Top

മലയാള സിനിമയെ ചുറ്റിപ്പറ്റിയുള്ള വിവാദങ്ങൾ അവസാനിക്കാതെ തുടരുമ്പോൾ; വിവാദത്തിലാക്കിയ 2021 ലെ ചിത്രങ്ങൾ

ഈ വർഷം അവസാനത്തോടടുക്കുമ്പോൾ വിവാദങ്ങൾ 'ചുരുളി' വരെ എത്തി നിൽക്കുന്നു

11 Dec 2021 7:07 AM GMT
ഫിൽമി റിപ്പോർട്ടർ

മലയാള സിനിമയെ ചുറ്റിപ്പറ്റിയുള്ള വിവാദങ്ങൾ അവസാനിക്കാതെ തുടരുമ്പോൾ; വിവാദത്തിലാക്കിയ 2021 ലെ ചിത്രങ്ങൾ
X

സദാചാര കണ്ണുകളിലൂടെയും മത വർഗീയത കാണിച്ചും തെറിവിളികൾ മാത്രം മുറിച്ചു കാട്ടിയും ഈ ഒരു വർഷം കൊണ്ട് മലയാള സിനിമയെ തേജോവധം ചെയ്തത് കുറച്ചൊന്നുമായിരുന്നുല്ല. 2021ൽ മാത്രം പുറത്തിറങ്ങിയ നിരവധി ചിത്രങ്ങൾ ഇത്തരത്തിൽ ഉണ്ട്. ഈ വർഷം അവസാനത്തോടടുക്കുമ്പോൾ വിവാദങ്ങൾ 'ചുരുളി' വരെ എത്തി നിൽക്കുന്നു. അബോർഷനെ ചിത്രത്തിലൂടെ ന്യായീകരിക്കുന്നു എന്ന് പറഞ്ഞ് 'സാറാസും' ഹൈന്ദവ വിശ്വാസത്തെയും സംസ്കാരത്തെയും തകർത്തെറിയാൻ ഉന്നം വച്ചുകൊണ്ട് ചിത്രീകരിച്ചു എന്ന് പറയപ്പെടുന്ന 'ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചനും' 'മാലിക്കിൽ' കടുത്ത ഇസ്ലാമോഫോബിയയാണ് എന്ന് പറഞ്ഞും ഉണ്ടായ വിവാദങ്ങൾക്ക് കയ്യും കണക്കുമില്ല.

2021ൽ ആദ്യം വിവാദമുണ്ടാക്കിയ ചിത്രമായിരുന്നു ജിയോ ബേബി സംവിധാനം ചെയ്ത 'ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ'. മികച്ച സംവിധായകൻ, മികച്ച ചിത്രം തുടങ്ങി സംസ്ഥാന ചലച്ചിത്ര അവാർഡുകൾ ലഭിച്ചു. എന്നാൽ ചിത്രത്തിൽ ഹൈന്ദവ മതത്തെ തകർത്തെറിയാനും, വിശ്വാസങ്ങളെയും ആചാരങ്ങളെയും അപമാനിക്കാനും ശ്രമിച്ചു എന്ന് നിരവധി അഭിപ്രായങ്ങൾ ഉണ്ടായി. പിന്നീട് കാണുന്നത് ചിത്രം ഒരു രാഷ്ട്രീയ ചർച്ചയാകുന്നതാണ്. പുരോഗമനം എന്നാൽ വിശ്വാസവിരുദ്ധതയാണ് എന്ന് സ്ഥാപിക്കാൻ ചിലർ ശ്രമിക്കുന്നുണ്ടെന്നും അവർ ആദ്യം ആക്രമിക്കാൻ ഉന്നംവയ്ക്കുന്നത് ഹൈന്ദവ വിശ്വാസത്തെയും സംസ്‌കാരത്തെയുമാണെന്നും ശോഭ സുരേന്ദ്രൻ അടക്കം സോഷ്യൽ മീഡിയയിലൂടെ പറഞ്ഞു. കൂടാതെ ചിത്രത്തിന് സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം നൽകിയതിന്റെ പേരിൽ ജൂറി അംഗം എൻ. ശശിധരൻ രംഗത്തെത്തി.


