Top

എന്താണ് '21ഗ്രാംസ്' ?; സിനിമ പേരിനു പിന്നിലെ സസ്പെൻസ് വെളിപ്പെടുത്തി അണിയറപ്രവർത്തകർ

21 ഗ്രാംസിന്റെ അർഥം പൂർണമായും ശാസ്ത്രീയമാണ് എന്ന് പറയാൻ കഴിയില്ല. എന്നാൽ സങ്കല്പികവുമല്ല

14 March 2022 4:44 PM GMT
ഫിൽമി റിപ്പോർട്ടർ

എന്താണ് 21ഗ്രാംസ് ?; സിനിമ പേരിനു പിന്നിലെ സസ്പെൻസ് വെളിപ്പെടുത്തി അണിയറപ്രവർത്തകർ
X

ദി ഫ്രണ്ട് റോ പ്രൊഡക്ഷൻസിന്റെ ബാനറിൽ നവാഗതനായ ബിബിൻ കൃഷ്ണ സംവിധാനം ചെയ്യുന്ന ത്രില്ലർ ചിത്രമാണ് '21 ഗ്രാംസ്'. അനൂപ്‌ മേനോൻ നായകനായെത്തുന്ന ചിത്രത്തിന്റെ പേര് വളരെ പ്രത്യേകതയുള്ളതാണ്. ആർക്കും പെട്ടന്ന് മനസിലാക്കിയെടുക്കാൻ കഴിയാത്ത, എന്നാൽ വളരെ കൗതുകവും ജിജ്ഞാസയും ഉണ്ടാക്കുന്ന പേരാണ് '21 ഗ്രാംസ്' . ഇപ്പോൾ സിനിമയുടെ പേരിലെ സസ്പെൻസ് തുറന്നു പറയുകയാണ് ചിത്രത്തിന്റെ അണിയറപ്രവർത്തകർ. '21 ഗ്രാംസ്' സിനിമയുടെ പ്രമോഷന്റെ ഭാഗമായി റിപ്പോർട്ടർ ടിവിയ്ക്ക് നൽകിയ അഭിമുഖത്തിൽ അനൂപ് മേനോനും സംവിധായകൻ ബിബിൻ കൃഷ്ണയുമാണ് സിനിമയുടെ പേരിനെ കുറിച്ച് പറഞ്ഞത്.

''21 ഗ്രാംസിന്റെ അർഥം പൂർണമായും ശാസ്ത്രീയമാണ് എന്ന് പറയാൻ കഴിയില്ല. എന്നാൽ സങ്കല്പികവുമല്ല. ഈ സിനിമ ഒരു കൊലപാതകവും അതിനു പിന്നിലെ നിഗൂഢതകളുമാണ് പറയുന്നത്. അതുകൊണ്ട് തന്നെ '21 ഗ്രാംസ്' എന്ന് പറഞ്ഞാൽ ഒരാൾ മരിക്കുമ്പോൾ അയാളുടെ ശരീരത്തിൽ നിന്ന് നഷ്ടമാകുന്ന തൂക്കമാണ്. അത് വലിയ ഒരാൾ മരിച്ചാലും ചെറിയ കുട്ടിയായാലും ആരയാലും അയാളുടെ ശരീരത്തിൽ നിന്ന് 21 ഗ്രാമാണ് നഷ്ടപ്പെടുന്നത്. അതിനെ ആത്മാവിന്റെ തൂക്കം എന്ന് പറയും. കാരണം ശരീരത്തിൽ നിന്ന് നഷ്ടപ്പെടുന്ന ഒരു കാര്യം അതാണ് എന്നുള്ള ആശയമാണ് ഉദ്ദേശിക്കുന്നത്. 'ദി വെയിറ്റ് ഓഫ് ദി സോൾ' (ആത്മാവിന്റെ തൂക്കം).'' അനൂപ് മേനോൻ വിശദമാക്കി.

''ഇതേ കുറിച്ച് അത്യാവശ്യം പഠനം നടത്തിയിരുന്നു. '21 ഗ്രാംസ്' എന്ന് സിനിമയുടെ പേര് അർഥമാക്കുന്നതല്ല സിനിമയുടെ മൊത്തത്തിലുള്ള കഥ. പക്ഷെ 21 ഗ്രാംസ് എന്ന് നമ്മൾ കേൾക്കുമ്പോൾ, അല്ലെങ്കിൽ ഒരു ആത്മാവിന്റെ തൂക്കം എന്ന് പറയുമ്പോൾ ഏതൊരാളിലും ഉണ്ടാകുന്ന നിഗൂഢമായ ഒരു തോന്നലുണ്ട്, ആ നിഗൂഢമായ ഒരു അനുഭവമാണ് ഈ സിനിമയ്ക്കുളളത്.'' ബിബിൻ കൃഷ്ണ പറയുന്നു.

ചിത്രത്തിൽ പ്രധാന കഥാപത്രമായി അനൂപ് മേനോനെ തിരഞ്ഞെടുത്തതിനെ കുറിച്ചും ബിബിൻ വ്യക്തമാക്കി. ''സിനിമ എഴുതിത്തുടങ്ങുമ്പോൾ ഇത് വെറും കഥ മാത്രമായിരുന്നു. ആര് അഭിനയിക്കും എന്ന തോന്നൽ അപ്പോൾ ഇല്ലയിരുന്നു. കഥയിലുള്ള കഥാപാത്രത്തിന് ഒരു പ്രായം പറയുന്നില്ല. കഥ എങ്ങനെ കൊണ്ടുപോകണം എന്നേ ഉണ്ടായിരുന്നുള്ളു. പിന്നീട് അത് പരിണമിച്ചു വന്നപ്പോൾ കൃത്യമായ ഒരു ലുക്കും സംഭാഷണ ശൈലിയും ഒക്കെ ചിന്തിച്ചു വന്നപ്പോൾ അനൂപേട്ടൻ തന്നെയാണ് മനസ്സിൽ വന്നത്.''

മാർച്ച്‌ 18നാണ് ചിത്രം റിലീസ് ചെയ്യുന്നത്. സസ്‌പെൻസ് നിറഞ്ഞ, ഹോളിവുഡ്‌ ശൈലിയിൽ പ്രേക്ഷകനെ ത്രില്ലടിപ്പിക്കുന്ന ഒരു ചിത്രമായിരിക്കും ഇത് എന്ന് അണിയറപ്രവർത്തകർ പറയുന്നു. ഒരു കൊലപാതകം അതന്വേഷിക്കാൻ എത്തുന്ന ഉദ്യോഗസ്ഥന്റെ വേഷത്തിലാണ് അനൂപ് മേനോൻ എത്തുന്നത്. അഞ്ചാം പാതിര, ഫോറൻസിക്ക്, ഓപ്പറേഷൻ ജാവ എന്നേ സിനിമകൾക്ക് ശേഷം ഈ ജോണറിൽ ഒരുങ്ങുന്ന സിനിമയാണ് 21 ഗ്രാംസ് എന്ന പ്രത്യേകത കൂടിയുണ്ട്.

Story highlights: What is '21 grams' ?; crew reveal the suspense behind the name of the movie

Next Story