'അടവുകൾ അവസാനിക്കുന്നില്ല'; സോഹൻ സീനുലാലിന്റെ 'ഭാരത സർക്കസ്' വരുന്നു
'വന്യത്തി'ന് ശേഷം സോഹൻ ഒരുക്കുന്ന ചിത്രമാണ് 'ഭാരത സർക്കസ്'.
15 Sep 2022 2:50 PM GMT
ഫിൽമി റിപ്പോർട്ടർ

സംവിധായകൻ, നടൻ എന്നീ നിലകളിൽ ശ്രദ്ധേയനായ സോഹൻ സീനുലാൽ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ പുറത്തിറക്കി. 'ഭാരത സർക്കസ്' എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിൽ ഷൈൻ ടോം ചാക്കോ, ബിനു പപ്പു, എം എ നിഷാദ് എന്നിവരാണ് പ്രധാന കഥാപാത്രങ്ങൾ. 'വന്യത്തി'ന് ശേഷം സോഹൻ സീനുലാൽ ഒരുക്കുന്ന ചിത്രമാണ് ഇത്.
ചിത്രത്തിന്റെ കഥ, തിരക്കഥ, സംഭാഷണം എന്നിവ മുഹാദ് വെമ്പായത്തിന്റേതാണ്. ബെസ്റ്റ് വേ എന്റർടെയ്ൻമെന്റിന്റെ ബാനറിൽ അനൂജ് ഷാജിയാണ് ചിത്രം നിർമ്മിക്കുന്നത്. പ്രധാന കഥാപാത്രങ്ങൾക്ക് പുറമെ ചിത്രത്തിൽ ജാഫർ ഇടുക്കി, ആരാദ്യ ആൻ, മേഘ തോമസ് തുടങ്ങിയവരും അഭിനയിക്കുന്നു. ക്യാമറ ബിനു കുര്യൻ, സംഗീതം ബിജിബാൽ, എഡിറ്റർ വി സാജൻ, പ്രൊഡക്ഷൻ കൺട്രോളർ ദീപക്ക് പരമേശ്വരൻ, കലാസംവിധാനം പ്രദീപ്, മേക്കപ്പ് റോണക്സ് സേവ്യർ, വസ്ത്രാലങ്കാരം മനോഹർ, സൗണ്ട് ഡിസൈനിങ് ഡാൻ, കൊ-ഡയറക്ടർ പ്രകാശ് കെ മധു, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് നസീർ കരന്തൂർ, പിആർഒ എ എസ് ദിനേശ്, സ്റ്റിൽസ് നിദാദ് കെ എൻ, പബ്ലിസിറ്റി ഡിസൈൻ കോളിൻസ് ലിയോഫിൽ എന്നിവരാണ് മറ്റ് അണിയറപ്രവർത്തകർ.
'കാബൂളിവാല' എന്ന സിനിമയിൽ ബാലതാരമായാണ് സോഹൻ സീനുലാൽ തുടങ്ങുന്നത്. 'വൺമാൻഷോ' എന്ന സിനിമയിൽ സഹ സംവിധായകനായും പ്രവർത്തിച്ചു. 2011ൽ മമ്മൂട്ടി നായകനായ 'ഡബിൾസ്' എന്ന സിനിമയിലൂടെ സ്വതന്ത്ര സംവിധായകനായി. എബ്രിഡ് ഷൈൻ സംവിധാനം ചെയ്ത 'ആക്ഷൻ ഹീറോ ബിജു' എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തേക്കുമെത്തി. തുടർന്ന് 'പുതിയ നിയമം', 'തോപ്പിൽ ജോപ്പൻ', 'അച്ചായൻസ്', 'ഒരു കുട്ടനാടൻ ബ്ലോഗ്' തുടങ്ങിയ സിനിമകളിലും അഭിനയിച്ചു.
Story highlights: