Top

'കേരള സ്റ്റോറി' ടീസറിൽ വി എസിന്റെയും ഉമ്മൻ ചാണ്ടിയുടെയും പ്രസ്താവനകൾ; യാഥാർത്ഥ്യവുമായി ബന്ധമില്ലാത്തതെന്ന് റിപ്പോർട്ട്

10 Nov 2022 11:57 AM GMT
ഫിൽമി റിപ്പോർട്ടർ

കേരള സ്റ്റോറി ടീസറിൽ വി എസിന്റെയും ഉമ്മൻ ചാണ്ടിയുടെയും പ്രസ്താവനകൾ; യാഥാർത്ഥ്യവുമായി ബന്ധമില്ലാത്തതെന്ന് റിപ്പോർട്ട്
X

'കേരള സ്‌റ്റോറി'യുടെ ടീസറിൽ പറയുന്ന കണക്കുകൾ തെറ്റാണെന്ന് കാണിക്കുന്ന റിപ്പോർട്ട് പുറത്ത്. ചിത്രത്തിന്റെ സംവിധായകൻ സുദീപ്‌തോ സെൻ മുൻമുഖ്യമന്ത്രി ഉമ്മൻ ചാണ്ടി നിയമസഭയിൽ വെച്ച കണക്കാണ് താൻ ടീസറിൽ ഉപയോഗിച്ചതെന്ന് പറയുന്നതിലെ വൈരുധ്യവും യാഥാർത്ഥ്യവുമായി ബന്ധമില്ലാത്തതുമാണെന്ന് പുറത്ത് വന്ന റിപ്പോർട്ടിൽ പറയുന്നു. ആൾട്ട് ന്യൂസ് ആണ് വിശദമായ റിപ്പോർട്ട് പുറത്ത് വിട്ടിരിക്കുന്നത്.

ഒരാഴ്ച മുമ്പ് ചിത്രത്തിന്റെ ടീസർ പുറത്ത് വന്നതോടെയാണ് വിവാദങ്ങളുടെ ആരംഭം. പർദ ധരിച്ച കേരളത്തിൽ നിന്നുള്ള ശാലിനി രാധാകൃഷ്ണൻ എന്ന പെൺകുട്ടി 32000 സ്ത്രീകളെ ഐഎസിലേക്ക് ചേർത്തുവെന്ന് പറയുന്നതാണ് ടീസറിൽ കാണുന്നത്. ദി ഫെസ്റ്റിവൽ ഓഫ് ഭാരത് എന്ന യൂട്യൂബ് ചാനലിന് സുദീപ്‌തോ സെൻ നൽകിയ അഭിമുഖത്തെ പറ്റിയും റിപ്പോർട്ടിൽ പറയുന്നുണ്ട്. 2010ൽ കേരളത്തിന്റെ മുൻമുഖ്യമന്ത്രി ഉമ്മൻ ചാണ്ടി നിയമസഭയിൽ ഒരു റിപ്പോർട്ട് വെച്ചു. ഓരോ വർഷവും ഏകദേശം 2,800 മുതൽ 3,200 വരെ പെൺകുട്ടികൾ ഇസ്‌ലാം മതം സ്വീകരിക്കുന്നുവെന്നാണ് അത് പറഞ്ഞത്. ഈ കണക്ക് പ്രകാരം അടുത്ത പത്ത് വർഷം നോക്കിയാൽ 32,000 കിട്ടുമെന്നാണ് സുദീപ്‌തോ സെൻ അഭിമുഖത്തിൽ പറയുന്നത്.

എന്നാൽ കേരളത്തിൽ നിന്നുള്ള 32,000 സ്ത്രീകൾ ഐഎസിൽ ചേർന്നതായി ഒരു മാധ്യമങ്ങളും റിപ്പോർട്ട് ചെയ്തിട്ടില്ല. 2006 മുതൽ 2012 വരെ സംസ്ഥാനത്ത് 2,667 യുവതികൾ ഇസ്‌ലാം മതം സ്വീകരിച്ചതായി ജൂൺ 25ന് കേരള മുഖ്യമന്ത്രി ഉമ്മൻചാണ്ടി നിയമസഭയെ അറിയിച്ചതായി റിപ്പോർട്ടുകളുണ്ട്. എന്നാൽ ഈ സ്ത്രീകൾ ഐഎസിൽ ചേർന്നതിനെക്കുറിച്ച് യാതൊരു പരാമർശവുമില്ല. സംസ്ഥാനത്ത് നിർബന്ധിത മതപരിവർത്തനത്തിന് തെളിവില്ലെന്നും ലൗ ജിഹാദിനെക്കുറിച്ചുള്ള ആശങ്ക അടിസ്ഥാനരഹിതമാണെന്നും ഉമ്മൻ ചാണ്ടി പറഞ്ഞതായും ആണ് വാർത്തകൾ. തെളിവ് ആവശ്യപ്പെട്ട ആൾട്ട് ന്യൂസിനോട് കണക്കുകൾ തന്റെ കൈവശമുണ്ടെന്നും ചിത്രത്തിന്റെ റിലീസിന് ശേഷം പുറത്ത് വിടുമെന്നുമാണ് സംവിധായകൻ പ്രതികരിച്ചത്.

'സ്വാതന്ത്ര്യ ദിനമായ ഓഗസ്റ്റ് 15ന് ദേശീയവാദികളും രാജ്യസ്‌നേഹികളും പ്രകടനത്തിൽ പങ്കെടുക്കുമല്ലോ, അതിൽ ചെറുപ്പക്കാരായ ആളുകളെയെല്ലാം സ്വാധീനിച്ച്, പണം കൊടിത്തിട്ട്' എന്ന് തുടങ്ങി പറഞ്ഞ് പൂർത്തീകരിക്കാത്ത വീഡിയോ ആണ് ടീസറിൽ ഉപയോഗിച്ചിരിക്കുന്നത്. ഇതിന്റെ കീഴിൽ വരുന്ന സബ്‌ടൈറ്റിൽ കൊടുത്തിരിക്കുന്നത് 'നിരോധിത സംഘടനയായ എൻഡിഎഫിന്റെ അജണ്ട പ്രകാരം പോപ്പുലർ ഫ്രണ്ട് കേരളത്തെ മുസ്‌ലിം സംസ്ഥാനമാക്കാൻ ശ്രമിക്കുകയാണ്. 20 വർഷത്തിനുള്ളിൽ കേരളത്തെ മുസ്‌ലിം സംസ്ഥാനമാക്കി മാറ്റാനാണ് അവരുടെ പ്ലാൻ,' എന്നാണ്. ഉമ്മൻ ചാണ്ടിയുടെയും വി എസ് അച്യുതാനന്ദന്റെയും പ്രസ്താവനകൾ സംവിധായകൻ തെറ്റായി ഉപയോഗിച്ചുവെന്നത് വ്യക്തമാണെന്ന് ആൾട്ട് ന്യൂസിന്റെ റിപ്പോർട്ടിൽ പറയുന്നു.

Story Highlights; VS Achuthanandan and Oommen Chandy's statements in Kerala Story teaser not real

Next Story