Top

'വിക്രം', 'ഡിയര്‍ ഫ്രണ്ട്','അണ്ടേ സുന്ദരാനികി'; വീക്കെന്‍ഡ് ആഘോഷമാക്കാന്‍ ഒടിടി റിലീസുകള്‍

9 July 2022 8:36 AM GMT
ഫിൽമി റിപ്പോർട്ടർ

വിക്രം, ഡിയര്‍ ഫ്രണ്ട്,അണ്ടേ സുന്ദരാനികി; വീക്കെന്‍ഡ് ആഘോഷമാക്കാന്‍ ഒടിടി റിലീസുകള്‍
X

തിയേറ്ററുകളിലെ വിജയത്തിന് ശേഷം നിരവധി സിനിമകളാണ് ഈ ദിവസങ്ങളില്‍ വ്യത്യസ്ത ഒടിടി പ്ലാറ്റ്‌ഫോമുകളിലൂടെ പ്രദര്‍ശത്തിന് എത്തുന്നത്. മലയാളം, ഹിന്ദി, തെലുങ്ക്, തമിഴ് സിനിമകളുടെ നിരയാണ് ആഴ്ചയുടെ അവസാന ദിനങ്ങളില്‍ പ്രേക്ഷകരിലേക്ക് എത്തുന്നത്. 'വിക്രം', 'ഡിയര്‍ ഫ്രണ്ട്', 'അണ്ടേ സുന്ദരാനികി', 'വാശി', തുടങ്ങിയ സിനിമകളാണ് സ്ട്രീം ചെയ്യുന്നത്. ഇവയില്‍ ചില സിനിമകളുടെ സ്ട്രീമിങ് ആരംഭിച്ചുകഴിഞ്ഞു.

വിക്രം

ലോകേഷ് കനകരാജ്-കമല്‍ഹാസന്‍ ചിത്രം 'വിക്രം' തിയേറ്ററുകളിലെ വന്‍ വിജയത്തിന് ശേഷം കഴിഞ്ഞ ദിവസമാണ് ഒടിടിയില്‍ എത്തിയത്. ഡിസ്‌നി പ്ലസ് ഹോട്ട്‌സ്റ്റാറിലൂടെ 8 മുതല്‍ ചിത്രത്തിന്റെ സ്ട്രീമിങ് ആരംഭിച്ചു കഴിഞ്ഞു. മെയ് മൂന്നിന് തിയേറ്ററുകളില്‍ റിലീസിനെത്തിയ ചിത്രം ഇതിനോടകം 400 കോടിക്ക് മുകളിലാണ് ആഗോളതലത്തില്‍ കളക്ട് ചെയ്തിരിക്കുന്നത്. തമിഴ് സിനിമയിലെ എക്കാലത്തെയും ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടുന്ന ചിത്രമെന്ന റെക്കോര്‍ഡും വിക്രം സ്വന്തമാക്കി കഴിഞ്ഞു. കേരളത്തില്‍ മികച്ച കളക്ഷനാണ് ചിത്രം നേടിയിരിക്കുന്നത്. കമല്‍ ഹാസനൊപ്പം വിജയ് സേതുപതി, ഫഹദ് ഫാസില്‍ എന്നിവര്‍ ചിത്രത്തില്‍ പ്രധാന വേഷത്തില്‍ ഉണ്ട്. സൂര്യ ചിത്രത്തിലെ ഒരു നിര്‍ണായക അതിഥി വേഷത്തിലാണ് പ്രത്യക്ഷപ്പെടുന്നത്.

ഡിയര്‍ ഫ്രണ്ട്

ടൊവിനോ തോമസ്, ബേസില്‍ ജോസഫ് കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ ചിത്രമാണ് ഡിയര്‍ ഫ്രണ്ട്. എന്നാല്‍ ചിത്രത്തിന് തിയേറ്ററുകളില്‍ പ്രതീക്ഷിച്ച വിജയം നേടാനായില്ല. സിനിമ ഒടിടി സ്ട്രീമിങിന് ഒരുങ്ങുകയാണ്. നെറ്റ്ഫഌക്‌സിലൂടെ 10 മുതല്‍ ചിത്രത്തിന്റെ സ്ട്രീമിങ് ആരംഭിക്കും. അഞ്ച് സുഹൃത്തുക്കളുടെ കഥയും അവര്‍ക്കിടയില്‍ ഉണ്ടാകുന്ന സംഭവങ്ങളുമാണ് സിനിമ പറയുന്നത്. ടൊവിനോ തോമസ്, ബേസില്‍ ജോസഫ്, ദര്‍ശന രാജേന്ദ്രന്‍, അര്‍ജുന്‍ ലാല്‍ തുടങ്ങിയവര്‍ സിനിമയിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ജൂണ്‍ 10നായിരുന്നു ചിത്രം തിയേറ്ററുകളില്‍ പ്രദര്‍ശനത്തിന് എത്തിയിരുന്നത്.

