Top

സെന്‍സറിങ് പൂര്‍ത്തിയായി; ദുല്‍ഖറിന്റെ 'ഹേയ് സിനാമിക'യ്ക്ക് യു സര്‍ട്ടിഫിക്കറ്റ്

മാര്‍ച്ച് മൂന്നിനാണ് ചിത്രം തിയേറ്ററുകളില്‍ എത്തുക

14 Feb 2022 6:20 AM GMT
ഫിൽമി റിപ്പോർട്ടർ

സെന്‍സറിങ് പൂര്‍ത്തിയായി; ദുല്‍ഖറിന്റെ ഹേയ് സിനാമികയ്ക്ക് യു സര്‍ട്ടിഫിക്കറ്റ്
X

ദുല്‍ഖര്‍ സല്‍മാന്‍ നായകനാകുന്ന ചിത്രം 'ഹേയ് സിനാമിക' ( hey sinamika)യുടെ സെന്‍സറിങ് നടപടികള്‍ പൂര്‍ത്തിയായി. ചിത്രത്തിന് യു സര്‍ട്ടിഫിക്കറ്റാണ് ലഭിച്ചിരിക്കുന്നത്. ദുല്‍ഖര്‍ തന്നെയാണ് ഇക്കാര്യം സാമൂഹിക മാധ്യമങ്ങളിലൂടെ അറിയിച്ചത്. ചിത്രത്തിന്റെ ട്രെയ്‌ലര്‍ 16ന് വൈകിട്ട് 6ന് പുറത്തിറങ്ങും. മാര്‍ച്ച് മൂന്നിനാണ് ചിത്രം തിയേറ്ററുകളില്‍ എത്തുക.

'കുറുപ്പി'ന് ശേഷം എത്തുന്ന ദുല്‍ഖര്‍ ചിത്രം തമിഴിനും മലയാളത്തിനും പുറമെ തെലുങ്ക്, കന്നഡ ഭാഷകളിലും റിലീസ് ചെയ്യും. കാജല്‍ അഗര്‍വാളും അദിതി റാവുവുമാണ് ചിത്രത്തിലെ നായികമാര്‍. ദുല്‍ഖറും അദിതിയും ഒന്നിച്ചെത്തിയ 'മേഘം' എന്ന ഗാനത്തിന്റെ വീഡിയോ നേരത്തെ പുറത്തുവിട്ടിരുന്നു. ഗോവിന്ദ് വസന്ത സംഗീതം നല്‍കി ആലപിച്ച ഗാനം യൂട്യൂബില്‍ ട്രെന്‍ഡിങിലാണ്.

കോളിവുഡിലെ പ്രശസ്ത കൊറിയോഗ്രാഫര്‍ ബ്രിന്ദ ഗോപാല്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് ഹേയ് സിനാമിക. വാരണം ആയിരം, മാന്‍ കരാട്ടെ, തെരി ഉള്‍പ്പടെ നിരവധി ചിത്രങ്ങള്‍ക്കായി കൊറിയോഗ്രാഫറായി ബ്രിന്ദ പ്രവര്‍ത്തിച്ചിട്ടുണ്ട്. പ്രശസ്ത ഗാനരചയിതാവ് വൈരമുത്തുവിന്റെ മകനും ഗാനരചയിതാവും ആയ മധന്‍ കര്‍ക്കിയാണ് രചയിതാവ്.

മണിരത്‌നം ചിത്രം ഓകെ കണ്‍മണിയിലെ ഒരു ഗാനത്തില്‍ നിന്നാണ് ചിത്രത്തിന്റെ പേര് കടം കൊണ്ടിരിക്കുന്നത്. ജിയോ സ്റ്റുഡിയോസ്, ഗ്ലോബല്‍ വണ്‍ സ്റ്റുഡിയോസ്, വയാകോം 18 എന്നിവര്‍ ചേര്‍ന്നാണ് ഹേയ് സിനാമിക നിര്‍മ്മിച്ചിരിക്കുന്നത്.

Next Story