Top

ഒന്നാമനായി കുറുപ്പ്, പിന്നാലെ മരക്കാറും പ്രീസ്റ്റും; 2021 ബോക്‌സോഫീസ് കളക്ഷന്‍ ഇങ്ങനെ

ഈ വര്‍ഷം അവസാനിക്കുമ്പോള്‍ കേരളത്തിൽ ഏറ്റവും അധികം കളക്ഷന്‍ നേടിയ 10 സിനിമകള്‍ ഇവയാണ്.

29 Dec 2021 3:07 PM GMT
ഫിൽമി റിപ്പോർട്ടർ

ഒന്നാമനായി കുറുപ്പ്, പിന്നാലെ മരക്കാറും പ്രീസ്റ്റും; 2021 ബോക്‌സോഫീസ് കളക്ഷന്‍ ഇങ്ങനെ
X

'2020ന്റെ തുടര്‍ച്ച' ഈ വര്‍ഷത്തെ പൊതുവെ നമുക്ക് അങ്ങനെ വിളിക്കാം. കൊവിഡ് രണ്ടാം തരംഗവും ലോക്ക് ഡൗണും വാക്സിനേഷനും ഒക്കെയായി കഴിഞ്ഞ വര്‍ഷം എങ്ങനെ കടന്നു പോയോ അങ്ങനെ തന്നെയാണ് ഈ വര്‍ഷവും. മറ്റെല്ലാ മേഖലകള്‍ എന്നപോലെ സിനിയമയെയും കൊവിഡ് സാരമായി ബാധിച്ചു. ഈ വര്‍ഷത്തിന്റെ പകുതിയിലധികവും തിയേറ്ററുകള്‍ അടഞ്ഞു കിടക്കുന്ന അവസ്ഥയിലായിരുന്നു. അതിനാല്‍ താനെന്ന പല മുന്‍ നിര സംവിധായകരുടെയും സൂപ്പര്‍ സ്റ്റാറുകളുടെയും സിനിമകള്‍ ഒടിടി പ്ലാറ്റ്ഫോമിലേക്ക് പോയി. വളരെ ചുരുക്കം സിനിമകള്‍ മാത്രമാണ് തിയേറ്ററുകള്‍ റിലീസ് ചെയ്തത്. അതും 50 ശതമാനം മാത്രം സീറ്റുകളില്‍. അതില്‍ അധികവും പ്രേക്ഷകരില്‍ യാതൊരു ഓളവും സൃഷ്ടിക്കാതെ കടന്നു പോവുകയും ചെയ്തു.

കേരളത്തില്‍ തിയേറ്ററുകള്‍ തുറന്ന ശേഷം ആദ്യം റിലീസ് ചെയ്ത ചിത്രം വിജയ്യുടെ മാസ്റ്റര്‍ ആയിരുന്നു. സിനിമയ്ക്ക് വലിയ വരവേല്‍പ്പും ലഭിച്ചു. ജയസൂര്യ നായകനായ വെള്ളം ആയിരുന്നു ഈ വര്‍ഷത്തെ ആദ്യ മലയാളം റിലീസ്. പിന്നാലെ കുറച്ചധികം റിലീസുകള്‍ വന്നു. മെയ് മാസത്തോടെ രണ്ടാം തരംഗം കാരണം തിയേറ്ററുകള്‍ വീണ്ടും അടച്ചു. ശേഷം ഒക്ടോബറിലാണ് തിയേറ്ററുകള്‍ തുറന്നത്. രണ്ടാം തരംഗത്തിന് ശേഷം തിയേറ്ററുകളില്‍ ആദ്യം എത്തിയത് ജോജു ജോര്‍ജ് നായകനായ സ്റ്റാര്‍ ആയിരുന്നു. അതിനു ശേഷം കുറച്ച് സിനിമകള്‍ എത്തിയെങ്കിലും അവയ്‌ക്കൊന്നും തന്നെ പ്രേക്ഷകനെ തിയേറ്ററുകളിലേക്ക് എത്തിക്കാന്‍ സാധിച്ചില്ല എന്നതാണ് വാസ്തവം. ദുല്‍ഖര്‍ സല്‍മാന്‍ നായകനായ കുറുപ്പ് ആയിരുന്നു രണ്ടാം തരംഗത്തിന് ശേഷമുള്ള മേജര്‍ റിലീസ്. പിന്നാലെ സുരേഷ് ഗോപിയുടെ കാവലും മോഹന്‍ലാലിന്റെ മരക്കാറും ഒക്കെ തിയേറ്ററുകളിലേക്ക് എത്തി. ആസിഫ് അലി നായകനായ കുഞ്ഞെല്‍ദോയാണ് ഒടുവില്‍ റിലീസ്സായ ചിത്രം. വിധി, ജിബൂട്ടി തുടങ്ങിയ സിനിമകള്‍ അടുത്ത ദിവസങ്ങളില്‍ റിലീസ് ചെയ്യാനും ഒരുങ്ങുന്നുണ്ട്.

