Top

'പിന്നോട്ട് ആയുകയാണ്, വീണ്ടും മുന്നോട്ട് കുതിക്കാൻ'; മെയ് 20ന് സൗദി വെള്ളക്ക റിലീസുണ്ടാകില്ലെന്ന് അണിയറപ്രവർത്തകർ

'സൗദി വെളളക്ക വളർന്ന് വളർന്ന് ഇപ്പോൾ ഞങ്ങളെ മുന്നിൽ നിന്ന് നയിക്കുകയാണ്'

12 May 2022 1:23 PM GMT
ഫിൽമി റിപ്പോർട്ടർ

പിന്നോട്ട് ആയുകയാണ്, വീണ്ടും മുന്നോട്ട് കുതിക്കാൻ; മെയ് 20ന് സൗദി വെള്ളക്ക റിലീസുണ്ടാകില്ലെന്ന് അണിയറപ്രവർത്തകർ
X

തരുൺ മൂർത്തി സംവിധാനം ചെയ്യുന്ന പുതിയ ചിത്രം 'സൗദി വെള്ളക്ക'യുടെ റിലീസ് തീയതി നീട്ടി. മെയ് 20ന് പ്രഖ്യാപിച്ചിരുന്ന സിനിമയുടെ റിലീസ് നീട്ടിയ വിവരം സംവിധായകൻ തരുൺ മൂർത്തി തന്നെയാണ് സമൂഹ മാധ്യമങ്ങളിലൂടെ അറിയിച്ചത്. പുതിയ റീലീസ് തീയതിന് ഉടൻ പുറത്തുവിടുമെന്നും അദ്ദേഹം അറിയിച്ചു.

തരുൺ മൂർത്തിയുടെ വാക്കുകൾ:

കഴിഞ്ഞ രണ്ട് മൂന്നു ദിവസങ്ങളായി നീളുന്ന മരത്തോൺ മീറ്റിങ്ങുകൾ, ഫോൺ കോളുകൾ, അതിന്റെയെല്ലാം അവസാനം ഞങ്ങളെടുത്ത ആ തീരുമാനം സന്തോഷത്തോടെയും അല്പം നിരാശയോടെയും പങ്കുവെയ്ക്കുകയാണ്. മെയ് 20ന് സൗദി വെള്ളക്ക തീയേറ്ററുകളിൽ ഉണ്ടാകില്ല.

സത്യത്തിൽ ഞങ്ങൾ എല്ലാം അത്രയേറെ ആവേശത്തോടെയുള്ള കാത്തിരിപ്പിലായിരുന്നു ഈ സിനിമ നിങ്ങൾ ഒരോത്തരിലേക്കും എത്തിക്കാൻ,നിങ്ങൾ എല്ലാവരേയും സൗദി വെള്ളക്ക ഒന്ന് കാണിക്കാൻ. സിനിമ മുഴുവൻ കണ്ട് കഴിഞ്ഞുള്ള നിങ്ങളുടെ മനസും മുഖവും ഒന്ന് കാണാൻ. നിങ്ങളുടെ സംസാരങ്ങൾ കേൾക്കാൻ, കുറിപ്പുകൾ വായിക്കാൻ.

പക്ഷെ മെയ് 20 എന്ന റിലീസ് തിയതി മുന്നിൽ കണ്ടിറങ്ങിയടത്തു നിന്നും സിനിമ ഒരുപാട് വളർന്നു. എഴുത്തിലൂടെയും പിന്നീട് ഷൂട്ടിലൂടെയും അതിനു ശേഷം എഡിറ്റിലൂടെയും, ഡബ്ബിലൂടെയും അതിന്റെ മ്യൂസിക് സ്പേസിലൂടെയും ഒടുവിൽ സൗണ്ട് ഡിസൈനിലൂടെയും സൗദി വെളളക്ക വളർന്ന് വളർന്ന് ഇപ്പോൾ ഞങ്ങളെ മുന്നിൽ നിന്ന് നയിക്കുകയാണ്.

അത് അങ്ങനെയാണ്, ഒരു ഘട്ടം കഴിഞ്ഞാൽ സിനിമയാണ് നമ്മളെ നയിക്കുന്നത്. സിനിമയെ അത്രയേറെ സ്നേഹിച്ചാൽ പല തീരുമാനങ്ങളും സിനിമ സ്വയം എടുക്കുന്ന പോലെ നമുക്ക് തോന്നും. അങ്ങനെ ഒരു തീരുമാനം തന്നെയാണ് ഇതും. അതെ മെയ് 20ന് സൗദിവെള്ളക്കയുടെ റിലീസ് ഉണ്ടാകില്ല. പക്ഷെ അധികം നീളുമെന്നല്ല അതിനർഥം. ഒന്ന് പിന്നോട്ട് ആയുകയാണ് ഞങ്ങൾ, വീണ്ടും മുന്നോട്ട് കുതിക്കാൻ.


story highlights: saudi vellakka movie release postponed

Next Story