Top

'നൂറ് പ്രാവശ്യം പറഞ്ഞതാണ്, എന്നിട്ടും ഓരോരുത്തർ വിവാദങ്ങളുമായി വന്നു'; നാദിർഷ

ഫെഫ്ക, മാക്ട തുടങ്ങിയ സംഘടനകൾ ഞങ്ങൾക്ക് എല്ലാ പിൻതുണയും നൽകിയിരുന്നു.

26 Nov 2021 4:20 PM GMT
ഫിൽമി റിപ്പോർട്ടർ

നൂറ് പ്രാവശ്യം പറഞ്ഞതാണ്, എന്നിട്ടും ഓരോരുത്തർ വിവാദങ്ങളുമായി വന്നു; നാദിർഷ
X

ഈശോയ്ക്ക് സെൻസർ ബോർഡ് യു സർട്ടിഫിക്കറ്റ് നൽകിയതിൽ പ്രതികരണവുമായി സംവിധായകൻ നാദിർഷ. സിനിയമയുടെ പേരിൽ വിവാദങ്ങൾ തുടങ്ങിയ സമയത്ത് താൻ പറഞ്ഞിരുന്നു അത് അനാവശ്യമാണ് എന്ന്. പക്ഷെ പലരും അത് ചെവിക്കൊള്ളാതെ വിവാദങ്ങളുമായി വന്നു. ഇപ്പോൾ സെൻസർ ബോർഡ് ഈ സിനിയമയിൽ ഒരു വിവാദവും കണ്ടെത്താൻ സാധിക്കില്ല എന്ന് പറഞ്ഞു. അതിൽ സന്തോഷമുണ്ടെന്ന് നാദിർഷ അറിയിച്ചു.

ഫിലിം ചേംബർ ഈശോയുടെ പേരിന് അനുമതി നൽകില്ല എന്ന് പറഞ്ഞതിന് അപ്പുറം എല്ലാ സിനിമ സംഘടനകളും വിവാദ സമയത്ത് തന്നോടൊപ്പം നിന്ന് എന്നും അദ്ദേഹം പറഞ്ഞു. ഈശോ കണ്ടശേഷം സെൻസർ ബോർഡ് അംഗങ്ങൾ ഈ ചിത്രം ഒരിക്കലും ഒടിടിയ്ക്ക് നൽകരുത് എന്ന് ആവശ്യപ്പെട്ടു. എന്നാൽ അത് നിർമ്മാതാവാണ് തീരുമാനിക്കേണ്ടത് എന്നും നാദിർഷ വ്യക്തമാക്കി. റിപ്പോർട്ടർ ടിവിയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

നാദിർഷയുടെ വാക്കുകൾ:

ഞാൻ അന്നേ പറഞ്ഞതാണ് ഇതിനകത്ത് വിവാദങ്ങൾ ഉണ്ടാക്കേണ്ട എന്ന്. ആർക്കും ഉപദ്രവം ഉണ്ടാക്കാത്ത ഒരു സിനിമയാണിത്. അന്ന് ഞാൻ നൂറ് പ്രാവശ്യം എല്ലാവരോടും പറഞ്ഞതാണ്. എന്നിട്ടും ഓരോരുത്തർ വിവാദങ്ങളുമായി വന്നു. ഇപ്പോൾ സെൻസർ ബോർഡ് പറഞ്ഞു 'ഞങ്ങൾ അരിച്ചു പെറുക്കി കണ്ടു. ഇത്രയധികം ആളുകൾ പ്രശ്നം ഉണ്ടാക്കിയ സിനിമയാണ്. നിരവധിപ്പേർ ഈ സിനിമയ്ക്ക് എതിരെ വന്നിരുന്നു. ചില സംഘടനകൾ പോലും വന്നു. എന്നാൽ വിവാദപരമായ ഒന്നും തന്നെ ഞങ്ങൾക്ക് കണ്ടെത്താൻ സാധിച്ചില്ല എന്ന്'. മറ്റൊരു കാര്യം കൂടെ പറഞ്ഞു. ഇത് എല്ലാവരും കുടുംബസമേതം കാണേണ്ട സിനിമയാണ് എന്ന്.

ഫിലിം ചേംബറിൽ നിന്നും ഈ സിനിമയ്ക്ക് അനുമതി ലഭിക്കില്ല എന്ന വാർത്ത ഞാനും കേട്ടിരുന്നു. ഞാൻ അപ്പോഴും പറഞ്ഞു സിനിമ കാണൂ അതിനു ശേഷം മാത്രം തീരുമാനം എടുക്കൂ എന്ന്. ഫെഫ്ക, മാക്ട തുടങ്ങിയ സംഘടനകൾ ഞങ്ങൾക്ക് എല്ലാ പിൻതുണയും നൽകിയിരുന്നു. ചേംബറിൽ നിന്നും സിനിമയ്ക്ക് പേരിന് അനുമതി നൽകാൻ സാധിക്കില്ല എന്ന വാർത്ത കേട്ടിരുന്നു. അത് അല്ലാതെ എല്ലാ സംഘടനകളും എനിക്കൊപ്പം തന്നെയാണ് നിന്നത്.

സെൻസർ ബോർഡിൽ നിന്നും ഈ സിനിമ ഒരിക്കലും ഒടിടിയ്ക്ക് കൊടുക്കരുത്, ഈ സിനിമ തിയേറ്ററിൽ നിന്നും കാണേണ്ടത് ആണ് എന്നാണ് പറഞ്ഞത്. എന്നാൽ എങ്ങനെ റിലീസ് ചെയ്യണം എന്ന് തീരുമാനിച്ചിട്ടില്ല. അത് നിർമ്മാതാവാണ് തീരുമാനിക്കേണ്ടത്.



Next Story