സൂപ്പര്‍താര ചിത്രങ്ങള്‍ പോലും പ്രേക്ഷകരിലേക്ക് എത്താന്‍ പ്രയാസപ്പെട്ടപ്പോള്‍ ഓപ്പറേഷന്‍ ജാവ, ജാന്‍ എ മന്‍ തുടങ്ങിയ ചെറുകിട സിനിമകളെ പ്രേക്ഷകര്‍ ഇരുകൈയും നീട്ടി സ്വീകരിക്കുന്നതും 2021 കണ്ടു. ഈ വര്‍ഷം അവസാനിക്കുമ്പോള്‍ കേരളത്തിൽ ഏറ്റവും അധികം കളക്ഷന്‍ നേടിയ 10 സിനിമകള്‍ ഇവയാണ്.

കുറുപ്പ്

കൊവിഡ് രണ്ടാം തരംഗത്തിന് ശേഷം കേരളത്തിൽ ഒക്ടോബർ മാസത്തോടെ തിയേറ്ററുകൾ തുറന്നു. പ്രേക്ഷകർ തിയേറ്ററുകളിലേക്ക് വരാൻ മടിച്ചു നിന്ന് സമയത്താണ് ദുൽഖർ സൽമാൻ ചിത്രം കുറുപ്പ് റിലീസ് പ്രഖ്യാപിക്കുന്നത്. ആദ്യം ചിത്രം ഒടിടി റിലീസ് ചെയ്യുമെന്ന് അഭ്യൂഹങ്ങൾ ഉണ്ടായിരുന്നു എങ്കിലും സിനിമ തിയേറ്ററുകളിലേക്ക് തന്നെ എത്തിക്കുമെന്ന് നിർമ്മാതാവ് കൂടെയായ ദുൽഖർ അറിയിച്ചു. റിലീസിന് മുന്നേ സിനിമയുമായി ബന്ധപ്പെട്ട് ചില വിവാദങ്ങളും കടന്നു വന്നു. സുകുമാരകുറുപ്പ് എന്ന കുപ്രസിദ്ധ പിടികിട്ടാപ്പുള്ളിയുടെ ജീവിതം പറയുന്നത് കൊണ്ട് തന്നെ സിനിമ കുറുപ്പിനെ വെള്ളപൂശും എന്ന് പലരും ആരോപണവുമായി എത്തി. ചാക്കോയുടെ കുടുംബം പരസ്യമായി സിനിമയ്‌ക്കെതിരെ വന്നതോടെ വിവാദങ്ങൾ കടുത്തു. ഇതിനിടയിൽ സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട് പുറത്തിറക്കിയ ചില ടീഷർട്ടുകളും വിവാദങ്ങൾ വർധിപ്പിച്ചു. ചാക്കോയുടെ കുടുംബത്തിന് വേണ്ടി അണിയറപ്രവർത്തകർ പ്രിവ്യു ഷോ ഒരുക്കി. ഷോയ്ക്ക് പിന്നാലെ ചാക്കോയുടെ മകൻ സിനിമ ഒരിക്കലും സുകുമാര കുറുപ്പിനെ ന്യായീകരിക്കുന്നില്ല എന്ന് പറയുകയും ചെയ്തു.

