Top

'ഒടിടിയിൽ സിനിമ കാണുന്നത് ഉപരിവർഗ്ഗം, തിയേറ്റർ നമ്മുടെ സംസ്കാരമാണ്'; എം മുകുന്ദൻ

'ഒടിടിയിൽ റിലീസ് ചെയ്യുന്നതോടെ മണിക്കൂറുകൾക്കുള്ളിൽ ലോകം മുഴുവൻ സിനിമ കാണുമെങ്കിലും അതിൽ സാധാരണക്കാരുണ്ടാവില്ല'

28 Feb 2022 4:18 PM GMT
ഫിൽമി റിപ്പോർട്ടർ

ഒടിടിയിൽ സിനിമ കാണുന്നത് ഉപരിവർഗ്ഗം, തിയേറ്റർ നമ്മുടെ സംസ്കാരമാണ്; എം മുകുന്ദൻ
X

ഒടിടിയിൽ സിനിമ കാണുന്നത് മലയാളികളിലെ ഉപരിവർഗ്ഗം മാത്രമാണെന്നും ആ കാഴ്ചക്കാരിൽ സാധാരണക്കാർ ഉണ്ടാകില്ലെന്നും എഴുത്തുകാരൻ എം. മുകുന്ദൻ. സിനിമ തിയേറ്റർ നമ്മുടെ സംസ്കാരമാണ്, ഓട്ടോറിക്ഷക്കാരും പാചകക്കാരും ചെത്തുതൊഴിലാളികളും അങ്ങനെ സാധാരണക്കാരിൽ സാധാരണക്കാരായവരാണ് തിയേറ്ററിൽ പോയി സിനിമ കാണുന്നതെന്നും എം. മുകുന്ദൻ പറഞ്ഞു. ആദ്യമായി കഥയും തിരക്കഥയും സംഭാഷണവും ഒരുക്കുന്ന 'ഓട്ടോറിക്ഷക്കാരൻറെ ഭാര്യ' എന്ന സിനിമയെക്കുറിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

''ഒടിടിയിൽ റിലീസ് ചെയ്യുന്നതോടെ മണിക്കൂറുകൾക്കുള്ളിൽ ലോകം മുഴുവൻ സിനിമ കാണുമെങ്കിലും അതിൽ സാധാരണക്കാരുണ്ടാവില്ല. സിനിമ തിയേറ്റർ നമ്മുടെ ഒരു സംസ്കാരമാണ്. ഓട്ടോറിക്ഷക്കാരും പാചകക്കാരും ചെത്തുതൊഴിലാളികളും അങ്ങനെ സാധാരണക്കാരിൽ സാധാരണക്കാരായവരാണ് തിയേറ്ററിൽ സിനിമ കാണുന്നത്. അവർക്ക് സിനിമ കാണുക എന്നത് മാത്രമല്ല, പകരം കുടുംബവുമൊത്ത് തിയേറ്ററിൽ പോകുക, തിയേറ്ററിലെ ഉന്തും തള്ളും, തിരക്ക്, ടിക്കറ്റ് കിട്ടുമോ എന്ന ആകാംക്ഷ, ഇടവേളക്ക് പുറത്തിറങ്ങി എന്തെങ്കിലും കഴിക്കുക അങ്ങനെ രസകരമായ ഒരുപാട് മുഹൂർത്തങ്ങൾ സാധാരണക്കാർക്ക് തിയേറ്ററിൽ കിട്ടുന്നുണ്ട്. അത്തരം സാധ്യതകൾ ഒന്നും ഒടിടിയിൽ സിനിമ റീലീസ് ചെയ്യുമ്പോൾ ഇല്ല'' എന്ന് എം മുകുന്ദൻ പറയുന്നു.

''എനിക്ക് സിനിമകൾ തിയേറ്ററിൽ കാണാനാണ് ഇഷ്ടം. തിയേറ്ററിൽ റിലീസ് ചെയ്തതിന് ശേഷം ഒടിടിയിൽ വന്നാൽ നന്നായിരിക്കും. സിനിമയെന്നും തിയേറ്ററിലെ വലിയ സ്ക്രീനിൽ കാണേണ്ടതാണ്. സിനിമയെ വിമർശനാത്മകമായി കാണുന്ന പ്രേക്ഷകർ മലയാളികൾ മാത്രമാണ്. മറ്റ് ഭാഷകളിലൊന്നും പ്രേക്ഷകർ വിമർശനപരമായി സിനിമയെ കാണാറില്ല'' എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

2016 ൽ ആഴ്ചപ്പതിപ്പിൽ വന്ന ഒരു ചെറുകഥയാണ് 'ഓട്ടോറിക്ഷക്കാരൻറെ ഭാര്യ' എന്ന ചിത്രത്തിൻറെ പ്രമേയം. സുരാജ് വെഞ്ഞാറമൂടും ആൻ അഗസ്റ്റിനും ആണ് ചിത്രത്തിൽ കേന്ദ്രകഥാപാത്രങ്ങളായി എത്തുന്നത്. ഒരിടവേളക്ക് ശേഷം ആൻ ആഗസ്റ്റിന്റെ മടങ്ങിവരവ് കൂടിയാണ് ഓട്ടോറിക്ഷക്കാരന്റെ ഭാര്യ. കൈലാഷ്, ജനാർദ്ദനൻ, സ്വാസിക വിജയ്, ദേവി അജിത്, നീനാ കുറുപ്പ്, മനോഹരി ജോയി, ബേബി അലൈന ഫിദൽ എന്നിവരാണ് മറ്റു പ്രമുഖ താരങ്ങൾ. ചിത്രത്തിന്റെ ഛായാഗ്രഹണം എൻ. അഴകപ്പൻ നിർവ്വഹിക്കുന്നു. ബെൻസി പ്രൊഡക്ഷൻസിന്റെ ബാനറിൽ കെ.വി.അബ്ദുൾ നാസറാണ് ചിത്രത്തിന്റെ നിർമ്മാണം.

Story Highlights: 'Watching movies in OTT is upper class, theater is our culture'; M Mukundan

Next Story