Top

'പാപ്പന്റെ' വിജയാഘോഷത്തിനൊപ്പം 'മൂസ'യിലേക്ക്; ഡബ്ബിങ് ആരംഭിച്ച് സുരേഷ് ഗോപി

സംവിധായകന്‍ ജിബു ജേക്കബിന്റെ നേതൃത്വത്തിലാണ് ഡബ്ബിങ് ജോലികള്‍ നടക്കുന്നത്

31 July 2022 12:51 PM GMT
ഫിൽമി റിപ്പോർട്ടർ

പാപ്പന്റെ വിജയാഘോഷത്തിനൊപ്പം മൂസയിലേക്ക്; ഡബ്ബിങ് ആരംഭിച്ച് സുരേഷ് ഗോപി
X

സുരേഷ് ഗോപി കേന്ദ്ര കഥാപാത്രമാകുന്ന പുതിയ ചിത്രം 'മേ ഹൂം മൂസ'യുടെ ഡബ്ബിങ് ആരംഭിച്ചു. 'പാപ്പെന്റെ' വിജയാഘോഷം അവസാനിക്കും മുമ്പാണ് താരം പുതിയ ചിത്രത്തിന്റെ തിരക്കുകളിലേക്ക് കടന്നിരിക്കുന്നത്. ഡബ്ബിങ് ആരംഭിച്ച വിവരം സ്റ്റുഡിയോയില്‍ നിന്നുള്ള ചിത്രം പങ്കുവച്ച് സുരേഷ് ഗോപി സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചു.

സംവിധായകന്‍ ജിബു ജേക്കബിന്റെ നേതൃത്വത്തിലാണ് ഡബ്ബിങ് ജോലികള്‍ നടക്കുന്നത്. സെപ്റ്റംബര്‍ 30 ന് ലോകമെമ്പാടുമുള്ള തീയേറ്ററുകളില്‍ 'മേ ഹൂം മൂസ പ്രദര്‍ശനത്തിന് എത്തും. ഇന്ത്യയിലെ വിവിധപ്രദേശങ്ങളില്‍ ചിത്രീകരിക്കുന്ന ബിഗ് ബജറ്റ് ചിത്രമാണ് മേ ഹൂം മൂസ. മലപ്പുറംകാരനായി സുരേഷ് ഗോപി എത്തുന്ന ചിത്രത്തില്‍ 1998 മുതല്‍ 2018 വരെയുള്ള കാഘട്ടമാണ് അവതരിപ്പിക്കുന്നത്. കഥ, തിരക്കഥ, സംഭാഷണം റുബീഷ് റെയ്ന്‍ ആണ്.

സൈജു കുറുപ്പ്, ഹരീഷ് കണാരന്‍, പൂനം ബജ്‌വ, ജോണി ആന്റണി, സലിം കുമാര്‍ തുടങ്ങിയവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചിത്രം തോമസ് തിരുവല്ല പ്രൊഡക്ഷന്‍സും കോണ്‍ഫിഡന്റ് ഗ്രൂപ്പും ചേര്‍ന്നാണ് നിര്‍മ്മിക്കുന്നത്. വിഷ്ണു നാരായണന്‍ ആണ് ഛായാഗ്രഹണം. എഡിറ്റിംഗ് സൂരജ്. 'കുട്ടനാടന്‍ ബ്ലോഗ്' എന്ന സിനിമയിലൂടെ സംഗീത സംവിധാന രംഗത്തേക്ക് വന്ന ശ്രീനാഥ് ശിവശങ്കര്‍ ആണ് 'മേ ഹൂം മൂസ'യുടെയും സംഗീത സംവിധാനം നിര്‍വഹിക്കുന്നത്.

അതേസമയം, പാപ്പന്‍ വിജയകരമായി തിയേറ്ററുകളില്‍ പ്രദര്‍ശനം തുടരുകയാണ്. ബോക്‌സ് ഓഫീസ് കളക്ഷന്‍ വ്യക്തമാക്കുന്നത് 'പാപ്പനെ' പ്രേക്ഷകര്‍ ഏറ്റെടുത്തുവെന്നാണ്. സിനിമ റിലീസ് ചെയ്ത് മൂന്ന് ദിവസം കഴിയുമ്പോള്‍ എട്ട് കോടിക്കടുത്താണ് ചിത്രത്തിന്റെ കളക്ഷന്‍. ആദ്യ ദിനത്തില്‍ 2.5 കോടിയാണ് ചിത്രം നേടിയത്. രണ്ടാം ദിനത്തില്‍ 2. 47 കോടിയാണ് കളക്ഷന്‍. മൂന്നാം ദിനത്തില്‍ 2.80 കോടിയും നേടിയ പാപ്പന്‍ മൂന്നു ദിവസം കൊണ്ട് 7.42 കോടി കളക്ട് ചെയ്തു.

Story Highlights; Suresh Gopi's new movie Mein Hoom Moosa dubbing started

Next Story