നവംബര്‍ 12നാണ് ചിത്രം തിയേറ്ററുകളിൽ റിലീസ് ചെയ്തത്. യൂത്തിനൊപ്പം കുടുംബ പ്രേക്ഷകരെയും തിയേറ്ററിലെത്തിക്കാന്‍ കുറുപ്പിന് കഴിഞ്ഞു. ആദ്യദിനത്തിൽ തന്നെ ചിത്രം ആറ് കോടിക്ക് മുകളിൽ കളക്ഷൻ നേടിയെന്ന് അണിയറപ്രവർത്തകർ അറിയിച്ചു. 35 കോടിയാണ് ചിത്രത്തിന്റെ നിര്‍മ്മാണ ചെലവ്. 32.25 കോടി രൂപയാണ് കേരളത്തില്‍ നിന്ന് മാത്രം ചിത്രം നേടിയത്. സിനിമയുടെ ആകെ കളക്ഷന്‍ 100 കോടി രൂപയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ശ്രീനാഥ് രാജേന്ദ്രനാണ് സിനിമയുടെ സംവിധായകന്‍.

മരക്കാര്‍ അറബിക്കടലിന്റെ സിംഹം

മോഹന്‍ലാലിനെ കേന്ദ്ര കഥാപാത്രമാക്കി പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത ചിത്രമാണ് മരക്കാര്‍ അറബിക്കടലിന്റെ സിംഹം. 2018ൽ ആരംഭിച്ച സിനിമ 2020 മാർച്ചിൽ ആയിരുന്നു റിലീസ് പ്രഖ്യാപിച്ചത്. എന്നാൽ കൊവിഡ് മൂലം പല ആവർത്തി സിനിമയുടെ റിലീസ് മാറ്റിവെക്കേണ്ടി വന്നു. 67മത് ദേശീയ ചലച്ചിത്ര അവാര്‍ഡുകളില്‍ മികച്ച ഫീച്ചര്‍ ഫിലിം, മികച്ച സ്പെഷ്യല്‍ ഇഫക്റ്റുകള്‍, മികച്ച വസ്ത്രാലങ്കാരം എന്നീ പുരസ്‌കാരങ്ങളും മരക്കാര്‍ സ്വന്തമാക്കി.

ഈ വർഷം നവംബറിൽ ചിത്രം ഒടിടി റിലീസ് ചെയ്യുമെന്ന് അണിയറപ്രവർത്തകർ അറിയിച്ചത് ഏറെ വിവാദങ്ങൾക്കും കാരണമായി. തിയേറ്റർ ഉടമകൾ മോഹൻലാലിന് എതിരെയും സിനിമയുടെ നിർമ്മാതാവ് ആന്റണി പെരുമ്പാവൂരിന് എതിരെയും പരസ്യമായി രംഗത്ത് വരുകയും ചെയ്തു. ഒടുവിൽ കേരള സർക്കാർ നേരിട്ട് ഇടപെട്ടാണ് മരക്കാറിനെ തിയേറ്ററിൽ എത്തിച്ചത്. ഡിസംബര്‍ രണ്ടിനായിരുന്നു തീയേറ്ററുകളില്‍ പ്രദര്‍ശനത്തിന് എത്തിയത്.

മലയാള സിനിമ ഇന്നുവരെ കാണാത്ത ആവേശത്തോടെയാണ് മോഹൻലാൽ ആരാധകർ മരക്കാറിനെ സ്വീകരിച്ചതും. ഡിസംബർ രണ്ടിന് വെളുപ്പിനെ 12മണിയ്ക്ക് സിനിമയുടെ ആദ്യഷോയും ആരംഭിച്ചു. എന്നാൽ ആദ്യ ഷോയ്ക്ക് ശേഷം സിനിമയ്ക്ക് മോശം പ്രതികരണമാണ് പ്രേക്ഷകരിൽ നിന്നും ലഭിച്ചത്. 100 കോടി രൂപക്കടുത്താണ് ചിത്രത്തിനായി ആകെ ചെലവായത്. വന്‍ ഹൈപ്പില്‍ പുറത്തിറങ്ങിയ ചിത്രത്തിന് 23 കോടി രൂപ മാത്രമാണ് നേടാനായത്.

