'തിരക്കഥ സ്വയം എഴുതുന്നത് കൊണ്ട് സിനിമയോട് നീതി പുലര്‍ത്താന്‍ കഴിഞ്ഞില്ലെന്ന പരാതിയുണ്ടായില്ല'; ഞാന്‍ ഗന്ധര്വ്വന് ചിത്രീകരണത്തിന് ശേഷം പത്മരാജന് നല്കിയ അഭിമുഖം
ഞാൻ ഗന്ധർവ്വൻ ആയിരുന്നു അവസാന ചിത്രം
24 Jan 2023 10:53 AM GMT
ഫിൽമി റിപ്പോർട്ടർ

പത്മരാജന്റെ ഓര്‍മ്മകളിലാണ് മലയാള സാഹിത്യവും മലയാള സിനിമാലോകവും. അനശ്വര പ്രണയകഥകളുടെ ഗന്ധര്വന് വിട പറഞ്ഞിട്ട് 32 വര്‍ഷങ്ങള്‍ പിന്നിടുകയാണ്. 'ഞാന്‍ ഗന്ധര്വ്വന്' എന്ന ചിത്രമൊരുക്കി ആദ്യ പ്രിവ്യൂ കാണാന്‍ കാത്തുനില്‍ക്കാതെയായിരുന്നു പ്രിയപ്പെട്ട കഥാകാരന്റെ യാത്ര. 'ഞാന്‍ ഗന്ധര്വ്വന്' ചിത്രീകരണത്തിന് ശേഷം പത്മരാജന് നല്കിയ അഭിമുഖം വീണ്ടും ശ്രദ്ധേയമാകുന്നു. സിനിമയെക്കുറിച്ചും അതിനുവേണ്ടിയുള്ള എഴുത്തിനെക്കുറിച്ചുമാണ് വര്‍ഷങ്ങള്‍ക്ക് മുന്‍പുള്ള ഈ അഭിമുഖത്തില്‍ പത്മരാജന് പറയുന്നത്.
സിനിമയ്ക്ക് മാത്രം നല്കാനാകുന്ന പണവും പ്രശസ്തിയും തന്നെ മോഹിപ്പിച്ചിട്ടുണ്ട്. എന്നാല്‍ എഴുത്തുകാരന് എന്ന നിലയില്‍ മനുഷ്യരുമായി സംവദിക്കാന്‍ മികച്ച മാധ്യമം സിനിമയാണെന്ന് തോന്നിയതായും അദ്ദേഹം പറഞ്ഞു. സ്വന്തം തിരക്കഥകളില്‍ സിനിമ ഒരുക്കിയതുകൊണ്ട്, രണ്ടിനോടും പൂര്‍ണ്ണമായി നീതി പുലര്‍ത്താനായെന്നും പത്മരാജന് പറഞ്ഞു.
''സിനിമയിലേക്ക് പലരെയും ആകര്‍ഷിക്കുന്നത് പണവും പ്രശസ്തിയുമാണ്. അതിനോടുള്ള അഭിപ്രായം എന്താണ് എന്ന ചോദ്യത്തിന് പത്മരാജന്റെ മറുപടി ഇങ്ങനെ, 'സിനിമയുടേത് മാത്രമായ പ്രശസ്തിയും പണവും എന്നെ ആകര്‍ഷിച്ചിരുന്നില്ല എന്നൊന്നും കള്ളം പറയാന്‍ ഞാന്‍ തയ്യാറല്ല. എന്നാല്‍ ഒരു എഴുത്തുകാരന് എന്ന നിലയില്‍ മനുഷ്യ ഹൃദയങ്ങളുമായി സംവദിക്കാന്‍ സിനിമ കുറച്ചുകൂടെ നല്ല ഒരു മാധ്യമമാണ് എന്ന് തോന്നിയിരിക്കണം.''
''വളരെ കുറച്ച് ചിത്രങ്ങളെ ചെയ്തിട്ടുള്ളൂ എന്ന് എനിക്ക് തോന്നിയിട്ടില്ല. കാരണം ഒരു പത്ത് കൊല്ലം കൊണ്ട് ഏതാണ്ട് 17 സിനിമ എഴുതി സംവിധാനം ചെയ്യുക എന്ന് പറയുന്നത് അത്ര കുറവായി തോന്നിയിട്ടില്ല. ഈ സമയത്ത് 70 എണ്ണം ചെയ്യാമായിരുന്നില്ലേ എന്ന് ചോദിച്ചാല്‍ എന്നെക്കൊണ്ട് അതിന് സാധിക്കില്ല. ഒരു വര്‍ഷം ഒന്നോ രണ്ടോ സിനിമകള്‍ മാത്രമാണ് ഞാന്‍ ചെയ്യുന്നത്. സ്വയം എഴുതി ചെയ്യുന്നത് കൊണ്ട് അത് ബുദ്ധിമുട്ടുള്ള കാര്യമാണ്.''
''ഒരു വ്യക്തിയുടെ മനസിലൂടെ കടന്ന് പോകുന്ന ബിംബങ്ങള്‍ അല്ല മറ്റൊരു വ്യക്തിയുടെ മനസില്‍ ഉണ്ടാകുക. ഒരാള്‍ കാണുന്ന സ്വപ്നം വേറൊരാള്‍ക്ക് കാണാന്‍ കഴിയാത്തത് പോലെ. അത്തരത്തില്‍ ഒരു വ്യക്തി തിരക്കഥ എഴുതുകയും മറ്റൊരു വ്യക്തി സംവിധാനം ചെയ്യുകയും ചെയ്യുമ്പോള്‍ വ്യതിയാനങ്ങള്‍ ഉണ്ടാകും, ഉണ്ടായേ മതിയാകൂ. അത് നല്ലതോ ചിത്തതോ എന്നത് പിന്നീട് കാണികള്‍ തീരുമാനിക്കേണ്ട കാര്യമാണ്. സ്വന്തം തിരക്കഥ സ്വയം എഴുതുന്നത് കൊണ്ട് സിനിമയില്‍ നീതി പുലര്‍ത്താന്‍ എനിക്ക് കഴിഞ്ഞില്ല എന്ന പരാതി ഇതുവരെ ഉണ്ടായിട്ടില്ല. എഴുതിയതിനോട് നീതി പുലര്‍ത്താന്‍ എനിക്ക് സാധിച്ചിട്ടുണ്ട്,'' പത്മരാജന് പറഞ്ഞു.
Story Highlights: Padmarajan about Malayalam cinema and his works