Top

'എന്റെ പ്രശ്‌നങ്ങള്‍ കാര്യമായി പരിഗണിക്കണമെന്ന് മമ്മൂട്ടി 'അമ്മ'യില്‍ പറഞ്ഞിട്ടുണ്ട്'; മുന്‍പും പിന്തുണച്ചെന്ന് ഷമ്മി തിലകന്‍

26 Jun 2022 1:45 PM GMT
ഫിൽമി റിപ്പോർട്ടർ

എന്റെ പ്രശ്‌നങ്ങള്‍ കാര്യമായി പരിഗണിക്കണമെന്ന് മമ്മൂട്ടി അമ്മയില്‍ പറഞ്ഞിട്ടുണ്ട്; മുന്‍പും പിന്തുണച്ചെന്ന് ഷമ്മി തിലകന്‍
X

കൊല്ലം: താര സംഘടനയായ 'അമ്മ'യിൽ നിന്ന് പുറത്താക്കുന്നതിൽ മമ്മൂട്ടി തന്നെ പിന്തുണച്ചു എന്നാണ് കരുതുന്നതെന്ന് നടൻ ഷമ്മി തിലകൻ. ഞാന്‍ ഉന്നയിച്ച പ്രശ്‌നങ്ങള്‍ സംഘടനയിലെ സീനിയര്‍ ഭാരവാഹികള്‍ക്ക് അറിയാവുന്നതാണ്. അതുകൊണ്ടാണ് എനിക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ടപ്പോള്‍ മമ്മൂട്ടിയടക്കമുളള ഭാരവാഹികള്‍ മാറിനിന്നത് എന്നും ഷമ്മി തിലകൻ പറഞ്ഞു. ഇതിന് മുമ്പും എന്റെ പ്രശ്നങ്ങൾ കാര്യമായി പരി​ഗണിക്കണമെന്ന് മമ്മൂട്ടി സംഘടനയിൽ പറഞ്ഞിട്ടുണ്ട്. ഞാന്‍ ഉന്നയിച്ച ആരോപണങ്ങള്‍ അന്വേഷിക്കണം എന്നാണ് പറഞ്ഞത്. അല്ലാതെ അച്ചടക്ക ലംഘനം നടത്തിയിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. 'അമ്മ'യിൽ നിന്ന് പുറത്താക്കുന്നത് സംബന്ധിച്ചുളള വാർത്തകളോട് പ്രതികരിക്കുകയായിരുന്നു ഷമ്മി തിലകൻ.

ഷമ്മി തിലകനെ പുറത്താക്കണമെന്ന നിലപാടിൽ ഭൂരിഭാഗം അംഗങ്ങൾ നിന്നപ്പോൾ കുറച്ചുപേർ മാത്രമാണ് അതിനെ എതിർത്തത്. പുറത്താക്കൽ നടപടി ഒന്നുകൂടി ആലോചിച്ചു നടപ്പാക്കണം എന്ന ആവശ്യമാണ് നടൻ ജഗദീഷ് ഉന്നയിച്ചത്. ഒപ്പം മമ്മൂട്ടി, മനോജ് കെ ജയന്‍, സംവിധായകന്‍ ലാല്‍, തുടങ്ങിയവരും ഷമ്മിയെ പുറത്താക്കുന്നതിനെ എതിർത്തിരുന്നു.

താര സംഘടനയായ 'അമ്മ'യിൽ നിന്ന് ഷമ്മി തിലകനെ പുറത്താക്കിയിട്ടില്ലെന്നും നടന്റെ വിശദീകരണം കേട്ട ശേഷം മാത്രമാകും നടപടി സ്വീകരിക്കുകയെന്നും 'അമ്മ' മാധ്യമങ്ങളോട് പറഞ്ഞു. ഇന്ന് ചേർന്ന ജനറൽ ബോഡി യോ​ഗത്തിലാണ് തീരുമാനമെടുത്തത്. അടുത്ത എക്സിക്യൂട്ടിവ് യോഗത്തിനു ശേഷം മാത്രമായിരിക്കും ഷമ്മി തിലകന്റെ വിഷയത്തിൽ അന്തിമ തീരുമാനമെന്നും സംഘടന അറിയിച്ചു.

