Top

'ദിവസമെണ്ണിയിരിക്കാം'; നയൻസിന്റെ കല്യാണം നെറ്റ്ഫ്ലിക്സിൽ തന്നെ

21 July 2022 8:02 AM GMT
ഫിൽമി റിപ്പോർട്ടർ

ദിവസമെണ്ണിയിരിക്കാം; നയൻസിന്റെ കല്യാണം നെറ്റ്ഫ്ലിക്സിൽ തന്നെ
X

ആരാധകർ ദിവസമെണ്ണി കാത്തിരുന്നതായിരുന്നു നയൻതാര - വിഘ്‌നേഷ് ശിവൻ വിവാഹത്തിന്. ഇത്രമേൽ ഹൈപ്പ് കിട്ടിയ താരവിവാഹം ഈയടുത്ത് ഉണ്ടായിട്ടുമില്ല. പലവിധ അഭ്യൂഹങ്ങൾക്കൊടുവിൽ നയൻതാര - വിഘ്‌നേഷ് വിവാഹം സ്ട്രീം ചെയ്യുമെന്ന് അറിയിച്ചിരിക്കുകയാണ് നെറ്റ്ഫ്ലിക്സ്.

സ്വപ്നതുല്യമായ വിവാഹ ദിവസം ഗൗതം മേനോന്റെ സംവിധാനത്തിലാണ് നെറ്റ്ഫ്ലിക്സ് ഡോക്യുമെന്റ് ചെയ്തത്. വിവാഹം സംപ്രേക്ഷണം ചെയ്യുന്നതിൽ നിന്നും ഒടിടി പ്ലാറ്റ്‌ഫോം പിന്മാറി എന്ന് വാർത്തകളുണ്ടായി. സംപ്രേഷണ കരാർ ലംഘിച്ചുവെന്ന പേരിൽ നെറ്റ്ഫ്ലിക്സ് ഇരുവർക്കും നോട്ടീസ് അയച്ചുവെന്നും ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ഒടുവിലാണ് സ്ട്രീം ചെയ്യുന്നതായുള്ള സ്ഥിരീകരണം ഒടിടി പ്ലാറ്റ്‌ഫോം നടത്തിയത്.

ജൂൺ ഒമ്പതിനായിരുന്നു നയൻ‌താരയും വിഘ്നേഷ് ശിവനും തമ്മിലുള്ള വിവാഹം നടന്നത്. മഹാബലിപുരത്തെ റിസോ‍ർട്ടിൽ ആയിരുന്നു ചടങ്ങുകൾ. ചുവപ്പ് സാരിയും മരതക ആഭരണങ്ങളും അണിഞ്ഞ് നയൻസ് എത്തുന്ന ചിത്രങ്ങൾ ഏറെ ഹിറ്റായിരുന്നു. കസവ് മുണ്ടും കുർത്തയും ധരിച്ചാണ് വിഘ്നേഷ് ശിവൻ എത്തിയത്. അതിഥികൾക്ക് ഡിജിറ്റൽ ക്ഷണക്കത്തിനൊപ്പമുള്ള ക്യു ആർ കോഡ് സ്‍കാൻ ചെയ്‍ത ശേഷമായിരുന്നു വിവാഹവേദിയിലേക്ക് പ്രവേശനം. വിവാഹ വേദിയിൽ മാധ്യമങ്ങൾക്ക് പ്രവേശനമില്ലായിരുന്നു. അതിഥികളുടെ മൊബൈൽ ഫോൺ ക്യാമറകൾ ഉൾപ്പെടെ സ്റ്റിക്കർ പതിച്ചു മറച്ചിരുന്നു.

ചടങ്ങിൽ കേരള-തമിഴ്നാട് രുചികൾ ചേർത്തുകൊണ്ട് ഗംഭീര വിരുന്ന് തന്നെയാണ് ഒരുക്കിയിരുന്നത്. ചെട്ടിനാട് ചിക്കൻ, അവിയൽ, പരിപ്പ് കറി, ബീൻസ് തോരൻ, സാമ്പാർ സാദം, തൈര് സാദം എന്നിങ്ങനെ പോകുന്നു വിഭവങ്ങൾ. ചക്ക ബിരിയാണി വെജിറ്റേറിയൻ- നോൺ വെജിറ്റേറിയൻ വിഭവങ്ങളിലെ താരമായതും വർത്തകളിൽ ഇടം നേടിയിരുന്നു.

Story highlights: Netflix confirms to stream Nayanthara - Vignesh Shivan wedding

Next Story