സ്റ്റീഫൻ നെടുമ്പള്ളി പറഞ്ഞത് സംഭവിച്ച് കഴിഞ്ഞു; സമഗ്രമായ രാഷ്ട്രീയ ഇച്ഛാശക്തി ഇല്ലാതെ മയക്കുമരുന്നെന്ന വിപത്തിനെ മറികടക്കാനാകില്ലെന്ന് മുരളി ഗോപി
ഡ്രഗ്ഗ് ഫണ്ടിംഗ് എന്ന ഡമോക്ലസിന്റെ വാൾ ജനതയുടെ മുകളിൽ വന്ന് പതിച്ച് കഴിഞ്ഞു.
22 Nov 2022 5:15 AM GMT
ഫിൽമി റിപ്പോർട്ടർ

'ലൂസിഫർ'സിനിമയിൽ പ്രതിപാദിച്ച മയക്കുമരുന്ന് എന്ന വിപത്ത് ജനങ്ങൾക്ക് മേൽ സംഭവിച്ച് കഴിഞ്ഞു എന്ന് നടനും തിരക്കഥാകൃത്തുമായ മുരളി ഗോപി. 2018ൽ സിനിമയ്ക്കായി സ്ക്രിപ്റ്റ് ഒരുക്കുമ്പോൾ ഇത്രവേഗത്തിൽ ഇത് സംഭവിക്കുമെന്ന് കരുതിയിരുന്നില്ല. സമഗ്രമായ രാഷ്ട്രിയ ഇച്ഛാശക്തി ഇല്ലാതെ പൊതു ഉത്ബോധനം കൊണ്ട് മാത്രം ഈ വിപത്തിനെ പിടിച്ച് നിർത്താൻ സാധിക്കില്ല എന്നും മുരളി ഗോപി സമൂഹമാധ്യമത്തിലൂടെ പറഞ്ഞു.
'2018ഇൽ "ലൂസിഫർ" എഴുതുമ്പോൾ, അതിൽ പ്രതിപാദിച്ച ഡ്രഗ്ഗ് ഫണ്ടിംഗ് എന്ന ഡമോക്ലസിന്റെ വാൾ, 5 വർഷങ്ങൾക്ക് ശേഷം, ഇന്ന്, അവസാന ഇഴയും അറ്റ്, ഒരു ജനതയുടെ മുകളിലേക്ക് ഇത്ര വേഗം പതിക്കുമെന്ന് കരുതിയിരുന്നില്ല. ഈ പതനവേഗം തന്നെയാണ് അതിന്റെ മുഖമുദ്രയും. സമഗ്രമായ രാഷ്ട്രീയ ഇച്ഛാശക്തിയില്ലാതെ എത്ര തന്നെ പൊതു ഉത്ബോധനം നടത്തിയാലും, മുൻ വാതിൽ അടച്ചിട്ട് പിൻ വാതിൽ തുറന്നിടുന്നിടത്തോളം കാലം, നമ്മുടെ യുവതയുടെ ധമനികളിൽ കേട്ടുകേൾവി പോലും ഇല്ലാത്ത മാരക രാസങ്ങൾ ഒഴുകിക്കൊണ്ടിരിക്കുകതന്നെ ചെയ്യും,' മുരളി ഗോപി എഴുതി.
അതേസമയം മോഹൻലാൽ ചിത്രം ലൂസിഫറിന്റെ തെലുങ്ക് റീമേക്ക് 'ഗോഡ്ഫാദർ' തിയേറ്ററിലെ വിജയ പ്രദർശനത്തിന് ശേഷം ഒടിടിയിൽ എത്തിയിട്ടുണ്ട്. സിനിമയുടെ മേക്കിങ്ങിനും ചിരഞ്ജീവി, നയൻതാര തുടങ്ങിയവരുടെ പ്രകടനങ്ങൾക്കും സമൂഹ മാധ്യമങ്ങളിൽ മികച്ച പ്രതികരണം ലഭിക്കുന്നുണ്ട്. അതേസമയം ലൂസിഫർ രണ്ടാം ഭാഗം എമ്പുരാനായുള്ള കാത്തിരിപ്പിലാണ് മലയാളി പ്രേക്ഷകർ.
Story highlights: Murali Gopy about drug funding and Lucifer movie