Top

'ഉച്ചമയക്കത്തിലെ സ്വപ്നം പോലൊരു സിനിമ, സുന്ദരത്തിന്റെ വളർത്തുനായ ഇപ്പോഴും നൊമ്പരമായി മനസ്സിൽ'; നൻപകൽ കണ്ട് സത്യൻ അന്തിക്കാട്

രാജ്യാന്തര ചലച്ചിത്ര മേളയിൽ നിറഞ്ഞ കൈയ്യടിയും സ്വീകാര്യതയും നേടിയ ചിത്രം ജനുവരി 19നാണ് തിയേറ്ററുകളിൽ എത്തിയത്

25 Jan 2023 6:54 AM GMT
​ഗൗരി പ്രിയ ജെ

ഉച്ചമയക്കത്തിലെ സ്വപ്നം പോലൊരു സിനിമ, സുന്ദരത്തിന്റെ വളർത്തുനായ ഇപ്പോഴും നൊമ്പരമായി മനസ്സിൽ; നൻപകൽ കണ്ട് സത്യൻ അന്തിക്കാട്
X

ലിജോ ജോസ് പെല്ലിശ്ശേരി - മമ്മൂട്ടി ചിത്രം 'നൻപകൽ നേരത്ത് മയക്കം' കണ്ട് സംവിധായകൻ സത്യൻ അന്തിക്കാട്. ഉച്ചമയക്കത്തിലെ സ്വപ്നം പോലൊരു സിനിമ എന്നാണ് സംവിധായകൻ ചിത്രത്തെ വർണ്ണിച്ചത്. മനോഹരമായി ലിജോ ജെയിംസിന്റെയും സുന്ദരത്തിന്റെയും കഥ പറഞ്ഞിട്ടുണ്ട്. മമ്മൂട്ടിയുടെ വിസ്മയിപ്പിക്കുന്ന അഭിനയം ഒരിക്കൽ കുടി കാണാനായതിലെ സന്തോഷവും സത്യൻ അന്തിക്കാട് പ്രകടിപ്പിച്ചു. ഫേസ്ബുക്ക് കുറിപ്പിലൂടെയായിരുന്നു അഭിനന്ദനം.

മഴവിൽക്കാവടിയുടെ ലൊക്കേഷൻ യാത്രകളിൽ കണ്ട പഴനിയിലെ ഗ്രാമങ്ങളുടെ ഭംഗി മുഴുവൻ ലിജോ ഒപ്പിയെടുത്തു. ജെയിംസിന്റെ നാടകവണ്ടി ഗ്രാമം വിട്ടുപോകുമ്പോൾ പിന്നാലെയോടുന്ന സുന്ദരത്തിന്റെ വളർത്തുനായയുടെ ചിത്രം ഇപ്പോഴും ഒരു നൊമ്പരമായി മനസിൽ നിൽക്കുകയാണ്. ലിജോയ്ക്കും ടീമിനും അഭിനന്ദനങ്ങൾ അറിയിക്കുന്നതായും സംവിധായകൻ കുറിച്ചു.

"നൻപകൽ നേരത്ത് മയക്കം കണ്ടു. ഉച്ചമയക്കത്തിലെ സ്വപ്നം പോലൊരു സിനിമ. എത്ര മനോഹരമായാണ് ജെയിംസിന്റേയും സുന്ദരത്തിന്റേയും കഥ ലിജോ പറഞ്ഞത്. പണ്ട് 'മഴവിൽക്കാവടി'യുടെ ലൊക്കേഷൻ തേടി നടന്ന കാലത്ത് പഴനിയിലെ ഗ്രാമങ്ങൾ ഞാൻ കണ്ടിട്ടുണ്ട്. ചോളവയലുകളും ഗ്രാമവാസികൾ ഇടതിങ്ങിപ്പാർക്കുന്ന കൊച്ചു വീടുകളും, രാപകലില്ലാതെ അലയടിക്കുന്ന തമിഴ്പാട്ടുകളും.. ആ ഗ്രാമഭംഗി മുഴുവൻ ലിജോ ഒപ്പിയെടുത്തിരിക്കുന്നു. മമ്മൂട്ടി എന്ന അതുല്യനടന്റെ വിസ്മയിപ്പിക്കുന്ന പ്രകടനം വീണ്ടും കാണാൻ സാധിച്ചു. ജെയിംസിന്റെ നാടകവണ്ടി ഗ്രാമം വിട്ടുപോകുമ്പോൾ പിന്നാലെയോടുന്ന സുന്ദരത്തിന്റെ വളർത്തുനായയുടെ ചിത്രം ഇപ്പോഴും ഒരു നൊമ്പരമായി മനസ്സിൽ! ലിജോ ജോസ് പെല്ലിശ്ശേരിക്കും ടീമിനും മനസ്സു നിറഞ്ഞ സ്നേഹം."

രാജ്യാന്തര ചലച്ചിത്ര മേളയിൽ നിറഞ്ഞ കൈയ്യടിയും സ്വീകാര്യതയും നേടിയ ചിത്രം ജനുവരി 19നാണ് തിയേറ്ററുകളിൽ എത്തിയത്. മമ്മൂട്ടി കമ്പനി നിർമ്മിച്ച ആദ്യ ചിത്രമാണ് നൻപകൽ നേരത്ത് മയക്കം. നാടകമോ ജീവിതമോ എന്ന് പ്രേക്ഷകനെ ചിന്തിപ്പിച്ച് 'ടിപ്പിക്കൽ എൽജെപി സ്റ്റൈലിൽ' ഉള്ളതാണ് ചിത്രം. എന്നാൽ ഇത്തവണ മനുഷ്യന്റെ സംഘർഷങ്ങൾ സാഹചര്യങ്ങളിൽ അല്ല, മറിച്ച് പ്രധാന കഥാപാത്രത്തിന് ഉള്ളിലാണെന്ന് മാത്രം.

Story Highlights: Sathyan Anthikad appreciate Nanpakal Nerathu Mayakkam

Next Story