പിന്നാലെ ഡിസംബര്‍ 17ന് ആമസോണ്‍ പ്രൈമില്‍ സ്ട്രീമിങ് ആരംഭിച്ചു. മലയാളത്തിലെ ഏറ്റവും ചെലവേറിയ ചിത്രം ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍, സന്തോഷ് ടി കുരുവിള, റോയ് സി ജെ എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മിച്ചത്.

ദി പ്രീസ്റ്റ്

കൊവിഡ് ഒന്നാം തരംഗത്തിന് ശേഷം തിയേറ്ററുകൾ തുറന്നതിന് പിന്നാലെ റിലീസ് ചെയ്ത ആദ്യ മമ്മൂട്ടി ചിത്രമായിരുന്നു ദി പ്രീസ്റ്റ്. മമ്മൂട്ടിയും മഞ്ജു വാര്യരും ആദ്യമായി ഒന്നിക്കുന്നു, മമ്മൂട്ടിയുടെ പുരോഹിത വേഷം അങ്ങനെ നിരവധി പ്രത്യേകതകളും സിനിമയ്ക്ക് ഉണ്ടായിരുന്നു. 2021 മാര്‍ച്ച് 11നാണ് പ്രേക്ഷകര്‍ക്ക് മുന്നിലെത്തിയ പ്രീസ്റ്റിന്റെ നിര്‍മ്മാണ ചെലവ് 11 കോടിയാണ്. ആദ്യദിനം മുതൽ നല്ല പ്രതികരണം നേടിയ സിനിമ 17 കോടിയോളം നേടി.

ശ്യാം മേനോനും ദീപു പ്രദീപും തിരക്കഥ എഴുതിയ ചിത്രത്തിന്റെ സംവിധാനം നവാഗതനായ ജോഫീന്‍ ടി ചാക്കോയാണ്. ബേബി മോണിക്ക, നിഖില വിമല്‍, ശ്രീനാഥ് ഭാസി, മധുപാല്‍, ജഗദീഷ് എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങള്‍. ആന്റോ ജോസഫ് കമ്പനിയും, ജോസഫ് ഫിലീം കമ്പനിയും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചത്.

മാസ്റ്റര്‍

കേരളത്തില്‍ കളക്ഷന്‍ വാരിക്കൂട്ടിയ അന്യഭാഷ ചിത്രങ്ങളില്‍ ഒന്നാണ് വിജയിയുടെ മാസ്റ്റര്‍. 135 കോടിയാണ് ചിത്രത്തിന്റെ നിര്‍മ്മാണ ചെലവ്. കേരളത്തില്‍ നിന്നും മാത്രം 13.10 കോടി രൂപയാണ് ചിത്രം നേടിയത്. ആഗോള തലത്തില്‍ 230 കോടിക്ക് മുകളില്‍ കളക്ട് ചെയ്യാന്‍ ചിത്രത്തിനായി.

ലോകേഷ് കനകരാജ് സംവിധാനം ചെയ്ത ചിത്രം ജനുവരി 13നാണ് തീയേറ്ററുകളിലെത്തിയത്. വിജയ്യും വിജയ് സേതുപതിയും ആദ്യമായി ഒന്നിച്ച ചിത്രമാണ് മാസ്റ്റര്‍. ചിത്രത്തില്‍ വില്ലനായാണ് വിജയ് സേതുപതി എത്തുന്നത്. മാസ്റ്ററില്‍ ഇരുവരുടെയും കോമ്പിനേഷന്‍ സീനുകള്‍ക്കും നല്ല പ്രതികരണമാണ് ലഭിച്ചത്. ലോകേഷ് ചിത്രമായ കൈതിയിലൂടെ ശ്രദ്ധേയനായ അര്‍ജുന്‍ ദാസും ചിത്രത്തില്‍ പ്രധാന കഥാപാത്രമാണ്. മാളവിക മോഹനാണ് ചിത്രത്തില്‍ നായിക.


