45 കോടി കടന്ന് തല്ലുമാല; മൂന്നാം വാരവും 164 തിയറ്ററുകളില്‍, തല്ലുകഥ ഓണക്കാലത്തേക്കും
28 Aug 2022 1:10 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

വന്‍ഹിറ്റായി മാറിയ ടൊവിനോ തോമസ് ചിത്രം തല്ലുമാലയുടെ ബോക്‌സ്ഓഫീസ് കളക്ഷന്‍ 45 കോടി രൂപ പിന്നിട്ടു. ചിത്രം റിലീസ് ചെയ്ത് 16ാം ദിനമായ ശനിയാഴ്ച വരെ ആകെ 44.7 കോടി രൂപയാണ് ചിത്രം കളക്ട് ചെയ്തിരുന്നത്. ഞായറാഴ്ചയായ ഇന്നത്തെ കളക്ഷനോടെയാണ് ചിത്രം 45 കോടി കടന്നത്.
45 കോടി രൂപ ആകെ കളക്ട് ചെയ്‌പ്പോള്‍ കേരളത്തില്‍ നിന്ന് ലഭിച്ചത് 24.57 കോടി രൂപയാണ്. മൂന്നാം വാരത്തിലും 164 സ്‌ക്രീനുകളിലാണ് ചിത്രം പ്രദര്‍ശിപ്പിക്കുന്നത്. അടുത്ത കാലത്തൊന്നും ഒരു മലയാള ചിത്രവും ഇത്രയും സ്‌ക്രീനുകളോടെ മൂന്നാം വാരത്തിലേക്ക് കടന്നിട്ടില്ല.
ഖാലിദ് റഹ്മാന്‍ സംവിധാനം ചെയ്ത ചിത്രം ആഷിക് ഉസ്മാന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ആഷിഖ് ഉസ്മാന്‍ ആണ് നിര്‍മ്മിച്ചത്. മുഹ്സിന്‍ പരാരി, അഷ്റഫ് ഹംസ എന്നിവരാണ് ചിത്രത്തിന്റെ രചന. ക്യാമറ ജിംഷി ഖാലിദ്, സംഗീതം വിഷ്ണു വിജയ്, ഗാനരചന മുഹ്സിന്‍ പരാരി, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ സുധര്‍മന്‍ വള്ളിക്കുന്ന്, എഡിറ്റര്‍ നിഷാദ് യൂസഫ്, ആര്‍ട്ട് ഗോകുല്‍ദാസ്, മേക്കപ്പ് റോണക്സ് സേവ്യര്‍, ചീഫ് അസോസിയേറ്റ് റഫീഖ് ഇബ്രാഹിം, ഡിസൈന്‍ ഓള്‍ഡ്മോങ്ക്, സ്റ്റില്‍സ് വിഷ്ണു തണ്ടാശ്ശേരി.
സിനിമയുടെ മേക്കിങ്ങും ക്യാമറയും മുതല്‍ ലൈറ്റിലും എഡിറ്റിംഗിലും നോണ്‍ ലീനിയര്‍ രീതിയിലുള്ള കഥപറച്ചിലിലും വരെ കൊണ്ടുവന്ന വ്യത്യസ്തതകള്‍ എടുത്തു പറയേണ്ടതാണ്. പുതുമുഖങ്ങളായി എത്തിയ താരങ്ങള്‍ പോലും മികച്ച പ്രകടനമാണ് കാഴ്ച്ചവെച്ചത്. സിനിമയിലെ ബാക്ക്ഗ്രൗണ്ട് സ്‌കോറും പാട്ടുകളും തല്ലുമാലയുടെ മറ്റൊരു പില്ലറാണ്. തിയേറ്റര്‍ എക്‌സ്പീരിയന്‍സ് ആഗ്രഹിക്കുന്ന ഒരു പ്രക്ഷകന് ലഭിക്കാവുന്ന മികച്ച അനുഭവമാണ് തല്ലുമാല ടീം ഒരുക്കിയിരിക്കുന്നത്.
Story Highlights: THALLUMALA 16 BOX OFFICE COLLECTION