മതമൗലികവാദികളുടെ ഫണ്ട് ഉപയോഗിച്ചാണ് ചിത്രം നിർമ്മിച്ചതെന്നും തിരഞ്ഞെടുപ്പിൽ താൻ വിയോജിച്ചിരുന്നതായും ശശിധരൻ ആരോപിച്ചിരുന്നു. എന്നാൽ സോഷ്യൽ മീഡിയയിൽ പലരും അവരവരുടെ അമർഷം രേഖപ്പെടുത്തിയപ്പോൾ, മഹത്തായ പല അടുക്കളകളുടേയും കിടപ്പറകളുടേയും ഉള്ളിൽ യഥാ‍ർത്ഥത്തിൽ നടക്കുന്നതെന്തെന്ന് രണ്ട് മണിക്കൂറിൽ താഴെ സംവിധായകൻ ജിയോ ബേബി കാട്ടിത്തന്നു. ഒരു അതിശയോക്തിയുടെയും, സസ്പെൻസുകളുടെയും സാന്നിധ്യമില്ലാതെ വളരെ ലളിതമായി എടുത്ത സിനിമ നിരവധി പ്രേക്ഷകർക്ക് ഒരു പുതിയ അനുഭവമായിരുന്നു. മാത്രമല്ല വിവാദങ്ങൾക്ക് മറുപടിയായി ജസ്റ്റിസ് ചന്ദ്രചൂഢിന്റെവാക്കുകളും സിനിമയ്ക്ക് ശക്തി പകർന്നു.

"സുപ്രീം കോടതി വിധിന്യായത്തെപ്പറ്റിയുള്ള വാർത്തകളെ സിനിമ കണിശമായ മൂർച്ചയോടെ സമീപിക്കുന്നു. അതുമായ ഈ സ്ത്രീയുടെ ജീവിതയാഥാർത്ഥ്യം ചേർത്തുവയ്ക്കുന്നു. തീർത്ഥാടനത്തിന് പോകണമെന്ന അവകാശമൊന്നും അവൾ സ്ഥാപിക്കാൻ ശ്രമിക്കുന്നില്ല. ലിംഗപരമായ വേർതിരിവുകളിൽ വിലകെട്ടുപോകുന്ന സ്വന്തം നിലനിൽപ്പ് സംരക്ഷിക്കാനുള്ള വലിയൊരു സമരത്തിലാണവൾ.

ഇതൊരോർമപ്പെടുത്തലാണ്, നമ്മുടെ സമൂഹത്തിലെ ഇത്തരം വേർതിരിവുകളെ നിയമനിർമാണങ്ങൾ കൊണ്ടോ വിധിന്യായങ്ങൾക്കോ മാത്രം മാറ്റിമറിക്കാനാകില്ലെന്ന ഓർമപ്പെടുത്തൽ. ഏറ്റവും അടിസ്ഥാന അവകാശങ്ങൾക്കുവേണ്ടി ഇന്നും സ്ത്രീകൾ സമരത്തിലാണ്" എന്നായിരുന്നു അദ്ദേഹത്തിന്റെ വാക്കുകൾ.

'ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചണു'മായി ബന്ധപ്പെട്ട വിവാദങ്ങൾക്ക് ഒരു വിശ്രമം നൽകി കൊണ്ടാണ് 'സാറാസ്' എത്തുന്നത്. അന്ന ബെൻ മുഖ്യകഥാപാത്രമായി എത്തുന്ന 'സാറാസ്', പ്രമേയത്തിലെ വ്യത്യസ്തത കൊണ്ട് തന്നെ മികച്ച പ്രതികരണം നേടിയിരുന്നു. എന്നാൽ, ഒരു കോണിൽ നിന്നും ചിത്രത്തിനെതിരെ വലിയ വിമർശനങ്ങളും ഉയർന്ന് വന്നു. അബോർഷനെ ചിത്രത്തിലൂടെ ന്യായീകരിക്കാൻ ശ്രമിക്കുന്നു എന്നതായിരുന്നു സാറാസിനെതിരെ ഉയർന്നു വന്ന പ്രധാന വിമർശനം. സംവിധായകനായ ജൂഡ് ആന്റണി ഇതിനെ എതിർത്തുവെങ്കിലും അതെ അഭിപ്രായം തന്നെ നിരവധിപേർ ഉന്നയിച്ചു. "മറ്റ് പലിരിലുമുള്ള കാര്യങ്ങൽ നമുക്ക് ശരിയ്യല്ല എന്ന തോന്നൽ ഉണ്ടാകും. എന്നാൽ അത് അയാളുടെ ഇഷ്ടമാണെന്ന് വിചാരിച്ചാൽ തീരുന്ന പ്രശ്നമല്ലേയുള്ളുവെന്നും" ജൂഡ് പറഞ്ഞു. മറ്റൊരാളുടെ തീരുമാനം സമൂഹത്തിന് ദോഷമുണ്ടാക്കാത്ത പക്ഷം അതിൽ യാതൊരു തെറ്റുമില്ല എന്നതാണ് സിനിമയുടെ ആശയം പോലും. എന്നിട്ടും ഒരു സ്ത്രീയുടെ തീരുമാനം എന്നതിനപ്പുറം മറ്റൊന്നിനെ പ്രോത്സാഹിപ്പിക്കാൻ കാണിക്കുന്ന ചിത്രം എന്ന് മുദ്രകുത്തപ്പെട്ടു.

