Top

'വിനയനിലെ പോരാളിയേയും വിജയിയേയും ഒരിക്കല്‍കൂടി കാണാനായി': '19-ാം നൂറ്റാണ്ട്' ദുരാചാരങ്ങളെ തുറന്നു കാണിക്കുന്ന സിനിമയെന്ന് വി എ ശ്രീകുമാര്‍

ചിത്രത്തില്‍ ആറാട്ടുപുഴ വേലായുധപണിക്കരായി എത്തിയ നടന്‍ സിജു വില്‍സണിനെയും ശ്രീകുമാര്‍ പ്രശംസിച്ചു

20 Sep 2022 10:53 AM GMT
ഫിൽമി റിപ്പോർട്ടർ

വിനയനിലെ പോരാളിയേയും വിജയിയേയും ഒരിക്കല്‍കൂടി കാണാനായി: 19-ാം നൂറ്റാണ്ട് ദുരാചാരങ്ങളെ തുറന്നു കാണിക്കുന്ന സിനിമയെന്ന് വി എ ശ്രീകുമാര്‍
X

വിനയന്‍ സംവിധാനം ചെയ്ത 'പത്തൊമ്പതാം നൂറ്റാണ്ടി'നേയും ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകരെയും പ്രശംസിച്ച് സംവിധായകന്‍ വി എ ശ്രീകുമാര്‍. നൂറ്റാണ്ടുകള്‍ക്ക് മുന്‍പുള്ള ജാതി -പുരുഷ മേലാളത്തം കൊണ്ടാടിയ ദുരാചാരങ്ങളെ തുറന്നു കാണിക്കുന്നതാണ് സിനിമയെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. വിനയനിലെ പോരാളിയേയും വിജയിയേയും ഒരിക്കല്‍കൂടി കാണാനായതില്‍ സന്തോഷമുണ്ടെന്നും ശ്രീകുമാര്‍ ഫേസ്ബുക്കില്‍ പങ്കുവച്ച കുറിപ്പില്‍ പറയുന്നു.

ചിത്രത്തില്‍ ആറാട്ടുപുഴ വേലായുധപണിക്കരായി എത്തിയ നടന്‍ സിജു വില്‍സണിനെയും ശ്രീകുമാര്‍ പ്രശംസിച്ചു. നടന്റെ കഠിനാദ്ധ്വാനവും പ്രതിഭയും ഒന്നിപ്പിച്ചത് ഏറെ പ്രിയപ്പെട്ടതായെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ധീരമായി ഈ ചരിത്ര ദൗത്യം ഏറ്റെടുത്ത നിര്‍മ്മാതാവ് ഗോകുലം ഗോപാലനെ അഭിനന്ദിക്കുന്നതായും ഷാജിയുടെ ക്യാമറയടക്കമുള്ള അണിയറയിലെ ദൃശ്യ സന്നാഹം നല്‍കിയ അനുഭവം മറക്കാനാകില്ലെന്നും ശ്രീകുമാര്‍ പറഞ്ഞു.

'ഒറ്റപ്പാലം ലാഡര്‍ തീയറ്ററിലാണ് 'പത്തൊന്‍പതാം നൂറ്റാണ്ട്' കണ്ടത്. ചരിത്രം ഓര്‍മ്മിക്കപ്പെടാതെ പോകുന്നത് അവ ആവര്‍ത്തിക്കപ്പെടാനുള്ള സാധ്യതയും വര്‍ദ്ധിപ്പിക്കുന്നു. രണ്ടു നൂറ്റാണ്ടുകള്‍ക്കു മുന്‍പുള്ള കാലത്തെ സത്യസന്ധമായി പുനരാവിഷ്‌ക്കരിക്കുന്നത് വലിയ വെല്ലുവിളിയാണ്. ചരിത്രരേഖകള്‍ വളരെ കുറവായതിനാല്‍ തിരക്കഥ എഴുതിയ സംവിധായകന്‍ വിനയന്‍ ഭാവനയെ നീതിപൂര്‍വ്വം വിനിയോഗിച്ചിട്ടുണ്ട്. ആറാട്ടുപുഴ വേലായുധപ്പണിക്കര്‍ എന്ന പോരാളി എക്കാലത്തും ആവേശമാണ്. ജാതി പുരുഷ മേലാളത്തം കൊണ്ടാടിയ ദുരാചാരങ്ങളെ ചിത്രം തുറന്നു കാണിക്കുന്നു'

'സ്ത്രീ മുന്നേറ്റങ്ങളിലെ ലോകോത്തര പ്രതീകമാണ് മുലക്കരത്തിന് എതിരെ രക്തസാക്ഷിയായ നങ്ങേലി. ആ ചരിത്രത്തിന്റെ ദൃശ്യാവിഷ്‌ക്കാരത്തിന് നടുക്കത്തോടെ മാത്രമേ സാക്ഷ്യം വഹിക്കാനാകു. വിനയനിലെ പോരാളിയേയും വിജയിയേയും ഒരിക്കല്‍കൂടി കാണാനായതില്‍ സന്തോഷം. ധീരമായി ഈ ചരിത്ര ദൗത്യം ഏറ്റെടുത്ത നിര്‍മ്മാതാവ് ഗോകുലം ഗോപാലന് അഭിനന്ദനം. നായകന്‍ സിജു വിത്സന്‍ കഠിനാദ്ധ്വാനവും പ്രതിഭയും ഒന്നിപ്പിച്ചത് ഏറെ പ്രിയപ്പെട്ടതായി. പിന്നെ ഷാജിയുടെ ക്യാമറയടക്കമുള്ള അണിയറയിലെ ദൃശ്യ സന്നാഹം നല്‍കിയ അനുഭവം മറക്കാനാകില്ല. ഈ യുദ്ധം ടീം വിനയന്‍ ജയിച്ചു' വി എ ശ്രീകുമാര്‍ കുറിച്ചു.


Next Story