ജാൻ എ മൻ

അർജുൻ അശോക്, ബേസിൽ ജോസഫ്, ബാലു വർഗീസ്, ഗണപതി തുടങ്ങിയവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ ചിദംബരം സംവിധാനം ചെയ്ത ചിത്രാണ് ജാന്‍ എ മന്‍. നവംബര്‍ 19നാണ് ചിത്രം തിയേറ്ററുകളിൽ എത്തിയത്. റിലീസ് സമയത്ത് പല തിയേറ്റർ ഉടമകളും സിനിമയ്ക്ക് തിയേറ്ററുകൾ നൽകുന്നില്ല എന്ന വിവാദവും ഉയർന്നിരുന്നു. കൊവിഡ് പ്രതിസന്ധി മൂലം സൂപ്പർതാരങ്ങളുടെയും സൂപ്പർ സംവിധായകരുടെയും ബിഗ് ബജറ്റ് ചിത്രങ്ങൾ പോലും തിയേറ്റർ റിലീസ് ചെയ്യാൻ ഭയന്നിരുന്ന സമയത്ത് ചിത്രം മൗത്ത് പബ്ലിസിറ്റിയിലൂടെ മാത്രം വിജയം കൊയ്തു. 1.5 കോടി മുതല്‍ മുടക്കില്‍ പുറത്തിറങ്ങിയ ചിത്രം 10.60 കോടി രൂപയാണ് കളക്ട് ചെയ്തത്. ആഗോള തലത്തില്‍ 15 കോടിയാണ് സിനിമ നേടിയത്. സിദ്ധാര്‍ഥ് മേനോന്‍, അഭിരാം രാധാകൃഷ്ണന്‍, റിയ സൈറ, ഗംഗ മീര, സജിന്‍ ഗോപു, ചെമ്പില്‍ അശോകന്‍ എന്നീ നടീനടന്മാരെ കൂടാതെ ധാരാളം പുതുമുഖങ്ങളും ചിത്രത്തില്‍ അണിനിരന്നിരുന്നു.


സ്‌പൈഡര്‍ മാന്‍: നോ വേ ഹോം

ലോക സിനിമ പ്രേമികള്‍ ഒരേ പോലെ കാത്തിരുന്ന ഹോളിവുഡ് ചിത്രമായിരുന്നു സ്‌പൈഡര്‍മാന്‍: നോ വേ ഹോം. മാർവൽ സിനിമാറ്റിക്ക് യൂണിവേഴ്‌സിന്റെ 27ാമത് ചിത്രം എന്നത് കൊണ്ട് തന്നെ വലിയ ഹൈപ്പ് സിനിമയ്ക്ക് ഉണ്ടായിരുന്നു. സിനിമയെക്കുറിച്ച് വന്ന ചില ലീക്കുകൾ ആ ഹൈപ്പ് കൂട്ടി. കേരളത്തിൽ സിനിമക്ക് മികച്ച സ്വീകാര്യതയാണ് ലഭിച്ചത്. 200 മില്യനാണ് ചിത്രത്തിന്റെ നിര്‍മ്മാണ ചെലവ്. കേരളത്തില്‍ നിന്ന് മാത്രം 9.29 കോടിയാണ് സിനിമക്ക് ലഭിച്ചത്. എന്നാല്‍ വേള്‍ഡ് വൈഡായി 1.082 ബില്യനാണ് ചിത്രത്തിന്റെ ആകെ കളക്ഷന്‍.