മതം എന്നതിനെ സിനിമയിലൂടെ എങ്ങനെ ഉപയോഗിച്ച്‌ വിവാദമുണ്ടാക്കാം എന്നതിനുദാഹരണമായിരുന്നു പിന്നീടിറങ്ങിയ 'മാലിക്'. ഒടിടിയിലെത്തിയ ചിത്രം സൂപ്പർ ഹിറ്റായതോടെ ആരാധകർ മാത്രമല്ല നിരവധി എതിരാളികളും സിനിമക്കുണ്ടായി. സിനിമ സാങ്കൽപ്പിക കഥയാണ് എന്ന് പറയുമ്പോഴും അത് 2009ൽ തിരുവനന്തപുരത്തെ ബീമപള്ളിയിൽ ഉണ്ടായ വെടിവെപ്പുമായി വന്ന സാമ്യതയാണ് വിവാദങ്ങൾക്ക് തുടക്കം കുറിക്കുന്നത്. ബീമപള്ളി വെടിപ്പനെ വെള്ളപൂശുകയാണ് സംവിധായകൻ മഹേഷ് നാരായണൻ ചെയ്തിരിക്കുന്നതെന്നും, അതേസമയം അന്നത്തെ ഇടതുപക്ഷ സർക്കാരിനെ കുറിച്ച് ഒന്നും തന്നെ സിനിമയിൽ പരാമർശിച്ചിട്ടില്ല എന്നും ആരോപണങ്ങൾ ഉയർന്നു. മാത്രമല്ല ഇസ്‌ലാമോ ഫോബിയ എന്ന പദം കൂടി 'മാലിക്കി'നോട് ചേർത്തു വച്ചപ്പോൾ വിവാദത്തിന് ചൂടുകൂടി. ചിത്രത്തിനെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പോസ്റ്റുകൾ സമൂഹ മാധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ടു.


ചിത്രത്തിൽ ഇസ്ലാമോ ഫോബിയ ഉണ്ടെന്നു എഴുത്തുകാരനായ എൻ എസ് മാധവൻ അഭിപ്രായപ്പെട്ടു. എന്നാൽ ചിത്രം ഒരു സംഭവത്തെയും ആധാരമാക്കിയല്ല, ഇതൊരു ഫിക്ഷൻ ആണെന്ന് സംവിധായകൻ മറുപടി നൽകിയപ്പോൾ വീണ്ടും ചോദ്യങ്ങൾ ഉയർന്നു. ചിത്രം ഫിക്ഷൻ ആണെങ്കിൽ എന്തുകൊണ്ട് ഒരു രാഷ്ട്രീയപാർട്ടിയ മാത്രം, പച്ചക്കൊടിയുള്ള രാഷ്ട്രീയ പാർട്ടിയ മാത്രം കാണിച്ചു?, എന്തുകൊണ്ട് ലക്ഷേദ്വീപിനെ ക്രിമിനലുകളുടെ ഇടമായി കാണിച്ചു?, രണ്ടു വിഭാഗങ്ങൾ തമ്മിൽ സംഘർഷമുണ്ടാകുമ്പോൾ എന്തുകൊണ്ട് ഒരു വിഭാഗത്തെ മാത്രം ഭീകരവാദവുമായി അടുത്തു നിൽക്കുന്നവരാക്കുന്നു? എന്നിങ്ങനെ.. എന്നാൽ 'മാലിക്കി'ലെ അഭിനയത്തേയും, മേക്കിങ്ങിനെയും കുറിച്ച് പറഞ്ഞുകൊണ്ട് സിനിമയെ നിരീക്ഷിച്ചവരും ചെറുതല്ല. ചിത്രത്തിൽ ഫഹദിന്റെ പ്രകടനത്തെ കുറിച്ച് പ്രേക്ഷകർ ചർച്ച ചെയ്തപ്പോഴും മാലിക്ക് ഗംഭീരമാകുന്നത് ഫഹദിന്റെ കഥാപാത്രം മാത്രമായിരുന്നില്ല. ഓരോ കഥാപാത്രവും ചിത്രത്തിന്റെ നട്ടെല്ല് തന്നെയായിരുന്നു. മഹേഷ് നാരയാണൻ എന്ന എഴുത്ത്കാരന്റെയും സംവിധായകന്റെയും മാസ്റ്റർ പീസാണ് 'മാലിക്'.

