Top

"നിങ്ങൾ ജയിച്ചു, ഇത് രാജ്യത്തിന്റെ വിജയം"; കാർഷിക നിയമം റദ്ദാക്കൽ ആഘോഷിച്ച് താരങ്ങൾ

ബോളിവുഡ് താരങ്ങളായ താപ്‍സി പന്നു, റിച്ച ഛദ്ദ, സോനു സൂദ് തുടങ്ങിയവർ മന്ത്രിയുടെ തീരുമാനത്തിന് സ്വാഗതം ചെയ്തു

19 Nov 2021 7:02 AM GMT
ഫിൽമി റിപ്പോർട്ടർ

നിങ്ങൾ ജയിച്ചു, ഇത് രാജ്യത്തിന്റെ വിജയം; കാർഷിക നിയമം റദ്ദാക്കൽ ആഘോഷിച്ച്  താരങ്ങൾ
X

വിവാദ കാർഷിക നിയമങ്ങൾ പിൻവലിച്ചത് ആഘോഷിക്കുകയാണ് രാജ്യം. സമൂഹ മാധ്യമങ്ങളിൽ കാർഷിക നിയമം റദ്ദാക്കിയതിന്റെ ആഹ്ലാദ പ്രകടനങ്ങൾ നടത്തുന്നതിൽ സിനിമ താരങ്ങളും ഒട്ടും പുറകിലല്ല. ബോളിവുഡ് താരങ്ങളായ താപ്‍സി പന്നു, റിച്ച ഛദ്ദ, സോനു സൂദ് തുടങ്ങിയ നിരവധി പ്രമുഖരാണ് പ്രധാന മന്ത്രിയുടെ തീരുമാനത്തിന് സ്വാഗതം ചെയ്തും, കർഷകർക്ക് അഭിനന്ദനങ്ങൾ അറിയിച്ചും രംഗത്തെത്തിയത്.

"ഇത് കർഷകരുടെ വിജയമാണ്, നിങ്ങളുടെ വിജയം എല്ലാവരുടെയും വിജയമാണ്." എന്ന് റിച്ച ഛദ്ദ ട്വിറ്ററിൽ കുറിച്ചു. റിച്ച ഛദ്ദയുടെ ട്വീറ്റിനെ റീ ട്വീറ്റ് ചെയ്തുകൊണ്ട് തപ്‌സി പന്നുവും ആഹ്ലാദം പങ്കുവെച്ചു. "കാർഷിക നിയമങ്ങൾ പിൻവലിച്ചതിന് നരേന്ദ്ര മോദി ജിയ്ക്ക് നന്ദി, ഒപ്പം സമാധാനപരമായ പ്രതിഷേധങ്ങളിലൂടെ ആവശ്യങ്ങൾ ഉന്നയിച്ചതിന് കർഷകർക്കും നന്ദി. നിങ്ങൾ നിങ്ങളുടെ വീടുകളിലേക്ക് സന്തോഷത്തോടെ തന്നെ തിരിച്ചു പോകുമെന്ന് പ്രതീക്ഷിക്കുന്നു." സോനു സൂദ് ട്വീറ്റ് ചെയ്തു. "നിരവധി ജീവനുകൾ നഷ്ടപ്പെട്ടു. അത് കനത്ത നഷ്ടം തന്നെയാണ്. പക്ഷേ, സമാധാനപരമായി അവരുടെ ആവിശ്യം നേടിയെടുത്തതിൽ കർഷകരെ ഓർത്ത് അഭിമാനിക്കുന്നു! ജയ് കിസാൻ. ജയ് ഹിന്ദ്" ബോളിവുഡ് തരാം ശ്രുതി സേട്ട് കുറിച്ചു.

കാർഷിക നിയമങ്ങളെക്കുറിച്ച് ഒരു വിഭാഗം കർഷകരെ ബോധ്യപ്പെടുത്തുന്നതിൽ സർക്കാർ പരാജയപ്പെട്ടുവെന്ന് പറഞ്ഞായിരുന്നു പ്രധാനമന്ത്രി മോദി നിയമങ്ങൾ പിൻവലിച്ചുകൊണ്ട് ക്ഷമാപണം നടത്തിയത്. കർഷകരോട് അവരുടെ കുടുംബങ്ങളിലേക്ക് മടങ്ങാനും നമുക്ക് വീണ്ടും ആരംഭിക്കാം എന്നും അദ്ദേഹം അഭ്യർത്ഥിച്ചു.

കഴിഞ്ഞ വർഷം സെപ്റ്റംബറിലാണ് പാർലമെന്റ് മൂന്ന് കാർഷിക നിയമങ്ങൾ പാസാക്കിയത്. മൺസൂൺ സമ്മേളനത്തിൽ ശബ്ദ വോട്ടിലൂടെ പാർലമെന്റ് അംഗീകരിക്കുന്നതിന് മുമ്പ് മൂന്ന് ഓർഡിനൻസുകളായി ജൂൺ മാസത്തിലാണ് അവ ആദ്യം വന്നത്. ഈ കാർഷിക നിയമങ്ങൾക്കെതിരായ പ്രതിഷേധം കഴിഞ്ഞ ഒരു വർഷത്തിലേറെയായി തുടരുകയാണ്. ഈ നിയമങ്ങൾ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് ആയിരക്കണക്കിന് കർഷകർ ഡൽഹി അതിർത്തി പ്രദേശങ്ങളിൽ ക്യാമ്പ് ചെയ്തിരുന്നു. ആ കാത്തിരിപ്പിനും പ്രതിഷേധ സമരങ്ങൾക്കുമാണ് ഇപ്പോൾ അവസാനം ഉണ്ടായിരിക്കുന്നത്.



Next Story