ഊഴം വച്ച് മന്ത്രിപദം എല്‍ഡിഎഫില്‍ ആദ്യം, 21 മന്ത്രിമാരും; ഇനി എന്തൊക്കെ പ്രത്യേകതകള്‍
രണ്ടാം പിണറായി വിജയന് സര്‍ക്കാര്‍ ഈ മാസം 20 ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും. എല്‍ജെഡി ഒഴികെ എല്ലാ ഘടകകക്ഷികളേയും ചേര്‍ത്ത് മുന്നോട്ട് പോകാനാണ് മുന്നണി തീരുമാനം. അതുകൊണ്ട് തന്നെ ഇത്തവണ പരമാവധി അംഗസംഖ്യയായ 21 പേരെയും ഉള്‍പ്പെടുത്തിയ മന്ത്രിസഭയാണ് അധികാരത്തില്‍ വരുന്നത്. വിഎസ് സര്‍ക്കാരിലും, ഒന്നാം പിണറായി മന്ത്രിസഭയിലും 20 അംഗങ്ങള്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. വിട്ടുവീഴ്ചയുടെ ഭാഗമായി ആ പതിവ് തെറ്റിക്കുകയാണ് എല്‍ഡിഎഫ് ഇത്തവണ. മുന്നണിക്ക് നേതൃത്വം കൊടുക്കുന്ന സിപിഐഎമ്മിന് മുഖ്യമന്ത്രി ഉള്‍പ്പെടെ 12 മന്ത്രിസ്ഥാനങ്ങളും […]

രണ്ടാം പിണറായി വിജയന് സര്‍ക്കാര്‍ ഈ മാസം 20 ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും. എല്‍ജെഡി ഒഴികെ എല്ലാ ഘടകകക്ഷികളേയും ചേര്‍ത്ത് മുന്നോട്ട് പോകാനാണ് മുന്നണി തീരുമാനം. അതുകൊണ്ട് തന്നെ ഇത്തവണ പരമാവധി അംഗസംഖ്യയായ 21 പേരെയും ഉള്‍പ്പെടുത്തിയ മന്ത്രിസഭയാണ് അധികാരത്തില്‍ വരുന്നത്. വിഎസ് സര്‍ക്കാരിലും, ഒന്നാം പിണറായി മന്ത്രിസഭയിലും 20 അംഗങ്ങള്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. വിട്ടുവീഴ്ചയുടെ ഭാഗമായി ആ പതിവ് തെറ്റിക്കുകയാണ് എല്‍ഡിഎഫ് ഇത്തവണ.
മുന്നണിക്ക് നേതൃത്വം കൊടുക്കുന്ന സിപിഐഎമ്മിന് മുഖ്യമന്ത്രി ഉള്‍പ്പെടെ 12 മന്ത്രിസ്ഥാനങ്ങളും സ്പീക്കര്‍ പദവിയും ലഭിക്കും. കഴിഞ്ഞ സര്‍ക്കാരിന്റെ തുടക്കത്തിലും 12 മന്ത്രിമാരായിരുന്നു സിപിഐഎമ്മിന്. എന്നാല്‍ ബന്ധുനിയമന വിവാദത്തെ തുടര്‍ന്ന് രാജിവച്ച ശേഷം തിരിച്ചുവന്ന ഇപി ജയരാജന് വീണ്ടും പ്രാതിനിധ്യം നല്‍കിയതോടെ അംഗസംഖ്യ 13 ആയി ഉയര്‍ന്നു. ഇതിന് ആനുപാതികമായിട്ടായിരുന്നു സിപിഐയ്ക്ക് ക്യാബിനറ്റ് റാങ്കോടെ ചീഫ് വിപ്പ് പദവി നല്‍കിയത്.
ഇത്തവണ 67 അംഗങ്ങള്‍ ഉണ്ടെങ്കിലും ഘടകകക്ഷികളെ കൂടി പരിഗണിക്കേണ്ടത് കണക്കിലെടുത്താണ് ഒരു മന്ത്രിസ്ഥാനം വിട്ടുനല്‍കാന്‍ സിപിഐഎം തയ്യാറായത്. ഇതോടെ ചീഫ് വിപ്പ് സ്ഥാനം വിട്ടുനല്‍കാന്‍ സിപിഐയും സമ്മതം മൂളി. 17 അംഗങ്ങളുള്ള സിപിഐയ്ക്ക് നിലവിലുള്ള നാല് മന്ത്രിസ്ഥാനവും ഡെപ്യൂട്ടി സ്പീക്കര്‍ സ്ഥാനവുമാണ് ലഭിച്ചിരിക്കുന്നത്.