ഒട്ടനവധി രാജ്യാന്തര പുരസ്‌കാരങ്ങൾ നേടി ശ്രദ്ധേയമായ ചിത്രമാണ് ബിരിയാണി. കേവ് ഇന്ത്യ എന്ന ഒടിടി പ്ലാറ്റ്ഫോമിലൂടെ കനി കുസൃതി കേന്ദ്രകഥാപാത്രമായ ചിത്രം പ്രദർശനത്തിനേത്തുകയും ചെയ്തിരുന്നു. എന്നാൽ ചിത്രം പ്രേക്ഷകരിലേക്ക് എത്താൻ നിരവധി കടമ്പകൾ കടക്കേണ്ടി വന്നു. കനി കുസൃതിക്ക് മികച്ച നടിക്കുള്ള സംസ്ഥാന പുരസ്‌കാരം ഉൾപ്പെടെ നേടിക്കൊടുത്ത ചിത്രമായിരുന്നു 'ബിരിയാണി'. മാർച്ച് 26നാണ് ചിത്രം തിയേറ്ററുകളിൽ പ്രദർശനത്തിങ്കിലും അനുമതി തള്ളി.


ദേശീയ,സംസ്ഥാന,അന്തർദേശിയ അംഗീകാരങ്ങൾ നേടിയ, രാജ്യത്തെ സെൻസർ ബോർഡ് 'എ' സർട്ടിഫിക്കറ്റോടുകൂടി ക്ലിയർ ചെയ്ത ചിത്രം എന്തുകൊണ്ട് പല തിയേറ്ററുകളും തള്ളി? സെക്ഷ്വൽ സ്സീനുകൾ കൂടുതലായി കാണിക്കുന്നു എന്ന ന്യായീകരണത്തിൽ പ്രദർശനാനുമതി തള്ളിയപ്പോൾ സംവിധായകനായ സജിൻബാബുവിന്റെ ഫേസ്ബുക് പോസ്റ്റ് പ്രചാരം നേടിയിരുന്നു. "സദാചാര പ്രശ്നമാണോ യഥാർത്ഥ കാരണം, അതോ കുരു പൊട്ടിയ മറ്റാരുടേയെങ്കിലും ഇടപെടലാണോ ഇങ്ങനെയുള്ള ഒരു തീരുമാനത്തിന് പ്രേരിപ്പിച്ചത് എന്ന് മനസ്സിലാകുന്നില്ല. തിയേറ്ററുകൾ A സെർട്ടിഫിക്കറ്റ് കിട്ടിയ പടങ്ങൾ പ്രദര്ശിപ്പിക്കില്ല എങ്കിൽ അത് ആദ്യമേ വ്യക്തമാക്കേണ്ടതാണ്, അല്ലാതെ സദാചാരപോലീസ് കളിക്കുകയല്ല വേണ്ടത്. ഈ ജനാധിപത്യ രാജ്യത്ത് സൂപ്പർ സെൻസർ ബോർഡ് ആകാൻ തിയറ്ററുകൾക്ക് എന്താണ് അധികാരം..? ഇത് ഒരുതരത്തിൽ സാംസ്കാരിക ഫാസിസം തന്നെയാണ" എന്നും സജിൻ ബാബു ഫേസ്ബുക്കിൽ കുറിച്ചിരുന്നു. എന്നാൽ ചിത്രത്തിനെ കുറിച്ചു ഒരുവശത്ത് നല്ല പ്രതികരണങ്ങൾ എത്തുമ്പോഴും, കഥയിലെ സദാചാരത്തെ ചൂണ്ടിക്കാട്ടിക്കൊണ്ട് വീണ്ടും ചൂണ്ടിക്കാട്ടിക്കൊണ്ട് വീണ്ടും സിനിമയെ തഴയാനാണ് ശ്രമിക്കുകയാണ് ഒരു കൂട്ടം.