ഷമ്മി തിലകന്‍ പറഞ്ഞത്,

2021ല്‍ നടന്ന ജനറല്‍ ബോഡിയില്‍ അതില്‍ എക്‌സിക്യൂട്ടീവ് കമ്മിറ്റി തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ നടപടി നടന്നുകൊണ്ടിരിക്കുകയാണ്. ആ നടപടി എന്ന് പറയുന്നത്, എനിക്ക് ആദ്യം എക്‌സിക്യൂട്ടീവ് കമ്മിറ്റി വിശദീകരണ കത്ത് തന്നു. ആ കത്തിന് സമയ ബന്ധിതമായി ഓരോ വാക്കുകളെ വെച്ചും സെന്റന്‍സിനെ വെച്ചും പാരഗ്രാഫുകളെ അടിസ്ഥാനമാക്കി വിശദമായ മറുപടി ഞാന്‍ കൊടുത്തിട്ടുണ്ട്. അതിന് ശേഷം തൃപ്തികരമല്ല എന്ന റിപ്ലേ ഒന്നും തന്നിട്ടില്ല. നടപടി നേരിടാന്‍ ഞാന്‍ തയ്യാറാണ്, എന്റെ പേരില്‍ തെറ്റുണ്ടെങ്കില്‍ തെറ്റ് എന്നെ ബോധ്യപ്പെടുത്തിയിട്ടില്ല. ഞാന്‍ എന്ത് തെറ്റാണ് ചെയ്തത് എന്നത് എനിക്ക് വ്യക്തമായിട്ടില്ല.

എന്റെ വാദം കേള്‍ക്കാതെയാണ് പുറത്താക്കുന്നതെങ്കില്‍ അത് തെറ്റ്. അതിന് മാത്രം വലിയ തെറ്റൊന്നും ഞാന്‍ ചെയ്തിട്ടില്ല. വാർത്ത സമ്മേളനത്തിൽ അവർ പറഞ്ഞത് പുറത്താക്കിയിട്ടില്ല എന്നാണ്. പുറത്താക്കിയില്ലെങ്കില്‍ നല്ല കാര്യം. ഞാൻ പ്രതീക്ഷിച്ചത് ശാസന അല്ലെങ്കില്‍ മാപ്പ് അപേക്ഷയുമാണ്. 'അമ്മ' എന്നെ പുറത്താക്കുമെന്ന് ഞാന്‍ കരുതുന്നേയില്ല. 'അമ്മ' മാഫിയ സംഘമാണെന്ന് ഒരിടത്തും പറഞ്ഞിട്ടില്ല. അച്ഛന്റെ പാത പിന്തുടർന്ന് അല്ല എന്റേതായ കാഴ്ചപ്പാടിലൂടെയാണ് ഞാൻ നിലപാട് പറയുന്നത്. അച്ഛൻ പണ്ട് പറഞ്ഞത് അമ്മ മാഫിയ സംഘം എന്നാണ്. അച്ഛൻ മാത്രമല്ല സുകുമാർ അഴീക്കോട് മാഷ് പറഞ്ഞതൊക്കെ അങ്ങനെയാണ്. ഞാൻ അതെല്ല അതിനേക്കാൾ അപ്പുറമാണ് അന്ന് പറഞ്ഞത് എന്നാണ് എന്റെ ഓർമ്മ. അത് പക്ഷെ അവർ വളച്ചൊടിച്ച് ഞാനത് മേലെയാണെന്നൊ അങ്ങനെയൊക്കെ എന്തൊക്കെ പറഞ്ഞിട്ടാണ്.

അതിനേക്കാൾ അപ്പുറമാണ്, beyond that. മാഫിയ സംഘം എന്ന പരാമർശത്തെ കുറിച്ച് അവർ വാർത്ത സമ്മേളനത്തിൽ അവർ ഒന്നും സംസാരിച്ചിട്ടില്ല. എന്നെ പുറത്താക്കിയിട്ടില്ല എന്നാണ് അവർ പറഞ്ഞത്. അപ്പൊ ഒരു അം​ഗമെന്ന നിലക്ക് അതിനുളള വിശദീകരണം ഞാൻ ഇപ്പോൾ നൽകുന്നില്ല.

