Top

പൊതുസമുഹത്തിന് മുമ്പിൽ ചർച്ചയ്ക്ക് 'വരാൽ'; വമ്പൻ താരനിരയുമായി നാളെ മുതൽ

'ട്വന്റി ട്വന്റി' എന്ന ചിത്രത്തിന് ശേഷം അൻപതോളം മുൻനിര താരങ്ങളെ അണിനുരക്കുന്ന സിനിമ കൂടിയാണ് വരാൽ

13 Oct 2022 12:21 PM GMT
ഫിൽമി റിപ്പോർട്ടർ

പൊതുസമുഹത്തിന് മുമ്പിൽ ചർച്ചയ്ക്ക് വരാൽ; വമ്പൻ താരനിരയുമായി നാളെ മുതൽ
X

അനൂപ് മേനോൻ, പ്രകാശ് രാജ്, സണ്ണി വെയ്ൻ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന 'വരാൽ' നാളെ തിയേറ്ററുകളിൽ. കണ്ണന്റെ സംവിധാനത്തിലൊരുങ്ങുന്ന വരാൽ ഒരു മുഴുനീള രാഷ്ട്രീയ ത്രില്ലർ സിനിമയാണ്. മലയാള താരങ്ങൾ അണിനിരന്ന 'ട്വന്റി ട്വന്റി' എന്ന ചിത്രത്തിന് ശേഷം അൻപതോളം മുൻനിര താരങ്ങൾ ഒന്നിക്കുന്ന സിനിമ കൂടിയാണ് വരാൽ.

അനൂപ് മേനോൻ തിരക്കഥ എഴുതുന്ന സിനിമ ടൈം ആഡ്സ് ആണ് നിർമിക്കുന്നത്. കേരള രാഷ്ട്രീയമാണ് ചിത്രം പ്രധാനമായും കൈകാര്യം ചെയ്യുന്നത്. രാഷ്ട്രീയത്തിന്റെയും മതത്തിന്റെയും പേരിൽ ഉണ്ടാകുന്ന പ്രശ്നങ്ങളും അത് ജനങ്ങളെ എങ്ങനെ ബാധിക്കുന്നു എന്നും സിനിമ പറയുന്നതായി അനൂപ് മേനോൻ പറഞ്ഞിരുന്നു.

പല രാഷ്ട്രീയ പാര്‍ട്ടികളിലെ നേതാക്കന്‍മാര്‍ വളരെ സൗഹൃദത്തിലാണ്. എന്നാൽ അണികളെ മാത്രമാണ് ഭിന്നിപ്പിക്കുന്നത് എന്നും അണികള്‍ മാത്രമാണ് രക്തസാക്ഷികളാകുന്നത് എന്നും അതാണ് വരാല്‍ സിനിമയിലൂടെ പറയുന്നത് എന്നും റിപ്പോർട്ടർ ടിവിക്ക് നൽകിയ അഭിമുഖത്തിൽ അനൂപ് മേനോൻ പറഞ്ഞു. ബാദുഷയാണ് ചിത്രത്തിന്‍റെ പ്രൊജക്ട് ഡിസൈനർ. ചിത്രത്തിന്‍റെ സംഗീത സംവിധാനം നിർവ്വഹിച്ചിരിക്കുന്നത് ഗോപി സുന്ദറാണ്. ഛായാഗ്രഹണം രവി ചന്ദ്രന്‍. ദീപ സെബാസ്റ്റ്യനും കെ ആർ പ്രകാശുമാണ് ചിത്രത്തിന്റെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസർമാർ.

Story highlights: Varaal movie releasing tomorrow

Next Story