Top

കേക്ക് മുറിച്ച് സുരേഷ് ഗോപി പോയി; ഒന്നിലും അഭിപ്രായമോ നിലപാടോ പറഞ്ഞില്ല

രണ്ട് മണിക്കാണ് സുരേഷ് ഗോപി കുടുംബസമേതം 'അമ്മ' ജനറല്‍ ബോഡിയിലേക്ക് എത്തിയത്.

26 Jun 2022 2:32 PM GMT
ഫിൽമി റിപ്പോർട്ടർ

കേക്ക് മുറിച്ച് സുരേഷ് ഗോപി പോയി; ഒന്നിലും അഭിപ്രായമോ നിലപാടോ പറഞ്ഞില്ല
X

കൊച്ചി: താരസംഘടനയായ 'അമ്മ'യുടെ ഇന്ന് ചേർന്ന ജനറല്‍ ബോഡി യോ​ഗത്തിലും ചർച്ചയിലും പങ്കെടുക്കാതെ നടൻ സുരേഷ് ​ഗോപി മടങ്ങി. ജനറൽ ബോഡി യോ​ഗത്തിലെത്തിയ സുരേഷ് ​ഗോപി തന്റെ ജന്മദിന കേക്ക് മുറിക്കുകയും മറ്റ് താരങ്ങൾക്കൊപ്പം നിന്ന് ഫോട്ടോ എടുക്കുകയും ചെയ്തു. എന്നാല്‍ ചർച്ചയില്‍ പങ്കെടുക്കാതെയും ഒരു അഭിപ്രായവും പറയാതെയും അദ്ദേഹം മടങ്ങുകയായിരുന്നു.

രാവിലെ പത്തരയ്ക്ക് ജനറല്‍ ബോഡി തുടങ്ങിയിരുന്നു. രണ്ട് മണിക്കാണ് സുരേഷ് ഗോപി കുടുംബസമേതം 'അമ്മ' ജനറല്‍ ബോഡിയിലേക്ക് എത്തിയത്. ഉച്ച ഭക്ഷണ സമയത്തെ ഇടവേളയിലായിരുന്നു ജന്മദിന കേക്ക് മുറി. മമ്മൂട്ടിയും, മോഹന്‍ലാലും, സുരേഷ് ഗോപിക്ക് ഒപ്പം ചേര്‍ന്ന് കേക്ക് മുറിച്ചു. അംഗങ്ങളോട് കുശലം പറഞ്ഞ ശേഷം സുരേഷ് ഗോപി മടങ്ങി.





'അമ്മ'യിൽ നിന്ന് ഷമ്മി തിലകനെ പുറത്താക്കി എന്നാണ് ആദ്യം വന്ന റിപ്പോർട്ടുകൾ. എന്നാൽ ഷമ്മി തിലകനെ പുറത്താക്കിയിട്ടില്ലെന്നും നടന്റെ വിശദീകരണം കേട്ട ശേഷം മാത്രമാകും നടപടി സ്വീകരിക്കുകയെന്നും 'അമ്മ' ജനറൽ ബോഡി യോ​ഗത്തിന് ശേഷം മാധ്യമങ്ങളോട് പറഞ്ഞു. പുറത്താക്കുന്നതിനെ അനുകൂലിക്കുന്നവർ എണീറ്റ് നിൽക്കണം എന്ന് ആവശ്യപ്പെട്ടപ്പോൾ മമ്മൂട്ടി, മനോജ് കെ ജയന്‍, സംവിധായകന്‍ ലാല്‍, എന്നിവർ പിന്തുണയ്ക്കാതെ സീറ്റിൽ തന്നെ ഇരിക്കുകയായിരുന്നു. പുറത്താക്കൽ നടപടി ഒന്നുകൂടി ആലോചിച്ച് വേണം നടപ്പാക്കാൻ എന്ന് നടൻ ജഗദീഷും ആവശ്യപ്പെട്ടു. ഇതോടെയാണ് അടുത്ത എക്സിക്യൂട്ടിവ് യോഗത്തിനു ശേഷം മാത്രമായിരിക്കും ഷമ്മി തിലകന്റെ വിഷയത്തിൽ അന്തിമ തീരുമാനമെടുക്കുക എന്ന് സംഘടന അറിയിക്കുകയായിരുന്നു.





നിരന്തരമായി അച്ചടക്ക ലംഘനം നടത്തി എന്നാണ് ഷമ്മി തിലകനെതിരെ സംഘടനയില്‍ ഉയര്‍ന്ന ആരോപണം. 2021 ഡിസംബറില്‍ നടന്ന ജനറല്‍ ബോഡി യോഗം ഷമ്മി മൊബൈലില്‍ ചിത്രീകരിച്ചതോടെയാണ് നടപടി ആവശ്യം കൂടുതല്‍ ശക്തമായത്.

STORY HIGHLIGHTS: Suresh Gopi did not Respond to Amma General Body Meet

Next Story