ഏറ്റവും ഒടുവിൽ ചുരുളിയിൽ തെറി പരാമർശം ആണ് ആണ് വാക്പോരുക്കുകൾക്ക് കാരണമായത്. അന്താരാഷ്ട്ര ചലച്ചിത്രം മേളയടക്കം നിരവധി ഇടങ്ങളിൽ നിരൂപക ശ്രദ്ധ നേടിയ ചിത്രം ഒടിടിയിൽ എത്തിയതിനു ശേഷം നേരിടേണ്ടി വന്നത് വിമർശനങ്ങളും ട്രോളുകളുമാണ്. ചിത്രത്തിലെ തെറിവിളിക്കളം മാത്രം എഡിറ്റ് ചെയ്‌തുകൊണ്ട് സിനിമ മുഴുവൻ അങ്ങനെയാണ് എന്നുള്ള ഒരു അന്തരീക്ഷം വിമർശകർ സൃഷ്ടിച്ചു. ഒപ്പം സിനിമ പിൻവലിക്കണമെന്നുമുള്ള നിയമ പോരാട്ടങ്ങൾ വരെ ചുരുളി നേരിടേണ്ടി വന്നു. കൂടാതെ ഏറ്റവുമൊടുക്കിൽ ചുരുളിയിലെ ഭാഷാപ്രയോഗം പൊതു ധാർമ്മികതയ്ക്ക് നിരക്കാത്തതാണ് എന്ന് ഹൈ കോടതിയും അഭിപ്രായപ്പെട്ടു. വിഷയം കൂടുതൽ രൂക്ഷമായതോടെ സെൻസർ ബോർഡ് വിശദീകരണവുമായി രം​ഗത്തുവന്നിരുന്നു. സിനിമാറ്റോഗ്രാഫ് ആക്ട് 1952, സർട്ടിഫിക്കേഷൻ റൂൾസ് 1983 കേന്ദ്ര സർക്കാർ മാർഗ നിർദേശങ്ങൾ പ്രകാരം സിനിമയിൽ അവശ്യമായ മാറ്റങ്ങൾ നിർദ്ദേശിച്ച് എ സർട്ടിഫിക്കറ്റാണ് സെൻസർ ബോർഡ് 'ചുരുളി'ക്കു നൽകിയത്. എന്നാൽ മാറ്റങ്ങൾ വരുത്താതെ സിനിമ ഒടിടിയിലൂടെയാണ് സിനിമ പുറത്തുവന്നതെന്നായിരുന്നു സെൻസർ ബോർഡ് വിശദീകരിച്ചത്. എന്നാൽ തെറി വിറ്റു കാശാക്കാൻ വേണ്ടിയല്ല 'ചുരുളി' എന്ന സിനിമ എടുത്തതെന്നും ചിത്രത്തിന്റെ കഥ ആവശ്യപ്പെടുന്നതാണ് അതിലെ സംഭാഷണങ്ങൾ എന്നും നടൻ ചെമ്പൻ വിനോദ് പറഞ്ഞു. ആ സിനിമയിലെ കഥാപാത്രങ്ങൾ കുറ്റവാളികളാണ്. അവർ പ്രാർത്ഥിച്ച് ഭക്ഷണം കഴിക്കുന്നവരായിരിക്കില്ല, അവർക്ക് അവരുടെതായ തീതിയുണ്ടാകുമെന്നും ചെമ്പൻ വിനോദ് പറഞ്ഞു.

സിനിമയെ സിനിമയായി തന്നെ കാണാനും, ആസ്വദിക്കാനും പ്രേക്ഷകർ ശ്രമിക്കുന്നുണ്ടെങ്കിലും, അടുത്തകാലത്തായി സിനിമയിലെ ചില വിഷയങ്ങളിൽ അസഹിഷ്ണുത പ്രകടിപ്പിക്കുന്നവരാണ് ഒരു വിഭാഗം ആളുകളും.

Next Story