Top

'ആക്ഷൻ രംഗങ്ങളുടെ ഷൂട്ടിനാണ് ഏറെ ദിവസങ്ങൾ ചിലവഴിച്ചത്'; 'പത്തൊമ്പതാം നൂറ്റാണ്ട്' യുവാക്കൾക്ക് ആസ്വദിക്കാൻ കഴിയട്ടെയെന്ന് വിനയൻ

'പത്തൊമ്പതാം നൂറ്റാണ്ടിലെ തല്ലിന്റെ പൊടിപൂരം കണ്ട് ആസ്വദിക്കാൻ നമ്മുടെ യുവാക്കൾക്ക് കഴിയട്ടെ'

9 Sep 2022 10:21 AM GMT
ഫിൽമി റിപ്പോർട്ടർ

ആക്ഷൻ രംഗങ്ങളുടെ ഷൂട്ടിനാണ് ഏറെ ദിവസങ്ങൾ ചിലവഴിച്ചത്; പത്തൊമ്പതാം നൂറ്റാണ്ട് യുവാക്കൾക്ക് ആസ്വദിക്കാൻ കഴിയട്ടെയെന്ന് വിനയൻ
X

വിനയന്റെ സംവിധാനത്തിലെത്തിയ പുതിയ ചിത്രം 'പത്തൊമ്പതാം നൂറ്റാണ്ട്' തിയേറ്ററുകളിൽ മികച്ച പ്രതികരണമാണ് നേടുന്നത്. ഇപ്പോഴിതാ സിനിമയ്ക്ക് ലഭിക്കുന്ന പ്രതികരണത്തിൽ സന്തോഷം പ്രകടിപ്പിച്ചിരിക്കുകയാണ് വിനയൻ. കുടുംബ പ്രേക്ഷകരാണ് സിനിമയ്ക്ക് കൂടുതൽ എത്തുന്നത് എന്ന് പല തിയേറ്ററുടമകളും പറയുന്നു. അതോടൊപ്പം സിനിമയിലെ സംഘട്ടന രംഗങ്ങൾ മികച്ചു നിന്നുവെന്ന് യുവാക്കളും അഭിപ്രായപ്പെടുന്നു. ഏറെ സമയമെടുത്താണ് സിനിമയിലെ സംഘട്ടന രംഗങ്ങൾ ചിത്രീകരിച്ചത്. അത് യുവ പ്രേക്ഷകർക്ക് ആസ്വദിക്കാൻ സാധിക്കട്ടെ എന്ന് വിനയൻ ആശംസിച്ചു.

'കേരളത്തിലങ്ങോളമിങ്ങോളം പത്തൊമ്പതാം നൂറ്റാണ്ട് എല്ലാ വിഭാഗം പ്രേക്ഷകരേയും ആകർഷിച്ചുകൊണ്ട് പ്രദർശനം തുടരുകയാണ്. ഫാമിലി ഓഡിയൻസ് അടുത്ത കാലത്ത് ഏറ്റവും കൂടുതൽ വരുന്നത് ഈ ചിത്രത്തിനാണെന്ന് തിയേറ്ററുകാർ പറയുന്നു. എന്നാൽ ചെറുപ്പക്കാരായിട്ടുള്ള പ്രേക്ഷകർ പറയുന്നത് ഇത്രയും പെർഫക്ഷനോടു കൂടിയുള്ള ആക്ഷൻ രംഗങ്ങൾ അടുത്ത കാലത്തെങ്ങും കണ്ടിട്ടില്ലെന്നാണ്. അതു കേൾക്കുമ്പോൾ ഏറെ സന്തോഷം തോന്നുന്നു. ഈ സിനിമയിലെ ആറ് ആക്ഷൻ രംഗങ്ങൾ ഷൂട്ട് ചെയ്യാനാണ് ഏറെ ദിവസങ്ങൾ ചിലവഴിച്ചിട്ടുള്ളത്. അന്യഭാഷാ ചിത്രങ്ങൾക്ക് മാത്രമല്ല നമ്മുടെ കേരളത്തിൽ എടുക്കുന്ന ചിത്രങ്ങൾക്കും യുവത്വത്തെ ത്രിൽ അടിപ്പിക്കുന്ന ആക്ഷൻ രംഗങ്ങൾ ക്രിയേറ്റ് ചെയ്യാൻ സാധിക്കും എന്ന് പത്തൊമ്പതാം നൂറ്റാണ്ടിലൂടെ തെളിഞ്ഞിരിക്കുകയാണെന്ന് പല യുവ സുഹൃത്തുക്കളും പറയുന്നു. ഓണത്തല്ല് എന്ന പ്രയോഗം പോലും നമ്മുടെ നാട്ടിലുണ്ട്. പത്തൊമ്പതാം നൂറ്റാണ്ടിലെ തല്ലിന്റെ പൊടിപൂരം കണ്ട് ആസ്വദിക്കാൻ നമ്മുടെ യുവാക്കൾക്ക് കഴിയട്ടെ', വിനയൻ കുറിച്ചു.