അണ്ടേ സുന്ദരാനികി

തിയേറ്ററുകളിലെ മോശമില്ലാത്ത പ്രകടനത്തിന് ശേഷം അണ്ടേ സുന്ദരാനികിയുടെ ഒടിടി പ്രദര്‍ശനം ആരംഭിച്ചുകഴിഞ്ഞു. നെറ്റ്ഫഌക്‌സിലൂടെ 8 മുതലാണ് സ്ട്രീമിങ് ആരംഭിച്ചത്. മലയാളത്തിലും ചിത്രം ലഭ്യമാണ്. 'ആഹാ സുന്ദര' എന്നാണ് സിനിമയുടെ മലയാളം പതിപ്പിന്റെ പേര്. സുന്ദര്‍ എന്ന ബ്രാഹ്മണ യുവാവിനെയാണ് നാനി അവതരിപ്പിക്കുന്നത്. സുന്ദര്‍ കുടുംബത്തിലെ ഒരേയൊരു ആണ്‍കുട്ടിയായതിനാല്‍ അദ്ദേഹത്തിന് കുടുംബത്തില്‍ നിന്ന് ധാരാളം സ്‌നേഹവാത്സല്യങ്ങള്‍ ലഭിക്കുന്നു. എന്നാല്‍ ജ്യോതിഷികളുടെ ഉപദേശങ്ങള്‍ പാലിച്ച് പല കാര്യങ്ങളും ഒഴിവാക്കേണ്ടിവരുന്ന സുന്ദറിന് കുടുംബത്തിന്റെ അതിരുവിട്ട കരുതല്‍ ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്. ക്രിസ്ത്യാനി ആയ ലീല തോമസിനെ തന്റെ സോള്‍മേറ്റ് ആയി സുന്ദര്‍ കാണുന്നതും തുടര്‍ന്നുള്ള സംഭവങ്ങളാണ് സിനിമയുടെ പ്രമേയം.

മേജര്‍

മുംബൈ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട സന്ദീപ് ഉണ്ണികൃഷ്ണന്റെ കഥ പറഞ്ഞ ചിത്രമാണ് 'മേജര്‍'. ജൂലൈ മൂന്ന് മുതല്‍ നെറ്റ്ഫഌക്‌സിലൂടെ സിനിമയുടെ സ്ട്രീമിങ് ആരംഭിച്ചുകഴിഞ്ഞു. അദിവി ശേഷാണ് മേജര്‍ സന്ദീപ് ഉണ്ണികൃഷ്ണനായി ചിത്രത്തില്‍ എത്തിയിരിക്കുന്നത്. ജൂണ്‍ മൂന്നിന് തിയേറ്ററുകളില്‍ എത്തിയ ചിത്രത്തിന് മികച്ച പ്രതികരമാണ് ലഭിച്ചത്. ആഗോളതലത്തില്‍ 62 കോടി കളക്ട് ചെയ്യാന്‍ മേജറിന് കഴിഞ്ഞു. ശശി കിരണ്‍ ടിക്കയാണ് സംവിധാനം. നടന്‍ മഹേഷ് ബാബുവിന്റെ ഉടമസ്ഥതയിലുള്ള ജി മഹേഷ് ബാബു എന്റര്‍ടെയ്ന്‍മെന്റ്‌സും സോണി പിക്‌ചേഴ്‌സ് ഇന്റര്‍നാഷണല്‍ പ്രൊഡക്ഷന്‍സും ചേര്‍ന്നാണ് നിര്‍മാണം.

വാശി

ടൊവിനോ തോമസ്-കീര്‍ത്തി സുരേഷ് എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളായെത്തിയ ചിത്രമാണ് 'വാശി'. നെറ്റ്ഫഌക്‌സിലൂടെ ജൂലൈ 17 മുതല്‍ സിനിമ പ്രദര്‍ശനത്തിനെത്തും. ജൂണ്‍ 17ന് തിയേറ്ററുകളില്‍ എത്തിയ ചിത്രത്തിന് ബോക്‌സ് ഓഫീസില്‍ അനക്കം സൃഷ്ടിക്കാന്‍ സാധിച്ചില്ല. കോടതിയും അഭിഭാഷകരെയും പശ്ചാത്തലമാക്കിയുള്ള ചിത്രമാണ് വാശി. അഭിഭാഷകരായ ടൊവിനോയുടെയും കീര്‍ത്തിയുടെയും കഥായാണ് സിനിമ പറയുന്നത്. കോടതി മുറിയിലെ പ്രണയവും ചിത്രത്തില്‍ അവതരിപ്പിച്ചിരിക്കുന്നു. ഒരുമിച്ച് പോയിരുന്ന ഇരുവരും ഒരേ കേസിന്റെ വാദിഭാഗവും പ്രതിഭാഗവും വാദിക്കുന്നതും കേസ് ജയിക്കണമെന്നുള്ള ഇരുവരുടെയും വാശിയുമാണ് ചിത്രം. അഡ്വ. എബിന്‍, അഡ്വ. മാധവി എന്നീ കഥാപാത്രങ്ങളെയാണ് ടൊവിനോയും കീര്‍ത്തിയും അവതരിപ്പിക്കുന്നത്.

Story Highlights; weekend OTT release

Next Story