ജോണ്‍ വാട്സ് സംവിധാനം ചെയ്ത ചിത്രം മാര്‍വല്‍ സ്റ്റുഡിയോസും കൊളമ്പിയ പിക്ചേഴ്സും ചേര്‍ന്നാണ് നിര്‍മ്മിച്ചത്. 'സ്പൈഡര്‍മാന്‍:ഫാര്‍ ഫ്രം ഹോം' അവസാനിക്കുന്നതിന്റെ തുടര്‍ച്ചയാണ് നോ വേ ഹോം. യഥാര്‍ഥ സ്പൈഡര്‍മാന്‍ പീറ്റര്‍ പാര്‍ക്കര്‍ ആണെന്ന വെളിപ്പെടുത്തലോടെയാണ് സ്പൈഡര്‍മാന്‍: ഫാര്‍ ഫ്രം ഹോം അവസാനിക്കുന്നത്. തന്റെ ഐഡന്റിറ്റി രഹസ്യമായി തന്നെ നിലനിര്‍ത്താന്‍ സ്പൈഡര്‍മാന്‍ ഡോക്ടര്‍ സ്ട്രെയ്ഞ്ചിന്റെ സഹായം തേടുന്നതും തുടര്‍ന്നുള്ള സംഭവ വികാസങ്ങളുമാണ് സ്പൈഡര്‍മാന്‍: നോ വേ ഹോമിന്റെ പ്രമേയം.

പുഷ്പ

'അല്ലു അർജുൻ' ആ പേര് മാത്രം മതി ഹൈപ്പ് ഉണ്ടാകാൻ. അപ്പോൾ കൂടെ ഫഹദ് ഫാസിലും ഉണ്ടങ്കിലോ. സുകുമാർ സംവിധാനം ചെയ്ത പുഷ്പ എത്തിയത് ആ പ്രത്യേകതയുമായാണ്. അതും ഒരുങ്ങിയത് രണ്ട് ഭാഗങ്ങളായി. 250 കോടി രൂപയോളമാണ് ചിത്രത്തിന്റെ നിര്‍മ്മാണ ചെലവ്.

ഡിസംബർ 17ന് അഞ്ച് ഭാഷകളിലായി സിനിമ റിലീസ് ചെയ്യുമെന്ന് പറഞ്ഞിരുന്നു എങ്കിലും മലയാളം പതിപ്പ് പുറത്തിറങ്ങാൻ ഒരു ദിവസം വൈകി. എന്നാൽ അത് സിനിമയുടെ കളക്ഷനെ ഒരു തരത്തിലും ബാധിച്ചില്ല. റീലീസ് ചെയ്ത ദിവസങ്ങള്‍ പിന്നിടുമ്പോള്‍ ആഗോളതലത്തില്‍ 230 കോടി നേടി. ചിത്രത്തിന് കേരളത്തില്‍ നിന്നും 8.34 കോടി നേടാനായി.

വണ്‍

മമ്മൂട്ടി മുഖ്യമന്ത്രി ആയെത്തിയ ചിത്രമായിരുന്നു വൺ. സന്തോഷ് വിശ്വനാഥ് സംവിധാനം ചെയ്ത വണ്ണിന്റെ പ്രഖ്യാപനം മുതൽക്കേ ഏറെ വിവാദങ്ങൾ ഉണ്ടായി. സിനിമ പിണറായി വിജയൻ സർക്കാരിനെ വെള്ളപൂശുന്നു എന്ന തരത്തിലായിരുന്നു പ്രധാന വിമർശനം. സിനിമയുടെ ടീസറുകളും പോസ്റ്ററുകളും ഇറങ്ങിയതോടെ വിവാദം കടുക്കുകയും ചെയ്തു. കേരളത്തിലെ ഒരു മുഖ്യമന്ത്രിയെയും മോഡലാക്കിയല്ല മറിച്ച് ഒരു മുഖ്യമന്ത്രി എങ്ങനെയാകണം എന്നാണ് വൺ പറയുന്നത് എന്ന് അണിയറപ്രവർത്തകർ മറുപടിയുമായി എത്തുകയും ചെയ്തു.