വിനയന്റെ ഗംഭീര തിരിച്ചുവരവെന്നാണ് പല പ്രേക്ഷകരും 'പത്തൊമ്പതാം നൂറ്റാണ്ടിനെ'ക്കുറിച്ച് അഭിപ്രായപ്പെടുന്നത്. ബിഗ് ബജറ്റിലൊരുങ്ങിയ ചിത്രത്തിന്റെ വിഷ്വല്‍ ക്വാളിറ്റിയെക്കുറിച്ചും മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. മലയാളത്തിലെ എക്കാലത്തെയും മികച്ച പിരിയോഡിക് ഡ്രാമയെന്നും അഭിപ്രായമുണ്ട്. ആറാട്ടുപുഴ വേലായുധപണിക്കരായി എത്തി സിജു വിൽസണിന്റെ അടക്കമുള്ള അഭിനേതാക്കളുടെ പ്രകടനം സിനിമയ്ക്ക് ഗുണം ചെയ്തിട്ടുണ്ടെന്നും അഭിപ്രായങ്ങളുണ്ട്.

സാമൂഹിക പരിഷ്‌കര്‍ത്താവായിരുന്ന ആറാട്ടുപുഴ വേലായുധപ്പണിക്കരുടെ ജീവിതമാണ് സിനിമയുടെ പ്രമേയം. ചിത്രത്തില്‍ വന്‍ താരനിരയാണുള്ളത്. വിനയന്‍ തന്നെ തിരക്കഥയെഴുതിയ പത്തൊമ്പതാം നൂറ്റാണ്ട് നിര്‍മ്മിക്കുന്നത് ഗോകുലം മൂവീസിന്റെ ബാനറില്‍ ഗോകുലം ഗോപാലന്‍ ആണ്. കയാദു ലോഹര്‍ ആണ് നായിക. അനൂപ് മേനോന്‍, ചെമ്പന്‍ വിനോദ്, സുദേവ് നായര്‍, വിഷ്ണു വിനയന്‍, സുരേഷ് കൃഷ്ണ, സുധീര്‍ കരമന, ദീപ്തി സതി, സെന്തില്‍, മണികണ്ഠന്‍ ആചാരി, പൂനം ബാജുവ, ടിനി ടോം തുടങ്ങിയവര്‍ക്കൊപ്പം നിര്‍മ്മാതാവ് ഗോകുലം ഗോപാലനും വളരെ ശ്രദ്ധേയമായ വേഷം ചെയ്യുന്നു. പത്തൊമ്പതാം നൂറ്റാണ്ടിന്റെ പശ്ചാത്തല സംഗീതം ഒരുക്കിയത് തമിഴിലെ പ്രശ്‌സ്ത സംഗീതജ്ഞന്‍ സന്തോഷ് നാരായണനാണ്.

story highlights: vinayan talks about the stunt sequences of pathonpatham nootandu and audience response

Next Story