മുന്നണിയിലേക്ക് പുതുതായി വന്ന കേരളാ കോണ്‍ഗ്രസ് മാണി വിഭാഗത്തിന് അഞ്ച് അംഗങ്ങളാണുള്ളത്. രണ്ട് മന്ത്രിസ്ഥാനത്തിന് വേണ്ടി അവസാനം വരെ ശക്തിയായി വാദിച്ചെങ്കിലും നിലവിലെ സാഹചര്യത്തില്‍ അതിനുള്ള ബുദ്ധിമുട്ട് സിപിഐഎം അറിയിച്ചു. തുടര്‍ന്ന് ഒരുമന്ത്രിസ്ഥാനവും ക്യാബിനറ്റ് റാങ്കുള്ള ചീഫ് വിപ്പ് പദവിയും നല്കി ജോസ് കെ മാണി വിഭാഗത്തെ തൃപ്തിപ്പെടുത്തി.
രണ്ട് അംഗങ്ങള്‍ വീതമുള്ള ജനതാദള്‍ എസ്, എന്‍സിപി എന്നിവര്‍ക്ക് നിലവിലുള്ള ഓരോ മന്ത്രിസ്ഥാനങ്ങള്‍ തന്നെ നല്കി. പിന്നീട് ശേഷിക്കുന്നത് രണ്ട് മന്ത്രിസ്ഥാനങ്ങള്‍. ഒറ്റ എംഎല്‍എമാരുള്ള അഞ്ച് ഘടകകക്ഷികളാണ് എല്‍ഡിഎഫിലുള്ളത്. ഇതില്‍ യുഡിഎഫില്‍ നിന്ന് മടങ്ങിച്ചെന്ന എല്‍ജെഡിക്ക് മാത്രമാണ് മന്ത്രിസഭയില്‍ പ്രാതിനിധ്യം ലഭിക്കാതെ പോയത്. സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം പാര്‍ട്ടിക്ക് അര്‍ഹമായ പദവി നല്‍കുമെന്നാണ് വാഗ്ദാനം.
ബാക്കിയുള്ള നാല് ഘടകകക്ഷികള്‍ക്കുമായി രണ്ട് മന്ത്രിസ്ഥാനങ്ങള്‍ ടേം വ്യവസ്ഥയില്‍ നല്കാന് സിപിഐഎം തീരുമാനിച്ചു. ഇതോടെ ചെറുതും വലുതുമായ എല്ലാ കക്ഷികളെയും പരിഗണിക്കാന്‍ സാധിച്ചു. കേരളാ കോണ്‍ഗ്രസ് ബി, കോണ്‍ഗ്രസ് എസ്, ജനാധിപത്യ കേരളാ കോണ്‍ഗ്രസ്, ഐഎന്‍എല്‍ എന്നിവര്‍ രണ്ടര വര്‍ഷം വീതം മന്ത്രിസ്ഥാനം പങ്കിടും. ആദ്യ രണ്ടര വര്‍ഷം ജനാധിപത്യ കേരളാ കോണ്‍ഗ്രസിന്റെ ആന്റണി രാജു, ഐഎന്‍എല്ലിന്റെ അഹമ്മദ് ദേവര്‍കോവില്‍ എന്നിവര്‍ മന്ത്രിമാരാകും.
ശേഷിക്കുന്ന രണ്ടര വര്‍ഷം കേരളാ കോണ്‍ഗ്രസ് ബിയുടെ കെബി ഗണേഷ് കുമാര്‍, കോണ്‍ഗ്രസ് എസിന്റെ കടന്നപ്പള്ളി രാമചന്ദ്രന് എന്നിവര്‍ക്കും അവസരം ലഭിക്കും. ഘടകകക്ഷികള്‍ പാര്‍ട്ടിക്കുള്ളിലെ സമവായത്തിന്റെ ഭാഗമായി മന്ത്രിസ്ഥാനം ഊഴം വച്ചെടുത്തിട്ടുണ്ട്. എന്നാല്‍ എല്‍ഡിഎഫിന്റെ ചരിത്രത്തില്‍ ഇതാദ്യമായാണ് മന്ത്രിസ്ഥാനം ഘടകകക്ഷികള്‍ക്ക് പങ്കിട്ട് നല്‍കുന്നത്..മുന്നണി കണ്‍വീനര്‍ കൂടിയായ എ വിജയരാഘവന് വിഭജനതീരുമാനം കൃത്യമായി വിശദീകരിക്കുകയും ചെയ്തു.