Top

മമ്മൂട്ടിയ്‌ക്കൊപ്പം വീണ്ടും സിനിമ ചെയ്യാൻ ഒരുങ്ങി 'വൺ' സംവിധായകൻ; അടുത്ത ചിത്രത്തിന്റെ പ്രഖ്യാപനം ന്യൂഇയറിന്

നിലവിൽ രണ്ട് കഥകളുമായാണ് മമ്മൂക്കയെ സമീപിച്ചിരിക്കുന്നത്. അതിൽ ഏത് ആദ്യം ചെയ്യണം എന്ന് മമ്മൂക്കയാണ് തീരുമാനിക്കേണ്ടത്.

26 Nov 2021 3:42 PM GMT
ഫിൽമി റിപ്പോർട്ടർ

മമ്മൂട്ടിയ്‌ക്കൊപ്പം വീണ്ടും സിനിമ ചെയ്യാൻ ഒരുങ്ങി വൺ സംവിധായകൻ; അടുത്ത ചിത്രത്തിന്റെ പ്രഖ്യാപനം ന്യൂഇയറിന്
X

വണ്ണിന് ശേഷം വീണ്ടും മമ്മൂട്ടി ചിത്രം ചെയ്യാൻ ഒരുങ്ങുന്നതായി സംവിധായകൻ സന്തോഷ് വിശ്വനാഥ്. മമ്മൂട്ടിയോട് രണ്ട് കഥകൾ പറഞ്ഞിട്ടുണ്ട് എന്നും അദ്ദേഹത്തിന് ഇഷ്ടമാകുന്ന കഥ ആദ്യം ചെയ്യുമെന്ന് സന്തോഷ് പറയുന്നു.

ഇരു തിരക്കഥകളും ഫീൽഗുഡാണ്. എന്നാൽ അൽപ്പം മാസ്സ് എലമെൻറ്സും ഉണ്ടായിരിക്കും. എല്ലാവർക്കും ഇഷ്ടമുള്ള മമ്മൂട്ടിയെ തിരിച്ചു കൊണ്ടുവരാനാണ് തന്റെ ആഗ്രഹം എന്നും സന്തോഷ് വിശ്വനാഥ് റിപ്പോർട്ടർ ലൈവിനോട് പറഞ്ഞു.

സന്തോഷ് വിശ്വനാഥിന്റെ വാക്കുകൾ:

അടുത്ത സിനിമ മമ്മൂക്കയ്‌ക്കൊപ്പമാണ്. കഥ അദ്ദേഹത്തോട് പറഞ്ഞിട്ടുണ്ട്. ഒരു വലിയ പ്രൊഡക്ഷൻ ഹൗസായിരിക്കും ചിത്രം നിർമ്മിക്കുക. മമ്മൂക്കയെവെച്ച് ലോഞ്ച് ചെയ്യാനുള്ള പ്ലാനാണ്. നിലവിൽ രണ്ട് കഥകളുമായാണ് മമ്മൂക്കയെ സമീപിച്ചിരിക്കുന്നത്. അതിൽ ഏത് ആദ്യം ചെയ്യണം എന്ന് മമ്മൂക്കയാണ് തീരുമാനിക്കേണ്ടത്. രണ്ടു കഥകൾക്കും രണ്ടു തിരക്കഥാകൃത്തുക്കളാണ്. രണ്ടും മമ്മൂക്കയ്ക്ക് ഇഷ്ടമായിട്ടുണ്ട്. മമ്മൂക്ക ഏത് ആദ്യം ചെയ്യണം എന്ന് പറയുന്നു, അത് ചെയ്യും.

വണ്ണിൽ നിന്നും തികച്ചും വ്യത്യസ്തമായിരിക്കും അടുത്ത ചിത്രം. നമുക്ക് എല്ലാവർക്കും ഇഷ്ടമുള്ള ആ പഴയ മമ്മൂക്കയെ തിരിച്ചു കൊണ്ടുവരാനാണ് എന്റെ ആഗ്രഹം. രണ്ട് തിരക്കഥകൾക്കും മമ്മൂക്ക അല്ലാതെ മറ്റൊരാളെ മനസ്സിൽ കാണുന്നില്ല. രണ്ട് സിനിമകളും ഫീൽഗുഡാണ്. അതിനൊപ്പം തന്നെ അൽപ്പം മാസ്സും ഉണ്ടാകും.

വണ്ണിന്റെ ചിത്രീകരണ സമയം മുതൽ മമ്മൂക്കയ്‌ക്കൊപ്പം അടുത്ത സിനിമ ചെയ്യണം എന്ന ആഗ്രഹം എനിക്ക് ഉണ്ടായിരുന്നു. അന്ന് മുതൽ അത്തരം ഒരു തിരക്കഥയ്ക്ക് വേണ്ടിയുള്ള അന്വേഷണത്തിലായിരുന്നു. ആ അന്വേഷണം ഈ തിരക്കഥകളിൽ എത്തിച്ചേരുകയായിരുന്നു. അതിൽ ഒരു കഥ തികച്ചും യാദർശ്ചികമായി എന്റെ മുന്നിൽ വന്നുപ്പെട്ടതാണ്. ന്യൂഇയർ ആകുമ്പോഴേക്കും ചിത്രം അന്നൗൻസ് ചെയ്യും. ഒരു പുതിയ വർഷം അതിമനോഹരമാകട്ടെ എന്ന ആഗ്രഹത്തോടെയാണ് ആരംഭിക്കുന്നത്.


Next Story

Popular Stories