10 കോടി മുതല്‍ മുടക്കില്‍ ഒരുങ്ങിയ ചിത്രത്തിന് 28 കോടി നേടാനായി എന്നാണ് പറയപ്പെടുന്നത്. കേരളത്തില്‍ നിന്നും മാത്രം 7.20 കോടിയാണ് സിനിമ കളക്ട് ചെയ്തത്. കൊവിഡ് മഹാമാരി പൂര്‍ണമായും മാറാത്ത സാഹചര്യത്തില്‍ സിനിമ കാണാന്‍ എല്ലാ പ്രേക്ഷകര്‍ക്കും ഒരു പോലെ സാധിച്ചിരുന്നില്ല. ഇതിനെതുടര്‍ന്ന് ചിത്രം ഏപ്രില്‍ 27 മുതല്‍ നെറ്റ്ഫ്ളിക്സിലൂടെ സ്ട്രീം ചെയ്തു.

രണ്ടു മണിക്കൂര്‍ 29 മിനിറ്റ് ദൈര്‍ഘ്യം വരുന്ന ചിത്രം കടയ്ക്കല്‍ ചന്ദ്രന്‍ എന്ന മുഖ്യമന്ത്രിയെക്കുറിച്ചും അയാള്‍ നിലവില്‍ കൊണ്ടുവരാന്‍ ശ്രമിക്കുന്ന മാറ്റങ്ങളെക്കുറിച്ചുമാണ് സംസാരിക്കുന്നത്. ചിത്രത്തിലൂടെ സംവിധായകന്‍ മുന്നോട്ട് വച്ച് ആശയത്തിനും മമ്മൂട്ടി, മുരളി ഗോപി എന്നിവരുടെ അഭിനയിത്തിനും മികച്ച പ്രേക്ഷ അഭിപ്രായം ലഭിച്ചു.


കാവൽ

സുരേഷ് ഗോപിയുടെ തിരിച്ചുവരവ് എന്ന പേരിൽ വലിയ ഹൈപ്പ് കിട്ടിയ ചിത്രമായിരുന്നു കാവൽ. നിധിൻ രഞ്ജിപണിക്കർ സംവിധാനം ചെയ്ത സിനിമ അന്നൗൺസ്‌മെന്റ് മുതൽ ഏറെ ചർച്ച ചെയ്യപ്പെട്ടു. 'ചാരമാണ് എന്ന് കരുതി ചികയാൻ നിൽക്കരുത്, കനൽ കെട്ടിട്ടില്ലെങ്കിൽ പൊള്ളും' എന്ന ഡയലോഗിനൊക്കെ നല്ല സ്വീകാര്യത ലഭിച്ചു. നവംബർ 25നായിരുന്നു സിനിമയുടെ റിലീസ്. ഗുഡ് വിൽ എന്റർടെയ്ൻമെൻറ്സിന്റെ ബാനറിൽ ജോബി ജോർജാണ് ചിത്രം നിർമ്മിച്ചത്. 5.75 കോടിയിൽ ഒരുങ്ങിയ സിനിമ കേരളത്തിൽ നിന്നും 5.40 കോടി കളക്ഷൻ നേടി.


ഭീമന്റെ വഴി

തമാശ എന്ന സിനിമയ്ക്ക് ശേഷം അഷ്‌റഫ് ഹംസ സംവിധാനം ചെയ്ത ചിത്രമാണ് ഭീമന്റെ വഴി. സിനിമയിൽ ഭീമൻ ആയി എത്തിയത് മലയാളത്തിന്റെ സ്വന്തം കുഞ്ചാക്കോ ബോബനും. ചെമ്പൻ വിനോദ് ആയിരുന്നു സിനിമയുടെ തിരക്കഥ. വളരെ രസകരമായ കഥയായിരുന്നു സിനിമ പറഞ്ഞത്. ഡിസംബർ മൂന്നിന് റിലീസ് ചെയ്ത സിനിമ കേരളത്തിൽ നിന്നും 3. 50 കോടി കളക്ഷൻ നേടി.


Next Story