Top

'ആവാസവ്യൂഹം കിടുക്കന്‍ സിനിമ'; കൃഷന്ദിനും രാഹുലിനുമൊപ്പം മമ്മൂട്ടി

മലയാളത്തിലാണ് കൂടുതല്‍ പരീക്ഷണ ചിത്രങ്ങള്‍ ഉണ്ടാകുന്നതെന്ന് അഭിപ്രായപ്പെട്ട മമ്മൂട്ടി ഉദാഹരണമായി ആവാസവ്യൂഹത്തെ പ്രശംസിച്ച് എത്തിയിരുന്നു

6 Nov 2022 11:00 AM GMT
ഫിൽമി റിപ്പോർട്ടർ

ആവാസവ്യൂഹം കിടുക്കന്‍ സിനിമ; കൃഷന്ദിനും രാഹുലിനുമൊപ്പം മമ്മൂട്ടി
X

വ്യത്യസ്ത രീതിയിലുള്ള കഥ പറച്ചിലിലൂടെയും മാജിക്കല്‍ റിയലിസത്തിന്റെ ആവിഷ്‌ക്കരണത്തിലൂടെയും ശ്രദ്ധേയമായ ചിത്രമായിരുന്നു 'ആവാസവ്യൂഹം'. കൃഷന്ദ് സംവിധാനം ചെയ്ത ചിത്രത്തിന് മികച്ച നിരൂപക പ്രശംസ ലഭിച്ചിരുന്നു. മമ്മൂട്ടിയും സിനിമയെ പ്രശംസിച്ച് എത്തിയിരുന്നു. ഇപ്പോള്‍ സാമൂഹിക മാധ്യമങ്ങളില്‍ ശ്രദ്ധേയമാകുന്നത് ആവാസവ്യൂഹം ടീമിനൊപ്പമുള്ള മമ്മൂട്ടിയുടെ ചിത്രമാണ്. സംവിധായകന്‍ കൃഷന്ദിനും നടന്‍ രാഹുല്‍ രാജഗോപാലിനും ഒപ്പാണ് ചിത്രം .

മലയാളത്തിലാണ് കൂടുതല്‍ പരീക്ഷണ ചിത്രങ്ങള്‍ ഉണ്ടാകുന്നതെന്ന് അഭിപ്രായപ്പെട്ട മമ്മൂട്ടി ഉദാഹരണമായി ആവാസവ്യൂഹത്തെ ചൂണ്ടിക്കാട്ടുകയായിരുന്നു. 'അങ്ങനെ നമ്മള്‍ പുറകോട്ട് പോകേണ്ട കാര്യമില്ല. ചിലത് നമ്മള്‍ ശ്രദ്ധിക്കാതെ പോകുന്നതാണ്. അത് എണ്ണം കൂടുതലായത് കൊണ്ടാണ് ശ്രദ്ധിക്കാതെ പോകുന്നത്. അത്തരം സിനിമകളെ കാണാതെ പോകരുത്. ആവാസവ്യൂഹമൊക്കെ ഒന്ന് കണ്ടുനോക്ക്, കിടുക്കന്‍ സിനിമയാണ്', മമ്മൂട്ടി പറഞ്ഞു.


ഇത്തവണത്തെ മികച്ച ചിത്രത്തിനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം, ഐഎഫ്എഫ്‌കെയില്‍ മികച്ച സിനിമയ്ക്കുള്ള നെറ്റ് പാക്ക്, ഫിപ്രസ്‌കി പുരസ്‌കാരങ്ങള്‍ ആവാസവ്യൂഹം നേടിയിരുന്നു. പ്രകൃതിയുടെ നാശവും പ്രകൃതിയിലേക്കുള്ള കടന്നുകയറ്റങ്ങളുമൊക്കെ പ്രധാന വിഷയമാക്കി മോക്യൂമെന്ററി രൂപത്തിലാണ് ചിത്രം കഥ പറയുന്നത്.

വിവിധ തരം ഉഭയജീവികളെയും പക്ഷികളെയും അവയുടെ ആവാസവ്യവസ്ഥകളെയും കുറിച്ച് പറഞ്ഞാണ് ചിത്രം ആരംഭിക്കുന്നത്. എങ്കിലും ഒരു വിജ്ഞാനപ്രദമായ ഡോക്യുമെന്ററിയുടെ ശൈലിയില്‍ നിന്നും ഒരു ത്രില്ലര്‍, സൂപ്പര്‍ ഹീറോ സ്വഭാവമുള്ള സിനിമയായി ചിത്രം മാറുകയാണ്. ജോയ് എന്ന ആര്‍ക്കുമറിയാത്ത, എവിടെയോ നിന്നു വന്ന കഥാപാത്രത്തിലൂടെയാണ് സിനിമ സഞ്ചരിക്കുന്നത്. ജോയ് പലരുടെയും ജീവിതത്തില്‍ ഒരു രക്ഷകനായും അതേസമയം ഘാതകനായും എത്തുന്നു. ഇയാളുടെ ഐഡന്റിറ്റി സിനിമയുടെ തുടക്കം മുതല്‍ ഒടുക്കം വരെ ഒരു സസ്‌പെന്‍സ് ആയി തുടരുകയാണ്.

Story Highlights; Mammootty with Aavasavyuham photo viral in social media

Next Story