്ട് നാട്ടുകാര്‍ അമ്പിളിയുടെ മൃതദേഹം തടഞ്ഞ് പ്രതിഷേധിച്ചിരുന്നു. പൊലീസ് ഉദ്യോഗസ്ഥനെ സസ്‌പെന്‍ഡ് ചെയ്യുമെന്നതുള്‍പ്പെടെയുള്ള കളക്ടറുടെ ഉറപ്പുകളിലാണ് നാട്ടുകാര്‍ പ്രതിഷേധം അവസാനിപ്പിച്ചത്. മരിച്ച രാജന്റെ കുടുംബം ഉന്നയിച്ച ആവശ്യങ്ങള്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ ശ്രദ്ധയില്‍ പെടുത്തും. മുഖ്യമന്ത്രിയുമായി സംസാരിച്ച ശേഷം ബാക്കി ആവശ്യങ്ങള്‍ തീരുമാനിക്കുമെന്നും കളക്ടര്‍ അറിയിച്ചു. അതേ സ്ഥലത്ത് തന്നെ വീടുവെച്ച് നല്‍കണം, മക്കള്‍ക്ക് സാമ്പത്തിക സഹായം ഒരാള്‍ക്ക് ജോലി, പരാതിക്കാരിയായ വസന്തയെ അറസ്റ്റ് ചെയ്യണം എന്നിവയാണ് മറ്റു ആവശ്യങ്ങള്‍.
കളക്ടറെ പൂര്‍ണമായും വിശ്വസിക്കുന്നെന്ന് രാജന്റെ മക്കള്‍ മാധ്യമങ്ങളോട് പറഞ്ഞു.

അതേസമയം, സംഭവത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഡിജിപി ലോക്‌നാഥ് ബഹ്‌റയുമായി കൂടികാഴ്ച്ച നടത്തി. എറണാകുളം ഗവണ്‍മെന്റ് ഗസ്റ്റ് ഹൗസില്‍ എത്തിയായിരുന്നു കൂടിക്കാഴ്ച്ച. സംഭവം കൈകാര്യം ചെയ്ത രീതിക്കെതിരെ കടുത്ത വിമര്‍ശനം ഉയര്‍ന്നിരുന്നു. പൊലീസിനെതിരെ സാമൂഹ്യ മാധ്യമങ്ങളിലടക്കം വിമര്‍ശനം ഉയര്‍ന്ന പശ്ചാത്തലത്തിലായിരുന്നു മുഖ്യമന്ത്രിക്ക് ഡിജിപി നേരിട്ട് റിപ്പോര്‍ട്ട് നല്‍കിയത്. 6.15ന് ആരംഭിച്ച കൂടിക്കാഴ്ച്ച ഒരു മണിക്കൂര്‍ നീണ്ടു. ശേഷം മാധ്യമങ്ങളോട് പ്രതികരിച്ച ഡിജിപി സംഭവത്തിന് ഇരുവശമുണ്ടെന്ന് ചൂണ്ടിക്കാട്ടി. എസ്.പിയുടെ റിപ്പോര്‍ട്ട് കിട്ടിയതിനു ശേഷം കൂടുതല്‍ പ്രതികരിക്കാമെന്നും ഡിജിപി അറിയിച്ചു.

Next Story

Popular Stories