അമ്മ എന്ന സംഘടന 1994 സ്ഥാപിതമാകുന്നത് എന്റെയും പൈസ കൊണ്ടാണ്. എന്റെ അറിവ് ശരിയാണെങ്കിൽ മൂന്നാമത് അം​ഗത്വമെടുത്തയാളാണ് ഞാൻ. ആ അം​ഗത്വത്തിനായി എന്റെ കയ്യിൽ നിന്ന് പൈസ വാങ്ങിക്കുന്നത് ഇന്നത്തെ വൈസ് പ്രസിഡന്റ് മണിയൻ പിളള രാജു ചേട്ടനാണ്. ചെക്ക് വേണോ കാശ് വേണോ ചേട്ടാ എന്ന് അന്ന് ഞാൻ ചോദിച്ചു. അപ്പോ പുളളി പറഞ്ഞത് എടേയ്, ലെറ്റർ പാഡൊക്കെ അടിക്കാൻ പൈസ വേണ്ടടേയ് പൈസ തരൂ എന്ന്. അപ്പൊ ഞാൻ പതിനായിരം രൂപയെടുത്തുകൊടുത്തു. അങ്ങനെയാണ് ഞാൻ മെംമ്പറായത്. അമ്മയുടെ ലെറ്റർ പാ‍ഡിന്റെ പൈസ ഞാൻ കൊടുത്തത് . അപ്പൊ ആ ലെറ്റർ പാഡിൽ തന്നെ എന്നെ പുറത്താക്കി കൊണ്ടുളള നോട്ടീസ് വരട്ടെ. അന്നേരം ഞാൻ അതിന് അനുസരിച്ച് പെരുമാറും.

എന്തൊക്കെയാണ് എന്റെ പ്രശ്നങ്ങൾ എന്ന് സംഘടനാ മര്യാദകൾ പാലിച്ചുകൊണ്ട് 2017ൽ ഡേറ്റ് കൃത്യമായി ഓർമ്മയില്ല. 2017 മുതൽ ഔദ്യോ​ഗിക ഭാരവാഹികൾക്ക് രേഖാമൂലം കത്തുകൾ കൊടുത്തുകൊണ്ടിരിക്കുന്നു. പക്ഷെ അതിനൊന്നും നാളിതുവരെയായി മറുപടി കിട്ടിയിട്ടില്ല. അത് ഈ ജനറൽ ബോഡി എന്ന് പറയുന്ന ചുരുക്കം ചില ഭാരവാഹികൾക്ക് മാത്രമെ എന്റെ ആവശ്യങ്ങൾ അല്ലെങ്കിൽ എന്റെ പ്രശ്നങ്ങൾ അറിയുകയൊളളു. ഇത് അറിയാതെയാണ് എനിക്കെതിരെ പലരും പറഞ്ഞിട്ടുളളത്. അവിടേയും ഇവിടേയും പറയുന്നത് കേട്ടിട്ട് പറയുന്നത് ശരിയല്ല.

മമ്മൂട്ടി തന്നെ പിന്തുണച്ചു എന്നാണ് കരുതുന്നത്. അച്ചടക്ക ലംഘനം ഞാന്‍ നടത്തിയിട്ടില്ല. ഞാന്‍ ഉന്നയിച്ച പ്രശ്‌നങ്ങള്‍ സംഘടനയിലെ സീനിയര്‍ ഭാരവാഹികള്‍ക്ക് അറിയാം. അതുകൊണ്ടാണ് മമ്മൂട്ടിയടക്കമുളള ഭാരവാഹികള്‍ എനിക്ക് എതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ടപ്പോള്‍ നടപടിയിലേക്ക് നീങ്ങരുത് എന്ന് പറഞ്ഞത്. ഇതിന് മുമ്പും എന്റെ പ്രശ്നങ്ങൾ കാര്യമായി പരി​ഗണിക്കണമെന്ന് മമ്മൂട്ടി സംഘടനയിൽ പറഞ്ഞിട്ടുണ്ട്. ഞാന്‍ ഉന്നയിച്ച ആരോപണങ്ങള്‍ അന്വേഷിക്കണം എന്നാണ് പറഞ്ഞത്. അല്ലാതെ അച്ചടക്ക ലംഘനം നടത്തിയിട്ടില്ല.

STORY HIGHLIGHTS: Shammi Thilakan Says Mammotty Support to Me in the Expelling Decision of AMMA

Next Story