ഷാരൂഖ് ഖാന് സൗദി അറേബ്യയുടെ ബഹുമതി; റെഡ് സീ ഫെസ്റ്റിവലില്‍ 'കിങ് ഖാന്' ആദരം അര്‍പ്പിക്കും
അസാധാരണ പ്രതിഭയും അന്താരാഷ്ട്ര സിനിമയുടെ ഐക്കണുമായ ഷാരൂഖ് ഖാനെ ആദരിക്കുന്നതില്‍ സന്തുഷ്ടരാണെന്ന് റെഡ് സീ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍ ഫൗണ്ടേഷന് സിഇഓ മുഹമ്മദ് അല്‍ തുര്‍ക്കി പറഞ്ഞു.
21 Nov 2022 10:01 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

ജിദ്ദ: ബോളിവുഡ് നടന് ഷാരൂഖ് ഖാന് സൗദി അറേബ്യയുടെ ബഹുമതി. ചലച്ചിത്ര മേഖലക്ക് നല്കിയ സമഗ്ര സംഭാവന പരിഗണിച്ചാണ് കിങ് ഖാനെ ആദരിക്കുന്നത്. ഡിസംബര്‍ ഒന്ന് മുതല്‍ 10 വരെ ജിദ്ദയില്‍ നടക്കുന്ന രണ്ടാമത് റെഡ് സീ ഫിലിം ഫെസ്റ്റിവല്‍ വേദിയില്‍ ഷാരൂഖ് ആദരിക്കപ്പെടും.
അസാധാരണ പ്രതിഭയും അന്താരാഷ്ട്ര സിനിമയുടെ ഐക്കണുമായ ഷാരൂഖ് ഖാനെ ആദരിക്കുന്നതില്‍ സന്തുഷ്ടരാണെന്ന് റെഡ് സീ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍ ഫൗണ്ടേഷന് സിഇഓ മുഹമ്മദ് അല്‍ തുര്‍ക്കി പറഞ്ഞു. ഇന്ത്യന്‍ സൂപ്പര്‍ സ്റ്റാര്‍ ഷാറൂഖ് തുടക്കം മുതല്‍ ഇന്ന് വരെ ആരാധകരെ ഹൃദയത്തില്‍ ഇടം നേടിയിട്ടുണ്ട്. ലോകമെമ്പാടമുള്ള പ്രേക്ഷകര്‍ ആരാധിക്കുന്ന ഇന്ത്യന്‍ സിനിമയിലെ ഏറ്റവും മികച്ച താരങ്ങളില്‍ ഒരാളായി 30 വര്‍ഷമായി ഷാരൂഖ് ഖാന് തുടരുന്നു. ഈ ഡിസംബറില്‍ സൂപ്പര്‍ താരത്തെ ജിദ്ദയിലേക്ക് സ്വാഗതം ചെയ്യാന്‍ കാത്തിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
'റെഡ് സീ അന്താരാഷ്ട്ര ചലച്ചിത്ര മേളയില്‍ നിന്ന് ഈ പുരസ്കാരം നേടാന്‍ കഴിഞ്ഞത് അഭിമാനമായി കരുതുന്നു. സൗദി എന്റെ ചിത്രങ്ങള്‍ക്ക് എല്ലായ്പ്പോഴും വലിയ പിന്തുണ നല്‍കിയിട്ടുണ്ട്. ഇവിടെ എന്റെ ആരാധകര്‍ക്കൊപ്പം നില്‍ക്കുന്നത് ആശ്ചര്യപ്പെടുത്തുന്ന അനുഭവമാണ്. സൗദിയുടെ പ്രാഗത്ഭ്യത്തെ ആഘോഷമാക്കാനും അമ്പരപ്പിക്കുന്ന ഈ ഫിലിം ഇന്‍ഡസ്ട്രിയുടെ ഭാഗമാകാനും ഏറെ താല്പര്യമുണ്ട്', ഷാരൂഖ് ഖാന് പറഞ്ഞു.
ഷാരൂഖ് നിലവില്‍ സൗദി അറേബ്യയിലെ ജിദ്ദയില്‍ സിനിമ ചിത്രീകരണത്തിലാണ്. രാജ്കുമാര് ഹിറാനി സംവിധാനം ചെയ്യുന്ന ദുംകിയുടെ ചിത്രീകരണത്തിന് വേണ്ടിയാണ് നടന് സൗദിയിലെത്തിയത്. മെഗാ ഹിറ്റ് ചിത്രങ്ങളുടെ സംവിധായകനായ രാജ്കുമാര് ഹിറാനിയുമായി ആദ്യമായാണ് ഷാരൂഖ് കൈകോര്‍ക്കുന്നത്.
#ShahRukhKhan𓀠 @iamsrk was spotted at a super market in #Jeddah, #SaudiArabia#Dunki pic.twitter.com/lyEA8ZP6x7
— being_monika (@MonikaBeing) November 18, 2022
തപ്സീ പന്നുവാണ് ചിത്രത്തിലെ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഈ വര്‍ഷം ഏപ്രിലില്‍ പ്രഖ്യാപിക്കപ്പെട്ട ചിത്രം അടുത്ത വര്‍ഷം ഡിസംബറില്‍ റിലീസ് ചെയ്യുവാനാണ് പദ്ധതി.
Story Highlights: Soudi Arabia to honour Bollywood star Shah Rukh Khan