Top

'എമ്പുരാനൊ'പ്പം തന്നെ 'ലൂസിഫ‍ർ' മൂന്നാം ഭാഗവും ഷൂട്ട് ചെയ്യുന്നു? പുതിയ റിപ്പോർട്ടുകൾ

എമ്പുരാൻ 400 കോടി ബജറ്റിലാകും ഒരുങ്ങുക എന്നും അഭ്യൂഹങ്ങളുണ്ട്.

19 Aug 2022 11:51 AM GMT
ഫിൽമി റിപ്പോർട്ടർ

എമ്പുരാനൊപ്പം തന്നെ ലൂസിഫ‍ർ മൂന്നാം ഭാഗവും ഷൂട്ട് ചെയ്യുന്നു? പുതിയ റിപ്പോർട്ടുകൾ
X

മോഹൻലാൽ-പൃഥ്വിരാജ് ചിത്രം 'ലൂസിഫറി'ന്റെ രണ്ടാം ഭാഗമായ 'എമ്പുരാന്റെ' പ്രഖ്യാപനം കഴിഞ്ഞ ദിവസം നടന്നിരുന്നു. ആശിർവാദ് സിനിമാസിന്റെ യൂട്യൂബ് ചാനലിലൂടെ നടന്ന പ്രഖ്യാപനത്തിനിടയിൽ അണിയറ പ്രവർത്തകർ മൂന്നാം ഭാഗത്തെക്കുറിച്ചുള്ള സൂചനകളും നൽകി. ഇപ്പോഴിതാ എമ്പുരാനൊപ്പം തന്നെ ലൂസിഫ‍ർ മൂന്നാം ഭാഗത്തിന്റെ ചിത്രീകരണവും നടക്കുമെന്ന റിപ്പോർട്ടുകളാണ് വരുന്നത്.

എമ്പുരാന്റെ ചിത്രീകരണത്തിനൊപ്പം തന്നെ മൂന്നാം ഭാഗത്തിന്റെ ചില രംഗങ്ങളും ഷൂട്ട് ചെയ്യുമെന്നാണ് റിപ്പോർട്ട്. 'ജന ഗണ മന'യുടെ രണ്ടാം ഭാഗത്തിന് വേണ്ടിയുള്ള ഭാഗങ്ങൾ ഷൂട്ട് ചെയ്യാനും അത് ആദ്യ ചിത്രത്തിന്റെ പ്രൊമോ ആയി ഉപയോഗിക്കാനുമുള്ള സംവിധായകൻ ഡിജോ ജോസ് ആന്റണിയുടെ ആശയം തനിക്ക് ഏറെ ഇഷ്ടമായെന്ന് പൃഥ്വിരാജ് നേരത്തെ ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു. ലൂസിഫറിനായി ഇത് പരീക്ഷിക്കാൻ താൽപര്യമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

എമ്പുരാന്‍ ഒരു പാന്‍ ഇന്ത്യന്‍ ചിത്രമായിട്ടല്ല പാന്‍ വേള്‍ഡ് ചിത്രമായാണ് നിര്‍മ്മാതാക്കള്‍ വിഭാവനം ചെയ്യുന്നതെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. എമ്പുരാന്‍ ലൂസിഫറിന്റെ രണ്ടാം ഭാഗമല്ല, മൂന്ന് ഭാഗങ്ങളുള്ള സീരീസുകളിലെ രണ്ടാം ചിത്രമാണെന്ന് തിരക്കഥാകൃത്ത് മുരളി ഗോപി പറഞ്ഞിരുന്നു.

അതേസമയം എമ്പുരാൻ 400 കോടി ബജറ്റിലാകും ഒരുങ്ങുക എന്നും അഭ്യൂഹങ്ങളുണ്ട്. നിര്‍മ്മാതാക്കള്‍ ഔദ്യോഗികമായി ഇത് പ്രഖ്യാപിച്ചിട്ടില്ലെങ്കിലും വലിയ തുക ചിത്രത്തിന് വേണ്ടി ചെലവഴിക്കുമെന്ന് നേരത്തെ അറിയിച്ചിരുന്നു. സിനിമയുടെ തിരക്കഥ പൂർത്തിയായി. സിനിമയുടെ ചിത്രീകരണം ഉടൻ ആരംഭിക്കുമെന്നും ഇന്ത്യക്ക് പുറത്ത് വിവിധ ലൊക്കേഷനുകളിലും ചിത്രീകരണമുണ്ടാവുമെന്നും പൃഥ്വിരാജ് വ്യക്തമാക്കിയിട്ടുണ്ട്.

story highlights: reports that empuraan and lucifer 3 will be shot simultaneously

Next Story