Top

ഉംറ നിർവ്വഹിച്ച് ഷാരൂഖ് ഖാൻ; ചിത്രങ്ങൾ പുറത്ത്

'ഇത്രയും മനോഹരമായ സ്ഥലങ്ങളും ഊഷ്മളമായ ആതിഥ്യമര്യാദയും ഞങ്ങൾക്ക് നൽകിയതിന് നന്ദി'

1 Dec 2022 7:08 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ഉംറ നിർവ്വഹിച്ച് ഷാരൂഖ് ഖാൻ; ചിത്രങ്ങൾ പുറത്ത്
X

റിയാദ്: മക്കയിലെത്തി ഉംറ നിർവ്വഹിച്ച് ബോളിവുഡ് താരം ഷാരൂഖ് ഖാൻ. നടൻ ഉംറ വസ്ത്രം ധരിച്ച് പ്രാർത്ഥിക്കുന്നതിന്റെ ചിത്രങ്ങൾ ഇതിനോടകം സാമൂഹിക മാധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്. ഷാരൂഖിന്റെ ഫാൻ പേജുകളിൽ പോസ്റ്റ് ചെയ്ത ഫോട്ടോകളിൽ ആളുകൾ അദ്ദേഹത്തെ വളഞ്ഞിരിക്കുന്നതായി കാണാം. രാജ്കുമാർ ഹിരാനി സംവിധാനം ചെയ്യുന്ന പുതിയ ചിത്രം 'ഡങ്കി'യുടെ ഷൂട്ടിങ് പുനരാരംഭിക്കുന്നതിനായാണ് താരം സൗദിയിലെത്തിയത്. 'ഡങ്കി'യുടെ സൗദി അറേബ്യ ഷെഡ്യൂൾ ബുധനാഴ്ച പൂർത്തിയാക്കുമെന്ന് ഷാരൂഖ് ഖാൻ അറിയിച്ചു.

സൗദിയിലെ മനോഹരമായ ലൊക്കേഷനുകൾക്കും ഊഷ്മളമായ ആതിഥ്യമര്യാദയ്ക്കും സൗദി സാംസ്കാരിക മന്ത്രാലയത്തിന് നന്ദി അറിയിച്ചുകൊണ്ട് താരം ഒരു വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തിരുന്നു. 'സൗദിയിൽ 'ഡങ്കി'യുടെ ഷൂട്ടിങ് ഷെഡ്യൂൾ പൂർത്തിയാക്കുന്നതിനേക്കാൾ സംതൃപ്തി നൽകുന്ന മറ്റൊന്നില്ല. ഇത്രയും മനോഹരമായ സ്ഥലങ്ങളും ഊഷ്മളമായ ആതിഥ്യമര്യാദയും ഞങ്ങൾക്ക് നൽകിയതിന് നന്ദി. രാജു സാറിനും മറ്റ് അഭിനേതാക്കളോടും അണിയറപ്രവർത്തകരോടും നന്ദി പറയാൻ ഞാൻ ആഗ്രഹിക്കുന്നു... നിങ്ങൾക്കെല്ലാവർക്കും വളരെ വലിയ ശുക്രൻ. ദൈവം അനുഗ്രഹിക്കട്ടെ', എന്ന് ഷാരൂഖ് ഖാൻ പറഞ്ഞു.

തപ്‌സി പന്നുവാണ് 'ഡങ്കി'യിലെ നായിക. ചിത്രം 2023 ൽ തീയറ്ററുകളിൽ എത്തും. ജിയോ സ്റ്റുഡിയോ, റെഡ് ചില്ലീസ് എന്റര്‍ടെയ്ന്‍മെന്റ്, രാജ്കുമാര്‍ ഹിരാനി ഫിലിംസ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിർമ്മിക്കുന്നത്. ചിത്രത്തില്‍ ബൊമന്‍ ഇറാനിയും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ഡങ്കിക്ക് പുറമെ, പത്താനും ജവാനും ആണ് എസ്ആർകെയുടെ അണിയറയിലുളള മറ്റ് സിനിമകൾ. പത്താൻ 2023 ജനുവരി 25 ന് തിയേറ്ററിലെത്തും.



Story Highlights: Shah Rukh Khan Performs Umrah Pictures are out

Next Story